പൂനെ: അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് മഹാരാഷ്‌ട്രയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്‌തു. സോളാപൂരിൽ നിന്നുള്ളയാളാണ് ജിബിഎസ് രോഗം ബാധിച്ച് മരിച്ചതെന്ന് മഹാരാഷ്‌ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. പൂനെയില്‍ ജോലി ചെയ്‌തുവരികയായിരുന്ന വ്യക്തിയാണ് മരിച്ചതെന്നും, ഇയാള്‍ സോളാപൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നുവെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
ഗില്ലൻ ബാരി സിൻഡ്രോമുമായി (ജിബിഎസ്) ബന്ധപ്പെട്ട് ആകെ 101 കേസുകൾ മഹാരാഷ്‌ട്രയിലെ പൂനെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മഹാരാഷ്‌ട്ര പൊതുജനാരോഗ്യ വകുപ്പിന്‍റെ ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.
ഈ 101 കേസുകളിൽ 81 കേസുകൾ പൂനെ മുനിസിപ്പൽ കോർപ്പറേഷനിൽ (PMC) നിന്നും 14 എണ്ണം പിംപ്രി ചിഞ്ച്‌വാഡിൽ നിന്നും 6 എണ്ണം ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്‌തത്. രോഗബാധിതരിൽ 68 പുരുഷന്മാരും 33 സ്‌ത്രീകളും ഉൾപ്പെടുന്നു, 16 രോഗികൾ നിലവിൽ വെന്‍റിലേറ്ററിലാണ്.
എന്തൊക്കെയാണ് ജിബിഎസിന്‍റെ ലക്ഷണങ്ങള്‍?
നാഡി പ്രവർത്തനത്തെയും പ്രതിരോധ ശേഷിയെയും ബാധിക്കുന്ന അപൂര്‍വ രോഗമാണ് ജിബിഎസ്. പക്ഷാഘാതത്തിനും കാരണമാവാം. വയറുവേദന, അതിസാരം, കൈകാലുകൾക്കു ബലക്ഷയം എന്നിവയാണ് ഈ രോഗത്തിന്‍റെ ആദ്യലക്ഷണം. അസാധാരണമായ ഹൃദയമിടിപ്പ്, ഉയര്‍ന്ന രക്തസമ്മർദ്ദം എന്നിവയും ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.
ജനങ്ങള്‍ മുൻകരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ്
ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മഹാരാഷ്‌ട്ര ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശുദ്ധമായ വെള്ളം കുടിക്കുക, കുടിക്കുന്നതിനുമുമ്പ് വെള്ളം തിളപ്പിക്കുക, വൃത്തിയുള്ള ഭക്ഷണം കഴിക്കുക. പാകം ചെയ്‌തതും പാകം ചെയ്യാത്തതുമായ ഭക്ഷണങ്ങൾ ഒരുമിച്ച് ഫ്രിഡ്‌ജിലോ മറ്റോ സൂക്ഷിക്കാതിരിക്കുക, അണുബാധ ഒഴിവാക്കാൻ ശ്രമിക്കുക എന്നിവയാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. രോഗലക്ഷണങ്ങൾ കണ്ടാൽ സർക്കാർ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു.
രോഗവുമായി ബന്ധപ്പെട്ട് വീടു വീടാന്തരം സര്‍വേ നടത്തുന്നുണ്ടെന്നും പൂനെയില്‍ പ്രത്യേക സംഘം നിരീക്ഷണം ഊര്‍ജിതമാക്കിയെന്നും അധികൃതര്‍ അറിയിച്ചു.