കേരളം

kerala

ETV Bharat / state

യുജിസി കരട് ഭേദഗതി ചട്ടം രാഷ്ട്രീയ നിയമനത്തിന് കൂടുതൽ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി ; പ്രതിപക്ഷ സംസ്ഥാനങ്ങളുടെ പ്രതിഷേധ കൂട്ടായ്‌മയ്‌ക്ക് തുടക്കം - UGC DRAFT AMENDMENT RULES

യുജിസി കരട് ഭേദഗതിക്കെതിരെ പ്രതിപക്ഷ സംസ്ഥാന കൂട്ടായ്‌മയുമായി കേരളം.

UGC DRAFT REGULATION PROTEST  NATIONAL EDUCATION CONVENTION  PROTEST AGAINST UGC REGULATION  യുജിസി കരട് ഭേദഗതി ചട്ടം
Chief Minister Pinarayi Vijayan (ETV Bharat)

By ETV Bharat Kerala Team

Published : Feb 20, 2025, 4:35 PM IST

തിരുവനന്തപുരം:യുജിസി കരട് ഭേദഗതി ചട്ടം രാഷ്ട്രീയ നിയമനത്തിന് കൂടുതൽ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്‍റേത് ഫെഡറൽ മൂല്യങ്ങളെ ആട്ടിമറിക്കുന്ന നീക്കമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. യുജിസി കരട് ഭേദഗതി ചട്ടത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രതിഷേധ കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ എന്ന പേരിൽ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലായിരുന്നു കൂട്ടായ്‌മ സംഘടിപ്പിച്ചത്.

"സംസ്ഥാന നിയമസഭാ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർവകലാശാലകൾ പ്രവർത്തിക്കുന്നത്. പുതിയ മാനദണ്ഡങ്ങളുടെ പരിഷ്‌കരണം സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ പരിഗണിക്കാതെയാണ്. ഭരണഘടനാപരമായി സംസ്ഥാന ഫെഡറൽ സംവിധാനത്തിനെതിരെയുള്ള കടന്നുകയറ്റമാണിത്. കരട് യു ജി സി ചട്ട ഭേദഗതി വൈസ് ചാൻസലർമാരുടെ സ്ഥാനത്തേക്ക് ഗവർണർമാരുടെ രാഷ്ട്രീയ നിയമനത്തിന് വഴിവെയ്ക്കും," മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു (ETV Bharat)

കേരളത്തിൽ തന്നെ അതിന്‍റെ അനുഭവമുണ്ട്. സംസ്ഥാനത്തിന്‍റെ അനുമതി കാത്തു നിൽക്കാതെ പ്രസിഡന്‍റിന്‍റെ അനുമതിക്കായി വൈസ് ചാന്‍സലർമാരുടെ പട്ടിക അയക്കുന്ന സാഹചര്യമുണ്ടായി. ഡ്രാഫ്റ്റ് റെഗുലേഷൻസിൽ കമ്മ്യൂണിറ്റി സർവീസും നിർബന്ധമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ സാമ്പത്തിക വിഭവങ്ങളും കേന്ദ്രം വിഴുങ്ങുകയാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

'രാജ്യത്തിന്‍റെ 65% സമ്പത്ത് സമാഹാരണത്തിലും സംസ്ഥാനങ്ങൾ പങ്കു വഹിക്കണമെന്നാണ് റിസർവ് ബാങ്ക് നിർദേശം. ഗവർണർമാർ തീ കൊണ്ട് കളിക്കുന്നുവെന്ന് സുപ്രീംകോടതി തന്നെ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. പാവകളെ പോലെയാണ് ഗവർണറുടെ പെരുമാറ്റം. ചാൻസലർ പദവി ദുരുപയോഗം ചെയ്‌ത് ഗവർണർമാർ സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടൽ നടത്തുന്നു. സംസ്ഥാനത്തിന്‍റെ വിഭവങ്ങൾ ഉപയോഗിക്കുന്നതിനോടൊപ്ലം സംസ്ഥാന സർക്കാരുകളെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നും മാറ്റി നിർത്താനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് വ്യക്തമാണെന്നും,' മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തിന്‌ പുറമേ തെലങ്കാന, തമിഴ്‌നാട്, കർണാടക, പഞ്ചാബ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളും പങ്കെടുത്തു. സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചെത്തിയ മന്ത്രിമാരും ഉദ്യോഗസ്ഥരും സംസ്ഥാനങ്ങളുടെയും സര്‍വകലാശാലകളുടെയും സ്വയംഭരണാവകാശത്തിന്മേലുള്ള കടന്നുകയറ്റത്തിനെതിരെ വിമര്‍ശനം അക്കമിട്ടു നിരത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തെലങ്കാന ഡെപ്യൂട്ടി മുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ക മല്ലു, കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എം സി സുധാകര്‍ എന്നിവർ പുതിയ യു ജി സി കരട് ഭേദഗതി സംസ്ഥാനങ്ങളുടെ ഫെഡറൽ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് വിമർശിച്ചു. അക്കാദമിക്ക് പിൻബലമില്ലാത്തവരെ വൈസ് ചാൻസലർ സ്ഥലത്തേക്ക് പരിഗണിക്കുകയും പുതിയ ഭേദഗതിക്ക് വഴങ്ങാതിരുന്നാൽ ഡിഗ്രി സർട്ടിഫിക്കേഷനിൽ നിന്നു പോലും ഡീ ബാർ ചെയ്യുന്ന രീതിയാണ് യുജിസി സ്വീകരിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു.

യുജിസി കരട് ചട്ടത്തിന്‍റെ ഭേദഗതിക്കായി കേന്ദ്രം സംസ്ഥാനത്തോട് അഭിപ്രായം ചോദിച്ചപ്പോൾ പ്രഭാത് പട്‌നായ്ക്കിന്‍റെ നേതൃത്വത്തിൽ സംസ്ഥാനം പഠന കമ്മീഷനെ നിയോഗിച്ചു. ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ മുഖവിലയ്ക്കെടുക്കാതെയാണ് ഇപ്പോഴത്തെ യുജിസി ചട്ട ഭേദഗതിയെന്ന് കമ്മീഷൻ റിപ്പോർട്ട് നൽകുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന് മറുപടി നൽകുകയും ചെയ്‌തുവെങ്കിലും സംസ്ഥാനത്തിന്‍റെ അഭിപ്രായം മുഖവിലയ്ക്കെടുക്കാതെയാണ് കരട് ചട്ടത്തിന് രൂപം നൽകിയതെന്നും ആർ ബിന്ദു പറഞ്ഞു.

റിമോട്ട് കണ്ട്രോൾ വഴി വിദ്യാഭ്യാസത്തെ നിയന്ത്രിക്കാനാവില്ലെന്ന് മല്ലു ഭട്ടി വിക്രമാർക്ക

ഡൽഹിയിൽ നിന്നും റിമോട്ട് കണ്ട്രോൾ വഴി ഉന്നത വിദ്യാഭ്യാസത്തെ നിയന്ത്രിക്കാനാവില്ലെന്ന് തെലങ്കാന ഡെപ്യൂട്ടി മുഖ്യമന്ത്രി ഭട്ടി വിക്രമാർക മല്ലു കൺവെൻഷനിൽ പറഞ്ഞു. സർവകലാശാലയുടെ നടത്തിപ്പിന് സംസ്ഥാനങ്ങളുടെ പണം വേണം. പക്ഷെ സർവകലാശാലകളുടെ നടത്തിപ്പിൽ നിന്നും സംസ്ഥാനത്തെ പൂർണമായും ഒഴിവാക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പോലെ ഹൈദരാബാദിലും ദേശീയ വിദ്യാഭ്യാസ കൺവെൻഷൻ നടപ്പിലാക്കുമെന്നും ഭട്ടി വിക്രമാർക മല്ലു പറഞ്ഞു.

Also Read:'എലപ്പുള്ളിയിലെ മദ്യ നിർമ്മാണ പ്ലാന്‍റ് പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണം'; സിഎസ്ഐ സഭ - CSI SABHA AGAINST BREWERY PLANT

ABOUT THE AUTHOR

...view details