കേരളം

kerala

ETV Bharat / state

എസിക്ക് സർവീസ് നിഷേധിച്ചു ; കമ്പനി നഷ്‌ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ - DCDRC FINED AC COMPANY

എൽജി ഇലക്ട്രോണിക്‌സ്, ബിസ്‌മി ഹോം അപ്ലൈൻസ് എന്നീ സ്ഥാപനങ്ങൾക്ക് എതിരായാണ് അജിത് കുമാര്‍ എന്നയാള്‍ പരാതി നല്‍കിയിരുന്നത്.

ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ  കൺസ്യൂമർ കേർട്ട്  CONSUMER COURT NEWS  AC SERVICE ISSUE
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Oct 28, 2024, 8:48 PM IST

എറണാകുളം :എസിക്ക് സർവീസ് നിഷേധിച്ച കമ്പനി 75,000/- രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ആർ അജിത് കുമാർ നൽകിയ പരാതിയിലാണ് ഉത്തരവ്. എൽജി ഇലക്ട്രോണിക്‌സ്, ബിസ്‌മി ഹോം അപ്ലൈൻസ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് അജിത് കുമാറിന്‍റെ പരാതി.

മൂന്നു വയസുള്ള മകളുടെ രോഗാവസ്ഥ പരിഗണിച്ച് ഉഷ്‌ണകാലത്ത് എസി വാങ്ങിയ പിതാവിന് വിൽപ്പനാനന്തര സേവനം നിഷേധിച്ച കമ്പനിയും വ്യാപാര സ്ഥാപനവും എസിയുടെ വിലയായ 34,500/- രൂപ, 30,000/- രൂപ നഷ്‌ടപരിഹാരം, പതിനായിരം രൂപ കോടതി ചെലവ് ഉൾപ്പെടെ 30 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്.

നേവൽ ബേസ് ജീവനക്കാരനായ പരാതിക്കാരൻ ഒന്നര ടണ്ണിൻ്റെ ഇൻവർട്ടർ എസി 34,500/- രൂപയ്ക്ക് ഡീലറിൽ നിന്നും വാങ്ങി. മൂന്ന് വയസുകാരിയായ മകൾക്ക് ത്വക്ക് രോഗം ഉള്ളതിനാൽ തണുപ്പ് നിലനിർത്തുന്നതിനും ഉഷ്‌ണകാലത്തെ അതിജീവിക്കുന്നതിനും വേണ്ടിയാണ് എസി വാങ്ങിയത്. എന്നാല്‍ നാല് ദിവസം കഴിഞ്ഞപ്പോഴേക്കും അത് പ്രവർത്തനരഹിതമായി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എസിയുടെ ഇലക്ട്രിക് പാനൽ ബോർഡ് തകരാറിലായി. എന്നാൽ അത് വിപണിയിൽ ലഭ്യമല്ലാത്തതിനാൽ റിപ്പയർ ചെയ്യാൻ കഴിഞ്ഞില്ല. മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ മകളുടെ ആരോഗ്യാവസ്ഥ പരിഗണിച്ച് സഹോദരന്‍റെ വീട്ടിലേക്ക് താമസവും മാറ്റേണ്ടി വന്നു. പരാതിയുമായി നിരവധി തവണ എതിർകക്ഷിയെ സമീപിച്ചിട്ടും യാതൊരു തുടർന്ന് നടപടികളും ഉണ്ടായില്ല.

ഈ സാഹചര്യത്തിലാണ് എസിയുടെ വിലയും നഷ്‌ട പരിഹാരവും കോടതി ചെലവും ആവശ്യപ്പെട്ട് പരാതി സമർപ്പിച്ചത്. പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം പുതിയ എസി നൽകുന്നതിന് കമ്പനിയുടെ മുൻകൂർ അനുവാദം വേണമെന്ന് എതിർകക്ഷി ബോധിപ്പിച്ചു. അനുവാദം ലഭിച്ചപ്പോഴേക്കും പണം തിരിച്ചും നൽകണമെന്ന ആവശ്യമായി പരാതിക്കാരൻ മുന്നോട്ട് വന്നു. എസിക്ക് നിർമ്മാണപരമായ ന്യൂനതയില്ല. തകരാറിലായ ഭാഗം മാറ്റി നൽകാൻ തയ്യാറാണെന്നും എതിർകക്ഷി കോടതി മുമ്പാകെ ബോധിപ്പിച്ചു.

ഫലപ്രദമായ വില്‌പനാനന്തര സേവനം ലഭിക്കുക എന്നത് ഉപഭോക്താവിന്‍റെ അവകാശമാണ്. അത് നൽകുന്നതിൽ എതിർകക്ഷികൾ പരാജയപ്പെട്ടുവെന്ന് കമ്മീഷൻ ഉത്തരവിൽ വിലയിരുത്തി. പാനൽ ബോർഡ് വിപണിയിൽ ലഭ്യമല്ല എന്നത് ഉപകരണം റിപ്പയർ ചെയ്യാനുള്ള ഉപഭോക്താവിന്‍റെ അവകാശത്തിന്‍റെ ലംഘനം കൂടിയാണെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ , ടി. ൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

ഈ സാഹചര്യത്തിൽ എസി യുടെ വിലയായ 34,500/- രൂപയും മുപ്പതിനായിരം രൂപ നഷ്‌ടപരിഹാരവും 10,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം ഉപഭോക്താവിന് നൽകണമെന്ന് എതിർകക്ഷികൾക്ക് ഉത്തരവ് നൽകി. പരാതിക്കാർക്ക് വേണ്ടി അഡ്വ. ജിജി നിഖിൽ കോടതയിൽ ഹാജരായി.

Also Read : പൊതുവിടത്തിൽ പ്ലാസ്‌റ്റിക് മാലിന്യം കത്തിച്ചു; പിഴ വീണത് ഒരു ലക്ഷം രൂപ

ABOUT THE AUTHOR

...view details