തിരുവനന്തപുരം:തലസ്ഥാന നഗരസഭയില്‍ നിന്ന് ഏറെക്കുറെ തുടച്ച് നീക്കപ്പെട്ട നിലയിലായ കോണ്‍ഗ്രസ് വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മുന്‍നിര നേതാക്കളെ ഇറക്കി തിരിച്ച് വരവിനൊരുങ്ങുന്നു. 100 അംഗ നഗരസഭയില്‍ നിലവിലെ ഒറ്റയക്ക സംഖ്യയില്‍ നിന്ന് ഭരണത്തിലേറുക എന്ന മാന്ത്രിക സംഖ്യയിലേക്കെത്താനുള്ള മുന്നൊരുക്കങ്ങള്‍ക്കാണ് പാര്‍ട്ടി തയ്യാറെടുക്കുന്നത്.
നിലവില്‍ കോണ്‍ഗ്രസിന് എട്ടും യുഡിഎഫിന് പത്തും അംഗങ്ങളാണുള്ളത്. ഇതിനായി തിരുവനന്തപുരം നഗരസഭ പ്രദേശത്തെ സ്ഥിര താമസക്കാരയ മൂന്ന് മുന്‍ എംഎല്‍എമാരെ മത്സര രംഗത്തിറക്കാനാണ് നീക്കം. മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍, മുന്‍ എംഎല്‍എമാരായ കെഎസ് ശബരീനാഥന്‍, എംഎ വാഹിദ് എന്നിവരോട് മത്സരരംഗത്തിറങ്ങാനും നഗരസഭ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നാനും എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നിര്‍ദ്ദേശം നല്‍കി.
2026 ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ നാല് നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നും എല്‍ഡിഎഫില്‍ നിന്നു തിരിച്ച് പിടിക്കണമെങ്കില്‍, കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്‌ച വച്ചേ മതിയാകൂ എന്നത് കൂടി കണക്കിലെടുത്താണ്, മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്‌തമായി അതീവ ഗൗരവമായി തന്നെ കോണ്‍ഗ്രസ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ സമീപിക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കെപിസിസി നേരത്തെ ചുമതലയേല്‍പ്പിച്ച എഐസിസി സെക്രട്ടറിയും കുണ്ടറ എംഎല്‍എയുമായ പിസി വിഷ്‌ണുനാഥ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി അദ്ദേഹം തിരുവനന്തപുരം നഗരസഭാ പരിധിയിലെ സംഘടനാ ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം നഗരസഭാ പരിധിയില്‍പ്പെട്ട കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ സംഘടനാ നില ഏറെക്കൂറെ തൃപ്‌തികരമാണെങ്കിലും നേമം, വട്ടിയൂര്‍കാവ്, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ ഭൂരിഭാഗവും നിര്‍ജീവമാണെന്ന റിപ്പോര്‍ട്ടാണ് വിഷ്‌ണുനാഥ് നേതൃത്വത്തിനു നല്‍കിയത്.
ദുര്‍ബ്ബലമായ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ പൂര്‍ണമായും നീക്കം ചെയ്‌ത് അടിയന്തിരമായി ഇവിടങ്ങളില്‍ പുനസംഘടന നടത്തണമെന്നാണ് വിഷ്‌ണുവിന്‍റെ റിപ്പോര്‍ട്ട്. മാത്രമല്ല, ഈ പ്രദേശങ്ങളില്‍ നേതാക്കള്‍ തമ്മില്‍ നിലനില്‍ക്കുന്ന രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളും പടലപ്പിണക്കങ്ങളും തീര്‍ക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന് കാലതാമസം പാടില്ലെന്നാണ് വിഷ്‌ണുനാഥിന്‍റെ നിലപാട്.
ശിവകുമാര്‍, കെഎസ് ശബരീനാഥന്‍, എംഎ വാഹിദ് എന്നിവര്‍ ഇപ്പോഴും ഇക്കാര്യം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് സൂചന. മൂന്നുപേര്‍ക്കും കോര്‍പ്പറേഷനില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നും നിയമസഭയിലേക്ക് മത്സരിക്കാനാണ് താത്പര്യമെന്നും നേതൃത്വത്തെ അറിയിച്ചു.
എന്നാല്‍ ഇപ്പോള്‍ കോര്‍പ്പറേഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വിജയസാധ്യത കണക്കിലെടുത്ത് നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും കെസി വേണുഗോപാല്‍ മൂവരെയും അറിയിച്ചു. ഇതിനുപുറമേ കെപിസിസി ഭാരവാഹികള്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍, മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരെയും മത്സരിപ്പിക്കുന്നത് സജീവ പരിഗണനയിലാണ്.