എറണാകുളം :കരുവന്നൂരിന് പിന്നാലെ സിഎംആര്‍എല്‍ മാസപ്പടിക്കേസിലും ഇഡി നടപടികള്‍ ത്വരിതപ്പെടുത്തുന്നതായി സൂചന. ചോദ്യം ചെയ്യലിന് നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ നോട്ടിസ് കിട്ടിയതായി സിഎംആര്‍എല്‍ ജീവനക്കാര്‍ സ്ഥിരീകരിച്ചു. നാളെ കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാകാനാണ് നോട്ടിസ്.
സിഎംആര്‍എല്ലിലെ അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനാണ് നോട്ടിസ് നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനും അവര്‍ ഡയറക്‌ടറായ എക്‌സാലോജിക് കമ്പനിക്കും സിഎംആര്‍എല്‍ ഒരു കോടി എഴുപത്തി രണ്ട് ലക്ഷം രൂപ ചെയ്യാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്‍കം ടാക്‌സ് സെറ്റില്‍മെന്‍റ് ബോര്‍ഡ് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇഡിയും കേസെടുത്തത്.
ഇന്‍കം ടാക്‌സ് സെറ്റില്‍മെന്‍റ് ബോര്‍ഡ് വിധിയില്‍ നിര്‍ദേശിച്ച പിഴയടച്ച് നേരത്തേ സിഎംആര്‍എല്‍ കേസില്‍ നിന്ന് ഒഴിവായിരുന്നു. ഇതേ കേസില്‍ കേന്ദ്ര ഏജന്‍സിയായ സീരിയസ് ഫ്രോഡ് ഇന്‍വെസ്‌റ്റിഗേഷന്‍ ഓഫിസും അന്വേഷണം നടത്തുന്നുണ്ട്. സിഎംആര്‍എല്‍ കമ്പനി പ്രതിനിധി ഇഡിക്ക് മുന്നില്‍ നല്‍കുന്ന മൊഴി എക്‌സാലോജിക് കമ്പനിക്കും വീണ വിജയനും നിര്‍ണായകമായിരിക്കും. നേരത്തേ ഇന്‍കം ടാക്‌സ് സെറ്റില്‍മെന്‍റ് ബോര്‍ഡ് മുമ്പാകെ നല്‍കിയ മൊഴി ഇഡിയുടെ പക്കലുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാകും പുതിയ ചോദ്യം ചെയ്യലും മൊഴിയെടുപ്പും.
കരുവന്നൂര്‍ തട്ടിപ്പ് : ഇഡിക്കെതിരെ എംകെ കണ്ണനും എംഎം വര്‍ഗീസും :കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെതിരായ ഇഡി നീക്കം രാഷ്‌ട്രീയ പ്രേരിതമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്‍റ് എം കെ കണ്ണൻ. ജനാധിപത്യത്തിന്‍റെ മരണത്തിലേക്കുള്ള തുടക്കമാണ് ഇവിടെ നടക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസിന് ഈ കാര്യം ബോധ്യപ്പെട്ടിട്ടില്ലെന്നും എംകെ കണ്ണൻ ഏപ്രിൽ 2 ന് തൃശൂരില്‍ പറഞ്ഞു.