എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ കമ്പനി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ട്റേറ്റ് രണ്ടാം ദിവസവും തുടരുന്നു. തിങ്കളാഴ്‌ച വൈകുന്നേരം തുടങ്ങിയ ചോദ്യം ചെയ്യലാണ് തുടർച്ചയായ രണ്ടാം ദിവസവും തുടരുന്നത്. കമ്പനി സി.എഫ്.ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്‌റ്റംസ് ചുമതലയുള്ള അഞ്ജു എന്നിവരെയാണ് കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്.
ഇവരിൽ നിന്നും ലഭിക്കുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രിയുടെ മകൾ വീണയെ ഇഡി ഓഫീസിലേക്ക് വിളിച്ച് വരുത്തിചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. നേരത്തെ ഇതേ കേസിൽ എസ്.എഫ് ഐ ഒ വീണയുടെ മൊഴി രേഖപ്പെടുത്തിയ വിവരങ്ങൾ പുറത്ത് വന്നിരുന്നു.
എക്‌സാലോജിക് കമ്പനിക്കും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും ഇല്ലാത്ത സേവനത്തിന്‍റെ പേരിൽ 1.72 കോടി രൂപ സി.എം.ആർ.എൽ നൽകിയെന്നാണ് ആരോപണം. ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ വ്യഖ്യാനം. ബാങ്ക് വഴി നടത്തിയ ഇടപാട് കള്ളപ്പണം വെളുപ്പിക്കലിൻ്റെ പരിധിയിൽ വരില്ലന്നാണ് എക്‌സാ ലോജിക്ക് കമ്പനിയുടെ നിലപാട്.