കേരളം

kerala

ETV Bharat / state

'കണ്ണൂരിലെ അധോലോക അഴിഞ്ഞാട്ടത്തിന്‍റെ കഥകള്‍ ചെങ്കൊടിക്ക് അപമാനം': ബിനോയ് വിശ്വം - Binoy Viswam Against CPM - BINOY VISWAM AGAINST CPM

ഇടതുപക്ഷത്തിന്‍റെ രക്ഷകവേഷം കെട്ടുന്നവർ അധോലോകത്തിന്‍റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്‍റെ ബന്ധുക്കൾക്ക് പൊറുക്കാവുന്നതല്ലെന്നും പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളില്‍ ഇത്തരക്കാരുടെ പങ്കും ചെറുതല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ബിനോയ് വിശ്വം  സിപിഎം സിപിഐ  കണ്ണൂര്‍ രാഷ്‌ട്രീയം  BINOY VISWAM
BINOY VISWAM (ETV Bharat)

By ETV Bharat Kerala Team

Published : Jun 29, 2024, 6:38 PM IST

തിരുവനന്തപുരം:സിപിഎം കണ്ണൂര്‍ ജില്ല കമ്മിറ്റി അംഗമായിരുന്ന മനു തോമസ് നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐ. കണ്ണൂരില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ ബന്ധുക്കളെയാകെ വേദനിപ്പിക്കുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. കയ്യൂരിന്‍റെയും കരിവള്ളൂരിന്‍റെയും തില്ലങ്കരിയുടെയും പാരമ്പര്യമുള്ള മണ്ണില്‍ നിന്നും സ്വര്‍ണം വെട്ടിക്കലിന്‍റെയും അധോലോക അഴിഞ്ഞാട്ടത്തിന്‍റെയും കഥകള്‍ പുറത്തുവരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

'സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷത്തിന്‍റെ രക്ഷകവേഷം കെട്ടുന്നവർ അധോലോകത്തിന്‍റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്‍റെ ബന്ധുക്കൾക്ക് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളിൽ ഇത്തരക്കാരുടെ പങ്കും ചെറുതല്ല. ഇടതുപക്ഷം അതിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ മറന്നുവോയെന്ന് ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണ്.

അവരിൽനിന്ന് ബോധപൂർവം അകൽച്ച പാലിച്ചുകൊണ്ടേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാനാകൂ. പ്രസ്ഥാനത്തിൽ വിശ്വാസം അർപ്പിച്ച ലക്ഷോപലക്ഷം ജനങ്ങളോട് നീതികാണിക്കാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ട്. അവരുടെ കൂറും വിശ്വാസവുമാണ് കമ്മ്യൂണിസ്റ്റുകാർക്ക് വലുത്.

ചീത്തപ്പണത്തിന്‍റെ ആജ്ഞാനുവർത്തികളായി മാറി അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവർക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാര വികാരങ്ങളെയും വിശ്വാസങ്ങളെയും സിപിഐ എന്നും മാനിക്കുമെന്നും' ബിനോയ് വിശ്വം വ്യക്തമാക്കി.

Also Read :'സിപിഎം കൊല്ലാന്‍ നോക്കിയാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കും, കൊലയാളികള്‍ വായ് തുറന്നാല്‍ നേതാക്കള്‍ അകത്താകും'; മനു തോമസിന് പിന്തുണയുമായി കെ സുധാകരന്‍ - K Sudhakaran Supports Manu Thomas

ABOUT THE AUTHOR

...view details