എറണാകുളം: വീട് നിർമാണം പൂർത്തീകരിക്കാത്തതിനെ തുടർന്ന് പരാതിക്കാരിക്ക് കരാറുകാരൻ 73,000 രൂപ നഷ്‌ട പരിഹാരം നൽകാന്‍ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍റെ ഉത്തരവ്. എറണാകുളം കൂവപ്പാടം സ്വദേശി രാജേശ്വരി സമർപ്പിച്ച പരാതിയിലാണ് കരാറുകാരൻ കെന്നി ഫർണാണ്ടസിനെതിരെ ഉപഭോക്തൃ കോടതി ഉത്തരവ് നൽകിയത്.
രാജേശ്വരിയുടെ വീട് നവീകരണത്തിന് കരാർ ഏറ്റെടുത്തതിനു ശേഷം പ്രവൃത്തികള്‍ പൂർത്തിയാക്കാതിരുന്ന കരാറുകാരന്‍റെ നടപടി, സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിലയിരുത്തി.
പരാതിക്കാരിയുടെ വീടിനോടു ചേർന്ന് ഒരു മുറിയും അടുക്കള ഭാഗവും വലുതാക്കാൻ ആയാണ് കരാറുകാരനായ കെന്നി ഫർണാണ്ടസിനെ സമീപിക്കുന്നത്. ഇതിനായി 3.69 ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റ് കെന്നി ഫർണാണ്ടസ് തയ്യാറാക്കി. ഇതിൽ ഒരു ലക്ഷം രൂപ പരാതിക്കാരി നിർമാണത്തിനായി നൽകുകയും ചെയ്‌തു.
എന്നാൽ വീടിന്‍റെ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച് കരാറുകാരന്‍ കടന്നുകളഞ്ഞു എന്നാണ് പരാതി. പല പ്രാവശ്യം ഫോൺ ചെയ്‌തിട്ടും പൊലീസിൽ പരാതി നൽകിയിട്ടും നിർമാണം പൂർത്തിയാക്കാൻ ഇയാള്‍ കൂട്ടാക്കിയില്ല. തുടർന്ന് വനിതാ കമ്മീഷനിൽ പരാതി സമർപ്പിച്ചപ്പോൾ 35,000 രൂപ പലതവണകളായി തിരികെ നൽകി.