കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളില്‍ അഞ്ചിലും ചേലക്കരയില്‍ നിന്ന് നിയമസഭയിലെത്തിയ കെ രാധാകൃഷ്‌ണന്‍ ലോക്‌സഭാംഗമായതോടെ അനിവാര്യമായ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. 'കെ രാധാകൃഷ്ണന്‍ ഇഫക്റ്റ് ' ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ ദൃശ്യമാകുമോ?. അതോ സിപിഎമ്മിന്‍റെ അജയ്യത പഴങ്കഥയാകുമോ?. ഉപതെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ ചേലക്കരയിലെ സാധ്യതകള്‍ എങ്ങനെയാണ്?
കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും സിപിഎം സ്ഥാനാര്‍ഥികളെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് ചേലക്കര. അതില്‍ അഞ്ച് തവണയും ചേലക്കരയുടെ എംഎല്‍എ കെ രാധാകൃഷ്ണനായിരുന്നു. കോണ്‍ഗ്രസിനേയും മോഹിപ്പിക്കുന്നുണ്ട് ചേലക്കര.
കോണ്‍ഗ്രസ് നേതാക്കളായ എം എ കുട്ടപ്പനും എം പി താമിയും കെ കെ ബാലകൃഷ്ണനുമൊക്കെ മുമ്പ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചു കയറിയ മണ്ഡലം. പക്ഷേ കെ രാധാകൃഷ്ണന്‍ എത്തിയതോടെ കോണ്‍ഗ്രസ് പ്രതീക്ഷകളാകെ തകരുകയായിരുന്നു.
1996ല്‍ കോണ്‍ഗ്രസില്‍ നിന്ന് സംവരണ മണ്ഡലമായ ചേലക്കര സിപിഎമ്മിന് വേണ്ടി പിടിച്ചെടുത്തത് രാധാകൃഷ്‌ണനായിരുന്നു. അന്ന് 2323 വോട്ടിനായിരുന്നു ജയം. 2001 ല്‍ 1475 വോട്ടിന് ജയം ആവര്‍ത്തിച്ചു.
2006 ല്‍ 14629 വോട്ടിന്‍റെ വമ്പന്‍ ഭൂരിപക്ഷം നേടി. 2011 ല്‍ അത് 24676 വോട്ട് ഭൂരിപക്ഷമാക്കി ഉയര്‍ത്തി. 2016 ല്‍ കെ രാധാകൃഷ്ണന്‍ മല്‍സരത്തിനുണ്ടായിരുന്നില്ല. സിപിഎം സ്ഥാനാര്‍ഥിയായി വന്ന യു ആര്‍ പ്രദീപ് 10200 വോട്ട് ഭൂരിപക്ഷത്തിനാണ് നിയമസഭയിലേക്ക് പോയത്. 2021 ല്‍ വീണ്ടും കെ രാധാകൃഷ്ണന്‍ എത്തിയപ്പോള്‍ ഭൂരിപക്ഷം വീണ്ടും ഉയര്‍ന്ന് 39400 ലെത്തി.
ഭൂരിപക്ഷക്കണക്ക് നോക്കിയാല്‍ 2006 മുതല്‍ കെ രാധാകൃഷ്ണന്‍ മല്‍സരിച്ചപ്പോഴൊക്കെ ചേലക്കരയില്‍ ഇടതു മുന്നണിക്ക് നേടാനായ വന്‍ ലീഡ് മണ്ഡലത്തിലെ കെ രാധാകൃഷ്ണന്‍ ഇഫക്റ്റിന്‍റെ സൂചനയാണെന്ന് പറയേണ്ടി വരും.
വോട്ട് കണക്ക് നോക്കിയാല്‍ 132942 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ട 2011 ല്‍ സിപിഎമ്മിന് നേടാനായത് 73683 വോട്ടായിരുന്നു, 2016 ല്‍ 151225 വോട്ടര്‍മാര്‍ ബൂത്തിലെത്തിയപ്പോള്‍ സിപിഎം നേടിയത് 67771 വോട്ടായിരുന്നു. 2021 ല്‍ 153315 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ സി പിഎം നേടിയത് 83415 വോട്ടുകള്‍.
വെറും 2110 വോട്ടര്‍മാര്‍ കൂടിയപ്പോള്‍ സി പിഎം നേടിയത് 15644 അധിക വോട്ടുകളാണ്. ഇതിനൊരു മറു വശം കൂടിയുണ്ട്. കെ രാധാകൃഷ്ണന്‍ മല്‍സരത്തിനില്ലാതിരുന്ന 2016 ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ പാര്‍ട്ടിക്ക് വോട്ടുകള്‍ കുറഞ്ഞിരുന്നു. 5912 വോട്ടുകളാണ് അന്ന് കുറവ് വന്നത്. 18283 വോട്ടുകള്‍ കൂടിയപ്പോഴാണ് ഇടതുമുന്നണിക്ക് ചേലക്കരയില്‍ തൊട്ടു മുന്‍ വര്‍ഷം നേടിയതിലും ആറായിരത്തോളം വോട്ടുകള്‍ കുറഞ്ഞത്. ചേലക്കരയില്‍ കെ രാധാകൃഷ്ണനുള്ള വ്യക്തിഗത സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ കണക്ക്.
കോണ്‍ഗ്രസിന് ചേലക്കര ബാലികേറാമലയൊന്നുമല്ലെങ്കിലും കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ അവരുടെ പ്രകടനം ആശാവഹമായിരുന്നില്ല. കോണ്‍ഗ്രസിന് 2011ല്‍ 49007 വോട്ടും 2016 ല്‍ 57571 വോട്ടും 2021ല്‍ 44015 വോട്ടുമാണ് ലഭിച്ചത്. കെ രാധാകൃഷ്ണന്‍ മല്‍സര രംഗത്തില്ലാതിരുന്ന 2016 ല്‍ കോണ്‍ഗ്രസിന് 8500 ല്‍പ്പരം വോട്ടിന്‍റെ വളര്‍ച്ച മണ്ഡലത്തിലുണ്ടായി. പക്ഷേ 2021 ലെത്തുമ്പോള്‍ അത് ദയനീയമായി 2011ലേതിലും താഴേക്ക് പോവുന്നതും കണ്ടു.
ബിജെപിക്ക് ചേലക്കരയില്‍ 2016 മുതല്‍ വോട്ടില്‍ വന്‍ വളര്‍ച്ച ഉണ്ടാക്കാനായിട്ടുണ്ട്. 2011ല്‍ 7056 ഉം 2016 ല്‍ 23845 ഉം 2021 ല്‍ 24045 ഉം വോട്ടുകളാണ് ബിജെപിക്ക് നേടാനായത്.
പഞ്ചായത്തുകള്‍:ചേലക്കര ഭരിക്കുന്നത് കോണ്‍ഗ്രസാണെങ്കിലും ഇരു മുന്നണികളും ഇവിടെ ഒപ്പത്തിനൊപ്പമാണ്. മുള്ളൂര്‍ക്കര, പഴയന്നൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫിനും ദേശമംഗലം, പാഞ്ഞാള്‍, കൊണ്ടാഴി, തിരുവില്വാമല, വള്ളത്തോള്‍ നഗര്‍, വരവൂര്‍ എന്നിവിടങ്ങളില്‍ എല്‍ഡിഎഫിനുമാണ് മുന്‍ തൂക്കം.
കോണ്‍ഗ്രസ് പ്രതീക്ഷകള്‍:2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന് ചേലക്കരയില്‍ 23695 വോട്ട് ലീഡ് നേടാനായിരുന്നു. അത് 2021 ല്‍ കെ രാധാകൃഷ്ണന്‍ മറികടക്കുകയും 39400 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷം സ്ഥാപിക്കുകയും ചെയ്‌തുവെന്നത് മറ്റൊരു കാര്യം.
2024ല്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഇടത് സ്ഥാനാര്‍ഥിയായി വിജയിച്ച കെ രാധാകൃഷ്‌ണന് ചേലക്കരയില്‍ നേടാനായത് 5173 വോട്ട് ഭൂരിപക്ഷമായിരുന്നു. LDF 60368, UDF 55195, BJP 28974 എന്നിങ്ങനെയായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ട് നില.
സിപിഎമ്മിന് കനത്ത തിരിച്ചടിയുണ്ടായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ കെ രാധാകൃഷ്ണന് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. ഉപതെരഞ്ഞെടുപ്പില്‍ മുന്‍ ആലത്തൂര്‍ എം പി രമ്യാ ഹരിദാസിനെ ഇറക്കി മണ്ഡലം പിടിക്കാനാണ് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നത്. സി പിഎമ്മിനാകട്ടെ കെ രാധാകൃഷ്ണന് പകരം ആലത്തൂരില്‍ പുതിയ മുഖം കണ്ടെത്തേണ്ടിയും വരും.