എറണാകുളം :ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ ബിജെപിയിൽ ചേരുന്നതിനെ കുറിച്ച് ചർച്ച നടത്തിയിട്ടില്ലെന്ന് ദല്ലാൾ നന്ദകുമാർ. കെ സുധാകരൻ്റെയും ശോഭ സുരേന്ദ്രൻ്റെയും ആരോപണങ്ങൾക്ക് കൊച്ചിയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് തൃശൂരെന്ന ഒറ്റ സീറ്റ് നല്‍കിയാല്‍ പകരം ലാവലിന്‍ കേസ് ഒഴിവാക്കാമെന്ന് ബിജെപി വാഗ്‌ദാനം ചെയ്‌തിരുന്നതായും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.
എൽഡിഎഫ് കൺവീനർ ഇ പി ജയരാജനുമായി ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ ചര്‍ച്ച നടത്തിയെന്നും നന്ദകുമാര്‍ ആരോപിച്ചു. താൻ കൂടിക്കാഴ്‌ച നടത്തവെ പ്രകാശ് ജാവദേക്കര്‍ അവിടേക്ക് വന്നു. കൂടിക്കാഴ്‌ചയെ കുറിച്ച് ഇ പി ജയരാജന് അറിയില്ലായിരുന്നു. സർപ്രൈസായാണ് ജാവദേക്കർ എത്തിയത്.
തൃശൂർ ജയിക്കണം എന്നായിരുന്നു ജാവദേക്കറിന്‍റെ ആവശ്യം. സുരേഷ് ഗോപിയെ എങ്ങനെയെങ്കിലും ജയിപ്പിക്കണം എന്ന് ജാവദേക്കർ പറഞ്ഞു. ഇടതിന്‍റെ സഹായം ഉണ്ടെങ്കിൽ അക്കൗണ്ട് തുറക്കാമെന്നും പകരം ലാവലിൻ കേസിൽ നിന്നും പിണറായിയെ ഒഴിവാക്കാമെന്ന് വാഗ്‌ദാനം ചെയ്‌തതായും ദല്ലാള്‍ നന്ദകുമാര്‍ മാധ്യങ്ങളോട് പറഞ്ഞു. എന്നാൽ ഇപി ജയരാജൻ ഇത് നിരസിച്ചു.
നാല് തവണയാണ് താൻ ജാവദേക്കറെ കണ്ടത്. അമിത്‌ഷാ എത്തുമെന്നും പറഞ്ഞു. 2026ൽ തിരിച്ചുവരാൻ അവസരം ഒരുക്കാം എന്ന് വരെ ഇപിയോട് പറഞ്ഞു. ഇ പി ജയരാജന് വട്ടുണ്ടോ ബിജെപിയിൽ പോകാനെന്ന് പറഞ്ഞ ദല്ലാൾ നന്ദകുമാർ അദ്ദേഹം സംസാരിച്ചത് പിണറായി വിജയന് വേണ്ടിയായിരുന്നു എന്നും പറഞ്ഞു. അതേസമയം ബിജെപിയിലേക്ക് പോകാൻ കെ സുധാകരൻ 100 ശതമാനം തീരുമാനത്തിൽ എത്തിയിരുന്നു. കെപിസിസി പ്രസിഡന്‍റ് സ്ഥാനം കിട്ടിയതിനാലാണ് ബിജെപിയിലേക്ക് പോകാതിരുന്നത്. അല്ലെങ്കിൽ കെ സുധാകരൻ ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റ് ആവുമായിരുന്നു എന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു.
കേരളത്തിലെ ബിജെപി നേതാക്കളെ അറിയിക്കാതെയായിരുന്നു പ്രകാശ് ജാവദേക്കർ ചർച്ചകൾ നേരിട്ട് നടത്തിയത്. കേരളത്തിലെ പ്രമുഖനായ ഒരു മുസ്ലിം നടനെ ബിജെപിയിലെത്തിക്കാൻ പ്രകാശ് ജാവദേക്കർ നേരിട്ട് ചർച്ച നടത്തിയത് തനിക്ക് അറിയാമെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു. കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റ് നേടുകയെന്നത് പ്രകാശ് ജാവദേക്കറിൻ്റെ നിലനിൽപ്പിൻ്റെ പ്രശ്‌നമായിരുന്നു.