എറണാകുളം: ആഭ്യന്തര വ്യോമയാന രംഗത്തുണ്ടായ വലിയ തിരക്ക് പരിഗണിച്ച് വേനൽക്കാല സമയപ്പട്ടികയിൽ സിയാൽ (കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്) മാറ്റം വരുത്തി. നേരത്തേ പ്രഖ്യാപിച്ചിരുന്ന സർവീസുകൾക്ക് പുറമേ, കൂടുതൽ പട്ടണങ്ങളിലേയ്ക്ക് കൊച്ചിയിൽ നിന്ന് വിമാന സർവീസ് ഏർപ്പെടുത്തി. മാർച്ച് 31 ന് പ്രാബല്യത്തിൽ വന്ന വേനൽക്കാല സമയക്രമത്തിൽ പ്രതിവാരം 1628 സർവീസുകളാണുണ്ടായിരുന്നത്.
പുതുക്കിയ സമയപ്പട്ടിക പ്രകാരം അറുപതോളം സർവീസുകൾ വർധിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ മെയ് ആദ്യവാരത്തോടെയാണ് പ്രവർത്തനം തുടങ്ങിയത്. എയർ ഇന്ത്യ എക്‌സ്പ്രസ് പ്രതിവാരം 6 സർവീസുകൾ കൊൽക്കത്തയിലേയ്ക്ക് നടത്തുന്നു. റാഞ്ചി, ചണ്ഡിഗഡ്, വാരാണസി, റായ്‌പൂർ, ലഖ്‌നൗ എന്നിവിടങ്ങളിലേയ്ക്കുള്ള ഇൻഡിഗോ സർവീസുകൾക്കും തുടക്കമായി.
പുനെയിലേയ്ക്ക് എയർ ഇന്ത്യ എക്‌സ്പ്രസും, റാഞ്ചി, ബാഗ്‌ദോഗ്ര എന്നിവിടങ്ങളിലേയ്ക്ക് എയർ ഏഷ്യയും പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലേയ്ക്കുള്ള സർവീസുകളും സിയാൽ വിർധിപ്പിച്ചു. ബാംഗ്ലൂരുവിലേക്ക് മാത്രം പ്രതിദിനം 20 സർവീസുകളുണ്ട്. ഡൽഹിയിലേയ്ക്ക് 13 ഉം മുംബൈയിലേയ്ക്ക് 10 ഉം സർവീസുകൾ പ്രവർത്തിക്കുന്നു.
ലക്ഷദ്വീപിലേയ്ക്ക് മെയ് ഒന്നിന് ഇൻഡിഗോ പ്രതിദിന സർവീസുകൾ ആരംഭിച്ചു. കോഴിക്കോട്-കൊച്ചി-അഗത്തി-കൊച്ചി മേഖലയിൽ നടത്തുന്ന ഈ സർവീസിന് മികച്ച പ്രതികരണമാണ്. നിലവിൽ ആഴ്‌ചയിൽ 10 സർവീസുകൾ അലയൻസ് എയർ അഗത്തിയിലേയ്ക്ക് നടത്തുന്നുണ്ട്. ചെന്നൈ, ഗോവ, ഹൈദരാബാദ്, കണ്ണൂർ, തിരുവനന്തപുരം, സേലം, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേയ്ക്കും കൊച്ചി വിമാനത്താവളത്തിൽ നിന്ന് സർവീസുകളുണ്ട്.