തിരുവനന്തപുരം : തന്നെ ബിജെപി അംഗങ്ങൾ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തുവെന്നും ക്ഷണം നിരസിക്കുന്നുവെന്നും ദേവികുളം മുൻ സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ. നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ എസ് രാജേന്ദ്രൻ സസ്പെൻഷനിലാണ് (CPM Former MLA S Rajendran).
ബിജെപിയുടെ ദേശീയ സംസ്ഥാന അംഗങ്ങളാണ് തന്നെ സന്ദർശിച്ചത്. വിവരം സിപിഎം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരുന്നുവെന്നും എന്നിട്ടും ഇതുവരെ സസ്പെൻഷൻ നടപടി പിൻവലിക്കാനുള്ള തീരുമാനമാകാത്തതിൽ പ്രതിഷേധമുണ്ടെന്നും എസ് രാജേന്ദ്രൻ വെളിപ്പെടുത്തി.
15 വര്‍ഷമായി എംഎല്‍എയായിരുന്ന എസ് രാജേന്ദ്രനെ ഒഴിവാക്കി 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിൽ എ രാജയെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെ എസ് രാജേന്ദ്രനും എംഎം മണിയും തമ്മിൽ വാദപ്രതിവാദങ്ങൾ ഉയരാൻ തുടങ്ങിയിരുന്നു. പൊതുപരിപാടികളിലെ എംഎം മണിയുടെ പരാമർശങ്ങൾക്കെതിരെ രാജേന്ദ്രൻ സംസ്ഥാന കമ്മിറ്റിയെ സമീപിച്ചു.
അതേസമയം തന്നെ പുറത്തുനിർത്തുന്നതിന് പിന്നിൽ പ്രാദേശിക നേതൃത്വമാണെന്നും ബിജെപിയോടൊപ്പം മറ്റുചില രാഷ്ട്രീയ പാർട്ടികളും സ്വാഗതം ചെയ്‌തിട്ടുണ്ടെന്നും പാർട്ടി പുറത്തുനിർത്തിയാലും പൊതുപ്രവർത്തനം അവസാനിപ്പിക്കില്ലെന്നുമാണ് രാജേന്ദ്രന്‍റെ നിലപാട്.