കോഴിക്കോട്: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അതിരൂക്ഷ വിമർശനവുമായി പി സരിൻ. വിഡി സതീശനാണ് സംഘടന സംവിധാനം ദുര്‍ബലപ്പെടുത്തിയത്. പാര്‍ട്ടിയെ വിഡി സതീശൻ ഹൈജാക്ക് ചെയ്‌തുവെന്നും പി സരിൻ തുറന്നടിച്ചു. ഉടമ -അടിമ ബന്ധത്തിലേക്കും കീഴാള സംസ്‌കാരത്തിലേക്കും പാർട്ടിയെ കൊണ്ടു വന്നത് സതീശനാണ്. പാര്‍ട്ടിയെ ഈ നിലയിലാക്കിയത് സതീശനാണ്. താനാണ് പാർട്ടി എന്ന രീതിയിലേക്ക് കൊണ്ടു വന്നു ഉള്‍പാർട്ടി ജനാധിപത്യത്തെ തകർത്തു. ഇങ്ങനെ പോയാൽ 2026 ൽ പച്ച തൊടില്ലെന്നും സരിൻ പറഞ്ഞു.
2021 നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സതീശൻ എങ്ങനെ പ്രതിപക്ഷ നേതാവായത് എന്നത് പരിശോധിക്കണം. അതിൽ അസ്വഭാവികത ഉണ്ടായിരുന്നു. ബിജെപി അപകടം അല്ല, സിപിഎമ്മിനെ ആണ് എതിർക്കേണ്ടത് എന്ന നിലപാട് പാർട്ടിയിൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടന്നു. ബിജെപിയോട് ഒരു മൃദു സമീപനം ആണ് കാണിച്ചത്. വടകര സീറ്റിൽ സിപിഎമ്മിനെ തോൽപിക്കാൻ പാലക്കാട് നിന്നും ആളെ കൊണ്ട് പോയി. ഇതിന്‍റെ ഗുണം ബിജെപിക്കാണെന്ന് മനസിലായിട്ടും കണ്ണടച്ച് ഇരുട്ടാക്കി. നവംബര്‍ 13 -ന് മുന്നേ തെരഞ്ഞെടുപ്പ് നേരത്തെ നടത്തണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത് 13 -ന് തന്നെ തെരഞ്ഞെടുപ്പ് നടത്താൻ വേണ്ടിയിട്ടാണ്. അന്ന് തെരഞ്ഞെടുപ്പു നടന്നാൽ ഒരു കൂട്ടർക്കു ഗുണം കിട്ടുമെന്ന് മനസിലാക്കിയായിരുന്നു ഈ നീക്കം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാഹുൽ മാങ്കൂട്ടത്തിൽ നല്ല സുഹൃത്താണ്. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ വളര്‍ന്നു വരുന്ന 'കുട്ടി വിഡി സതീശ'നാണ്. ഒരാഴ്‌ച മുമ്പ് തന്നെ വിളിച്ച് ഭീഷണിയുടെ സ്വരത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ സംസാരിച്ചത്. രാഹുൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ക്വട്ടേഷൻ സംഘം പോലെയാണ് കോണ്‍ഗ്രസ് കോക്കസ് പ്രവര്‍ത്തിക്കുന്നത്. ലീഡറെ രാഹുൽ മാങ്കൂട്ടത്തിൽ അപമാനിച്ചു. അതിനുള്ള മറുപടി 13നു ജനം നൽകും. കാമറയുടെ മുമ്പിൽ വേഷം കെട്ടി ആടരുത്.ഇന്ന് നടത്തിയ നാടകത്തിന് ഇന്നലെ തന്നെ ചാണ്ടി ഉമ്മൻ മറുപടി നൽകിയിരുന്നു.