ഇരവികുളം ദേശിയോദ്യാനം (Source: Etv Bharat Reporter) ഇടുക്കി : മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രങ്ങളിലൊന്നാണ് ഇരവികുളം ദേശീയോദ്യാനം. മധ്യവേനല്‍ അവധിയാരംഭിച്ചതോടെ ഉദ്യാനത്തിലെത്തുന്ന സഞ്ചാരികളുടെ തിരക്കും വര്‍ധിച്ചിട്ടുണ്ട്. മലനിരകളെ തഴുകിയെത്തുന്ന കോടമഞ്ഞും മൂന്നാറിന്‍റെ പരന്നകാഴ്‌ചകളും വരയാടിന്‍ കുഞ്ഞുങ്ങളുമൊക്കെയാണ് സഞ്ചാരികളെ ഉദ്യാനത്തിലേക്ക് ആകര്‍ഷിക്കുന്നത്.
ഇതിന് പുറമെ സഞ്ചാരികള്‍ക്കായി മറ്റ് ചില കാഴ്‌ചകളും ഉദ്യാനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഒരിക്കല്‍ വന്നാല്‍ വീണ്ടും വീണ്ടും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലാണ് പാര്‍ക്കില്‍ ഓരോ വര്‍ഷവും പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. അതുകൊണ്ടുതന്നെ വരയാടിന്‍റെ പ്രജനനകാലം കഴിഞ്ഞ് പാര്‍ക്ക് തുറന്നതോടെ നിരവധി പുതുമകളാണ് വിനോദസഞ്ചാരികള്‍ക്കായി പാര്‍ക്കില്‍ സജ്ജമാക്കിയിട്ടുള്ളത്.
മലനിരകളും ചോലവനങ്ങളും പുല്‍മേടുകളും നിറഞ്ഞ പാര്‍ക്കിന്‍റെ പലഭാഗങ്ങളും എത്തിപ്പെടാന്‍ വിനോദസഞ്ചാരികള്‍ക്ക് കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ടുതന്നെ പാര്‍ക്കിനെ മനസിലാക്കാനും മലനിരകളെ കയ്യെത്തും ദൂരത്ത് കാണുന്നതിനും ഇവിടെ വെര്‍ച്ച്വല്‍ റിയാലിറ്റിയില്‍ ആസ്വദിക്കുവാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ത്രിഡി സംവിധാനത്തില്‍ പാര്‍ക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ സഞ്ചാരികള്‍ക്ക് വ്യത്യസ്‌തമായ അനുഭവമാണ് പകര്‍ന്നുനല്‍കുന്നത്. ആദ്യകാലങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് പാര്‍ക്കിലെത്തി മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് ടിക്കറ്റ് എടുത്ത് പാര്‍ക്കില്‍ കയറേണ്ട സ്ഥിതിയാണ് ഉണ്ടായിരുന്നത്. ഇന്നാകട്ടെ അത്തരം രീതികള്‍ പാടെ മാറി വിനോദസഞ്ചാരികള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ ഓണ്‍ ലൈനായും വാട്‌സ്‌ആപ്പ് മുഖേനയും ടിക്കറ്റുകള്‍ എടുക്കുന്നതിന് സൗകര്യമുണ്ട്.
ട്രാഫിക്ക് കുരുക്ക് കുറയ്‌ക്കുന്നതിന് പ്രത്യേക പാര്‍ക്കിങ് സംവിധാനവും പ്രത്യേക കഫറ്റേരിയ, 100 പേര്‍ക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഹോട്ടല്‍ സംവിധാനം മൂന്നാറിലെ മലനിരകളില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വയിനം സസ്യങ്ങള്‍ നട്ടുവളര്‍ത്തിയ ഓര്‍ക്കിറ്റോറിയവും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
മതിവരുവോളം ഈ കാഴ്‌ചകള്‍ കണ്ടാണ് ഇവിടെത്തുന്ന സഞ്ചാരികള്‍ മടങ്ങാറ്. മധ്യവേനല്‍ അവധിയാരംഭിച്ചതോടെ ഉദ്യാനത്തിലെത്തുന്ന സഞ്ചാരികളുടെ തിരക്കും വര്‍ധിച്ചിട്ടുണ്ട്.
ALSO READ:ഇവിടെ ചൂടില്ല;കണ്ണിന് കുളിര്‍മയേകാന്‍ അയ്യായിരം പുഷ്പയിനങ്ങള്‍. പോരൂ മൂന്നാര്‍ പുഷ്പമേളയിലേക്ക്