കോഴിക്കോട് :ചികിത്സ രംഗത്ത് ചരിത്രം സൃഷ്‌ടിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ്. രാജ്യത്ത് തന്നെ അപൂർവമായി നടത്തുന്ന ബിസിഐ (ബോണ്‍ കണ്ടക്ഷൻ ഇംപ്ലാൻ്റ്) 602 ബോണ്‍ ബ്രിഡ്‌ജ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. മൂന്ന് പേർക്കാണ് ശസ്ത്രക്രിയ നടത്തിയത്.
സർക്കാരിൻ്റെ സൗജന്യ പദ്ധതി അനുസരിച്ച് നടത്തുന്ന രാജ്യത്തെ ആദ്യത്തെ ശസ്ത്രക്രിയ കൂടിയാണിത്. മൂന്ന് പേർക്ക് ഒറ്റ ദിവസം ഇത്തരം ശസ്ത്രക്രിയ നടത്തിയതും രാജ്യത്ത് ആദ്യമായാണെന്ന് ആരോഗ്യ വകുപ്പ് വാർത്താക്കുറിപ്പില്‍ അറിയിച്ചു. ബിസിഐ 602 ബോണ്‍ ബ്രിഡ്‌ജ് ശസ്ത്രക്രിയ വിജയകരമാക്കിയ മുഴുവൻ ആരോഗ്യപ്രവർത്തകരെയും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു.
കോഴിക്കോട്, വയനാട് സ്വദേശികളാണ് ശസ്ത്രിക്രിയക്ക് വിധേയരായത്. ഇതില്‍ കോഴിക്കോട് സ്വദേശികള്‍ 20 ഉം എട്ടും വയസുള്ളവരാണ്. വയനാട് സ്വദേശിയായ 23കാരനാണ് ശസ്ത്രക്രിയ നടത്തിയ മറ്റൊരാൾ. വലിയ ചെലവേറിയതാണ് ശസ്ത്രക്രിയ. ഏകദേശം ആറ് ലക്ഷം രൂപയോളം ആണ് ഓരോ ഇംപ്ലാൻ്റിനും ആവശ്യമായി വരുന്നത്.