തിരുവനന്തപുരം: ലോകത്തെവിടെ പോയാലും ഒരു മലയാളിയുണ്ടാകുമെന്ന പഴഞ്ചൊല്ലിന് പുതുമയൊന്നുമില്ല. മലയാളിയുടെ കുടിയേറ്റ ചരിത്രം അത്രമാത്രം പ്രസിദ്ധമാണ്. ഇപ്പോൾ ബ്രിട്ടീഷ് പാർലമെന്‍റിലേക്കും ഒരു മലയാളി സാന്നിധ്യത്തിന് കളമൊരുങ്ങുകയാണ്. യുകെയിലെ ഹൗസ് ഓഫ് കോമൺസിലെ മലയാളി സാന്നിധ്യമാകാൻ ഒരുങ്ങുകയാണ് വർക്കല ശിവഗിരി സ്വദേശിയായ എറിക് സുകുമാരൻ.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടി പ്രതിനിധിയായി ലണ്ടനിലെ സൗത്ത് ഗേറ്റ് ആൻഡ് വുഡ് ഗ്രീൻ എന്ന മണ്ഡലത്തിൽ നിന്നാണ് 38 കാരനായ എറിക് സുകുമാരൻ ജനവിധി തേടുന്നത്. ആറ്റിങ്ങൽ അഞ്ചുതെങ്ങ് സ്വദേശിയായ ജോണി സുകുമാരൻ, വർക്കല സ്വദേശി അനിത സുകുമാരൻ എന്നിവരാണ് മാതാപിതാക്കൾ. ലോകപ്രസിദ്ധമായ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് എംബിഎ കരസ്ഥമാക്കിയ എറിക് ബാങ്കിങ് മേഖലയിലാണ് ജോലി ചെയ്യുന്നത്.
ബ്രിട്ടീഷ് സിവിൽ സർവീസ് നേടിയ എറിക് കാലങ്ങളായി വിവിധ സർക്കാർ പദ്ധതികളിലും സജീവമാണ്. മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് നാട്ടിലേക്ക് എത്തുമ്പോൾ കഴിക്കാറുള്ള നെയ്‌മീൻ പൊള്ളിച്ചതാണ് ഇഷ്‌ട ഇന്ത്യൻ വിഭവമെന്നും എറിക് ഇടിവി ഭാരതിനോട് പറഞ്ഞു.
അമേരിക്കയിലെ കോളറാഡോ സ്വദേശിയായ ലിൻഡ്സെയാണ് ഭാര്യ. ജൂലൈ നാലിന് രാവിലെ 10 മുതൽ 4 വരെയാണ് യുകെ പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ്. 650 മണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ രാത്രി 10:30ന് തുടങ്ങുന്ന വോട്ടെണ്ണലിന് ശേഷം ജൂലൈ 5ന് പുലർച്ചെ 3 നാണ് ഫലപ്രഖ്യാപനം.