കേരളം

kerala

ETV Bharat / state

'അൻവറിന്‍റെ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നു, പൊലീസിന് നിര്‍ഭയത്തോട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കും':മുഖ്യമന്ത്രി - CM Pinarayi Vijayan ON PV Anvar - CM PINARAYI VIJAYAN ON PV ANVAR

പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പിവി അൻവർ പരാതി നൽകുന്നതിന് മുമ്പ് മാധ്യമങ്ങളെ കാണുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

CM CRITICIZES PV ANVAR MLA  PV ANVAR MLA ALLEGATIONS  പിണറായി വിജയൻ പിവി അൻവർ  CM AGAINST PV ANVAR
CM Pinarayi Vijayan (ETV Bharat)

By ETV Bharat Kerala Team

Published : Sep 21, 2024, 4:10 PM IST

തിരുവനന്തപുരം:എഡിജിപി എംആർ അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണഗതിയില്‍ ഒരു പരാതി ലഭിച്ചാല്‍ അത് പരിശോധിച്ച് നടപടിയെടുക്കുകയെന്നതാണ് എപ്പോഴും സ്വീകരിക്കുന്ന നിലപാട്. ഇവിടെ അന്‍വര്‍ പരാതി നല്‍കി. അതിന് മുമ്പ് അദ്ദേഹം പരസ്യമായി ചാനലുകളില്‍ ദിവസങ്ങളോളം അതേപ്പറ്റി പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം ഉയര്‍ത്തിയ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പിവി അൻവറിന്‍റെ പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. അതിന്‍റെ ഭാഗമായി ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഒരു മുന്‍വിധിയോടെയും ഇക്കാര്യത്തെ സമീപിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം അന്വേഷണവിധേയമായി നേരത്തെ എസ്‌പിയെ സസ്പെന്‍ഡ് ചെയ്‌തിരുന്നതായും അദ്ദേഹം പറഞ്ഞു. സാധാരണ രീതിയില്‍ ഒരു ഉദ്യോഗസ്ഥന്‍ സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ സംസാരിച്ച കാര്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിന്‍റെ ഭാഗമായാണ് അദ്ദേഹത്തിനെതിരെ നടപടി ഉണ്ടായിട്ടുള്ളത്. ബാക്കി കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആരോപണ വിധേയര്‍ ആര് എന്നതിലല്ല, ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ എന്ത്, അതിനുള്ള തെളിവുകള്‍ എന്തൊക്കെ എന്ന് അന്വേഷിച്ച് കണ്ടെത്തുകയാണ് പ്രധാനപ്പെട്ട കാര്യം. ഉന്നയിക്കപ്പെട്ട ഒരു ആരോപണം പൊലീസ് കള്ളക്കടത്ത് സ്വര്‍ണം പിടിക്കുന്നതുമായി ബന്ധപ്പെട്ടാണല്ലോ. അത് സംബന്ധിച്ച് അന്വേഷണം നടക്കുന്നത് കൊണ്ട്, അതിലേക്ക് ഇപ്പോള്‍ ഞാന്‍ കടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഒരു കാര്യം വ്യക്തമാക്കാനുള്ളത്, സംസ്ഥാനത്ത് പൊലീസിന് നിര്‍ഭയമായും നീതിപൂര്‍വ്വമായും പ്രവര്‍ത്തിക്കാനും നിയമവിരുദ്ധ പ്രവൃത്തികള്‍ തടയാനുമുള്ള സാഹചര്യം ഉറപ്പാക്കും എന്നതാണ്. പൊലീസിന്‍റെ ഭാഗത്ത് നിന്ന് തെറ്റായ കാര്യങ്ങള്‍ ഉണ്ടാകില്ല എന്നുറപ്പാക്കാനും തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാനും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അതേസമയം പൊലീസ് സേനയുടെ മനോവീര്യം തകര്‍ക്കാനുള്ള ബോധപൂര്‍വ്വ നീക്കത്തോട് ഒരു തരത്തിലും യോജിക്കാനും കഴിയില്ല.

സംസ്ഥാനത്ത് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയാനുള്ള സേനയാണ് പൊലീസ്. ആ പൊലീസ് അതിന്‍റെ ജോലി ചെയ്യുന്നതിന്‍റെ ഭാഗമായാണ് സ്വര്‍ണക്കടത്ത് അടക്കം പിടികൂടുന്നതും കടത്തുകാരെ നിയമത്തിന് മുന്നില്‍ എത്തിക്കുന്നതും.

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പിടികൂടിയ കള്ളക്കടത്ത് സ്വര്‍ണത്തിന്‍റെയും ഹവാല പണത്തിന്‍റെയും കണക്കുകള്‍ ഇവിടെയുണ്ട്. 2022ല്‍ 98 കേസുകളിലായി 79.9 കിലോഗ്രാം സ്വര്‍ണവും 23ല്‍ 61 കേസുകളില്‍ 48.7 കിലോഗ്രാം സ്വര്‍ണവും ഈ വര്‍ഷം 26 കേസുകളിലായി 18.1 കിലോ സ്വര്‍ണവുമാണ് പിടികൂടിയത്.

മൂന്ന് വര്‍ഷത്തില്‍ ആകെ 147.79 കിലോ സ്വര്‍ണം പിടികൂടി. അതില്‍ മലപ്പുറം ജില്ലയില്‍ മാത്രം പിടിച്ചത് 124.47 കിലോ സ്വര്‍ണമാണ്. 2020 മുതല്‍ സംസ്ഥാനത്താകെ 122.5 കോടി രൂപയുടെ ഹവാലപ്പണമാണ് പൊലീസ് പിടിച്ചെടുത്തത്. അതില്‍ 87.22 കോടി മലപ്പുറത്ത് നിന്നാണ്. കരിപ്പൂര്‍ വിമാനത്താവളം വഴി വലിയ തോതില്‍ സ്വര്‍ണവും ഹവാലപ്പണവും വരുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് കര്‍ക്കശമായി തടയുന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വര്‍ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യം തന്നെയാണ്. അത് ഒരു വിധത്തിലും അനുവദിക്കില്ല. പരിശോധനകള്‍ കര്‍ശനമാക്കാനും കള്ളക്കടത്തുകാരെ കര്‍ക്കശമായി കൈകാര്യം ചെയ്യാനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സ്വർണം കടത്താനുപയോഗിക്കുന്ന വസ്‌തുക്കളിൽ നിന്നും വേർതിരിക്കുമ്പോൾ തൂക്കം കുറയും: 2023ല്‍ പിടികൂടി രജിസ്‌റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ടാണ് ഈ ആരോപണം ഉണ്ടായിട്ടുള്ളത്. പിടികൂടിയത് 1200 ഗ്രാം സ്വര്‍ണമാണെങ്കിലും കോടതിയില്‍ എത്തിയത് 950 ഗ്രാമില്‍ താഴെ മാത്രമെന്നാണ് ആരോപണം.

1000 ഗ്രാമിനും 1500 ഗ്രാമിനുമിടയില്‍ വരുന്ന സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് 2023ല്‍ 17, 2022 വര്‍ഷത്തില്‍ 27, 2024ല്‍ 6 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. സ്വര്‍ണം പിടികൂടിയാല്‍ നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ചാണ് ബന്ധപ്പെട്ടവരുടെ സാന്നിധ്യത്തില്‍ തൂക്കുന്നതും വേര്‍തിരിച്ചെടുക്കുന്നതും.

ഈ റിപ്പോര്‍ട്ട് പ്രകാരം 2022, 2023, 2024 വര്‍ഷങ്ങളില്‍ 1000 ഗ്രാമിനും 1500 ഗ്രാമിനുമിടയില്‍ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് പിടികൂടിയവരുടേയും പിടികൂടിയ സ്വര്‍ണത്തിന്‍റെയും വേര്‍തിരിച്ചെടുക്കുമ്പോള്‍ ലഭിച്ച സ്വര്‍ണത്തിന്‍റെയും കണക്കും വേര്‍തിരിച്ചെടുക്കുമ്പോള്‍ വന്ന വ്യത്യാസവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചില ആളുകള്‍ സ്വര്‍ണം കടത്തുന്നത് ധരിച്ചിരിക്കുന്ന വസ്ത്രത്തിലും അടിവസ്ത്രത്തിലുമൊക്കെയാണ്. വസ്ത്രം അടക്കമുള്ള തൂക്കമാണ് പിടിക്കുന്ന അവസരത്തില്‍ കാണിക്കുക. വസ്ത്രം കത്തിച്ച് വേര്‍തിരിച്ചെടുക്കുന്ന സ്വര്‍ണത്തിന്‍റെ തൂക്കമാണ് രണ്ടാമത് കാണിക്കുന്നത്. ഇതാണ് രണ്ടളവുകളും തമ്മില്‍ വ്യത്യാസം വരുന്നതിന് കാരണം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2022 ഓഗസ്‌റ്റ് 8ന് പിടിച്ചെടുത്ത സ്വര്‍ണം പാന്‍റിലും അടിവസ്ത്രത്തിലും ലെയറായി തേച്ച് പിടിപ്പിച്ച രീതിയിലാണ് ഉണ്ടായിരുന്നത്. വസ്ത്രങ്ങള്‍ ഉള്‍പ്പെടെ തൂക്കിയപ്പോള്‍ 1519 ഗ്രാം എന്നാണ് കാണിച്ചത്. വസ്ത്രങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്തപ്പോള്‍ അത് 978.85 ഗ്രാമായി കുറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പൗഡര്‍ രൂപത്തിലുള്ള സ്വര്‍ണം വാങ്ങി ചില വസ്‌തുക്കള്‍ ചേര്‍ത്ത് മിശ്രിതമാക്കിയതിന് ശേഷം ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനകത്ത് വച്ചും കൊണ്ടുവരാറുണ്ട്. പൗഡര്‍ രൂപത്തിലുള്ള സ്വര്‍ണം മെറ്റല്‍ ഡിറ്റക്‌ടര്‍ പരിശോധനയില്‍ കണ്ടെത്താതെ ഇരിക്കുന്നതിന് വേണ്ടിയാണ് ഇപ്രകാരം കടത്തുന്നത്.

ഇത്തരത്തില്‍ ക്യാപ്സ്യൂള്‍ മിശ്രിതം വേര്‍തിരിക്കുമ്പോള്‍ സ്വര്‍ണത്തിന്‍റെ യഥാര്‍ഥ തൂക്കം ക്യാപ്സ്യൂളിന്‍റെ തൂക്കത്തെക്കാള്‍ കുറവായിരിക്കും എന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ റിപ്പോര്‍ട്ട് കൊണ്ട് എല്ലാം അവസാനിപ്പിക്കുകയല്ലെന്നും ഉയര്‍ന്നുവന്ന ഓരോ കാര്യങ്ങളെ കുറിച്ചും കുറ്റമറ്റ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും അപാകത കണ്ടെത്തിയാല്‍ അതിന് ഉത്തരവാദിയായവര്‍ക്കെതിരെ പരമാവധി ശിക്ഷയുമുണ്ടാകും. കുറ്റവാളികളെ മഹത്വവത്‌കരിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സ്വര്‍ണവും ഹവാല പണവും കടത്തുന്നവരെ ശക്തമായി നേരിടുക എന്നത് നാടിനോടുള്ള കടമയാണ്. അതില്‍ നിന്ന് പിന്മാറാന്‍ പൊലീസ് ഉദ്ദേശിക്കുന്നില്ല. സ്വര്‍ണക്കടത്ത് അവസാനിപ്പിക്കാനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കും. ആരോപണം വന്നാല്‍ ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും ഉന്നതമായ ടീമാണ് പരിശോധിക്കുന്നത്. ഇനി കേരളത്തില്‍ സ്വര്‍ണക്കടത്ത് പിടിക്കേണ്ട, ഇഷ്‌ടം പോലെ പോയ്‌ക്കോട്ടെ, പൊലീസ് തിരിഞ്ഞ് നോക്കേണ്ടതില്ലെന്ന സമീപനം സ്വീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read:അന്‍വറിനെ തള്ളി, പി ശശിയ്‌ക്കും എഡിജിപിയ്‌ക്കും ഒപ്പം മുഖ്യമന്ത്രി

ABOUT THE AUTHOR

...view details