ബൊഗോട്ട : യുഎസിലെ കൊളംബിയന്‍ കുടിയേറ്റക്കാരെ നാട്ടിലെത്തിക്കാന്‍ പ്രസിഡന്‍ഷ്യല്‍ വിമാനമയക്കാന്‍ തീരുമാനിച്ച് കൊളംബിയ. കുടിയേറ്റക്കാരുമായി എത്തിയ സൈനിക വിമാനങ്ങൾക്ക് കൊളംബിയന്‍ പ്രസിഡന്‍റ് ലാൻഡിങ് അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതികാര നപടിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും തുറന്ന യുദ്ധത്തിനെത്തി. കൊളംബിയക്കെതിരെ എമർജൻസി താരിഫ് ഏർപ്പെടുത്തിയായിരുന്നു ട്രംപിന്‍റെ പ്രതികാരം. രാജ്യത്ത് നിന്നും ഇറക്കുതി ചെയ്യുന്ന എല്ലാ വസ്‌തുക്കള്‍ക്കും 25% തീരുവ ഏര്‍പ്പെടുത്തുകയായിരുന്നു.
പിന്നാലെയാണ് പ്രസിഡന്‍ഷ്യല്‍ വിമാനങ്ങള്‍ അയക്കാന്‍ കൊളംബിയ തീരുമാനിച്ചത്. അമേരിക്കയില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാരുടെ 'മാന്യമയായ തിരിച്ചുവരവി'ന് സുഗമമായ പാതയൊരുക്കുന്നതിനാണ് കൊളംബിയന്‍ പ്രസിഡന്‍റ് ഗുസ്‌താവോ പെട്രോ പ്രസിഡന്‍ഷ്യല്‍ വിമാനം സജ്ജീകരിക്കാന്‍ ഉത്തരവിട്ടതെന്ന് പ്രസിഡന്‍റിന്‍റെ ഓഫിസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
'കൊളംബിയ സർക്കാർ, പ്രസിഡന്‍റ് ഗുസ്‌താവോ പെട്രോയുടെ നിർദേശപ്രകാരം, കുടിയേറ്റക്കാരെ നാട്ടിലെത്തിക്കുന്ന വിമാനങ്ങളില്‍ ഇന്ന് രാവിലെ രാജ്യത്ത് എത്തേണ്ടിയിരുന്ന പൗരന്മാരുടെ മടങ്ങിവരവ് സുഗമമാക്കുന്നതിനായി പ്രസിഡന്‍ഷ്യല്‍ വിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. മാന്യമായ വ്യവസ്ഥകൾ ഉറപ്പുനൽകാനുള്ള സർക്കാരിന്‍റെ പ്രതിബദ്ധതയ്‌ക്ക് ഉദാഹരണമാണ് ഈ നടപടി. അവകാശങ്ങള്‍ ഉള്ളവരും രാജ്യസ്‌നേഹികളുമായിരിക്കെ ഒരുകാരണവശാലും കൊളംബിയക്കാര്‍ രാജ്യത്തുനിന്ന് പുറത്താക്കപ്പെടുകയില്ല' -പ്രസ്‌താവനയില്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മടങ്ങിയെത്തുന്ന കൊളംബിയന്‍ പൗരന്മാരെ സ്വീകരിക്കാന്‍ കൗര്‍മനിരതരായ ഒരു ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ട്. 'കൂടാതെ, ഗവൺമെന്‍റ് മൈഗ്രേഷൻ സംബന്ധിച്ച് ഒരു ഏകീകൃത കമാൻഡ് പോസ്റ്റ് (പിഎംയു) വിളിച്ചുകൂട്ടിയിട്ടുണ്ട്. അതിൽ പ്രതിരോധ മന്ത്രാലയം, പീപ്പിൾസ് ഓഫിസ്, ചാൻസലറുടെ ഓഫിസ്, റിപ്പബ്ലിക്കിന്‍റെ പ്രസിഡൻസി എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കും. പ്രോട്ടോക്കോളുകൾ സ്ഥാപിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുക എന്നതാണ് ഈ ബോഡിയുടെ ലക്ഷ്യം. തിരിച്ചെത്തുന്ന കൊളംബിയക്കാര്‍ക്കുള്ള ആതിഥേയത്തം ഉറപ്പാക്കും. നടപടിക്രമങ്ങൾ മനുഷ്യാവകാശങ്ങളെയും ഓരോ വ്യക്തിയുടെ സമഗ്രതയേയും മാനിക്കുന്നുവെന്ന് ഉറപ്പുനൽകുന്നു.' -പ്രസ്‌താവനയില്‍ പറയുന്നു.
അതേസമയം യുഎസുമായുള്ള ബന്ധം തുടരുമെന്ന് കൊളംബിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കുടിയേറ്റക്കാരുമായി എത്തിയ യുഎസ് മിലിട്ടറി വിമാനങ്ങള്‍ താഴെയിറക്കാന്‍ പ്രസിഡന്‍റ് ഗുസ്‌താവോ പെട്രോ അനുമതി നല്‍കാതിരുന്നതോടെയാണ് സംഭവം വഷളായത്. രണ്ട് യുഎസ് സൈനിക വിമാനങ്ങൾ തടയുന്നതായാണ് പെട്രോ പ്രഖ്യാപിച്ചത്.
കൊളംബിയൻ കുടിയേറ്റക്കാരെ കുറ്റവാളികളായി കണക്കാക്കാൻ യുഎസിന് കഴിയില്ലെന്നും കുടിയേറ്റക്കാരെ വഹിച്ചുള്ള യുഎസ് വിമാനങ്ങൾ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം തറപ്പിച്ചു പറയുകയായിരുന്നു. കുടിയേറ്റക്കാരെ ചികിത്സിക്കുന്നതിൽ മികച്ച പ്രോട്ടോക്കോളുകൾ വേണമെന്നും അമേരിക്കയോട് പെട്രോ ആവശ്യപ്പെട്ടു. പെട്രോവിന്‍റെ നടപടി ഉണ്ടായി മണിക്കൂറുള്‍ക്ക് ശേഷം ട്രംപ് താരിഫ് പ്രഖ്യാപിക്കുകയായിരുന്നു.