തിരുവനന്തപുരം:കേരളത്തെ മിനി പാക്കിസ്ഥാന്‍ എന്ന് വിളിച്ച മഹാരാഷ്‌ട്രയിലെ ബിജെപി മന്ത്രി നിതീഷ് റാണെയെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വോട്ട് ചെയ്‌തത് കേരളത്തിലെ ഭീകരര്‍ ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഈ പ്രസ്‌താവനയിലൂടെ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയതെന്ന് ചൂണ്ടിക്കാണിച്ചാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ റാണെയുടെ രാജി ആവശ്യപ്പെട്ടത്.
റാണെയുടെ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു. വയനാട്ടിലെ ജനങ്ങളെ തീവ്രവാദികളായി മുദ്രകുത്തുന്ന പരാമർശങ്ങൾ നിയമപരമായും രാഷ്ട്രീയമായും ചോദ്യം ചെയ്യപ്പെടുമെന്നും ആലപ്പുഴ എംപി വ്യക്തമാക്കി. നിതീഷ് റാണെ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പെട്ടു.
വർഗീയ ശക്തികളുടെ പിന്തുണയോടെയാണ് വയനാട്ടിൽ രണ്ട് തവണയും രാഹുൽ ഗാന്ധി വിജയിച്ചതെന്നും പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ റാലികളിൽ തീവ്ര വാദികളുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നുമുള്ള മുതിർന്ന സിപിഐഎം നേതാവ് എ വിജയരാഘവന്‍റെ പ്രസ്‌താവനയാണ് ദേശീയ തലത്തിൽ ബിജെപി ഏറ്റെടുത്തതെന്നും സതീശന്‍ ചൂണ്ടിക്കാണിച്ചു. വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ വിജയത്തെ കുറിച്ച് സിപിഎം നേതാവ് എ വിജയരാഘവൻ നടത്തിയ പ്രസ്‌താവന കോൺഗ്രസിനെ ആക്രമിക്കാൻ ബിജെപിക്ക് വെടിമരുന്ന് നൽകുകയായിരുന്നു. വിജയരാഘവനെ തിരുത്തുന്നതിന് പകരം സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ അദ്ദേഹത്തെ പിന്തുണച്ചതിന്‍റെ പിന്നിലെ കാരണം ഇപ്പോള്‍ കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായി എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിൻ്റെ മതേതര പാരമ്പര്യത്തെ കളങ്കപ്പെടുത്താൻ ബിജെപിയും സിപിഐഎമ്മും ഒരുമിച്ച് ശ്രമിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി ആരോപിച്ചു. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വിജയരാഘവൻ്റെ പ്രസ്‌താവനയെ അടിസ്ഥാനമാക്കിയുളള ബിജെപി നേതാവിന്‍റെ വിദ്വേഷ പ്രസംഗം ഈ ഗൂഢാലോചനയുടെ തെളിവാണെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.