വയനാട്: ആദിവാസി വിഭാഗത്തെ അധിക്ഷേപിച്ച് മുതിര്‍ന്ന സിപിഎം നേതാവും വയനാട് ജില്ലാകമ്മിറ്റി അംഗവുമായ എഎന്‍ പ്രഭാകരൻ നടത്തിയ പ്രസംഗം വിവാദത്തില്‍. പനമരത്ത് യുഡിഎഫ് മുസ്‌ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡൻ്റ് ആക്കിയെന്ന അധിക്ഷേപ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. ലീഗ് പനമരത്ത് ചെയ്‌തത് ചരിത്രപരമായ തെറ്റാണെന്നും എഎൻ പ്രഭാകരൻ്റെ പ്രസംഗത്തിൽ പറയുന്നുണ്ട്.
കോണ്‍ഗ്രസുകാര്‍ സമർഥമായി ലീഗുകാരിയായ ഹസീനയെ പുറത്താക്കി, ആദിവാസി പെണ്ണിനെ പ്രസിഡൻ്റാക്കി. അങ്ങനെ ആദ്യമായി പ്രസിഡൻ്റായ മുസ്‌ലീം വനിതയെ മറിച്ചിട്ടുവെന്ന ചരിത്രപരമായ തെറ്റാണ് ലീഗ് ചെയ്‌തത്. അടുത്ത തെരഞ്ഞെടുപ്പില്‍ വീട് കയറുമ്പോള്‍ ലീഗുകാര്‍ കയ്യുംകെട്ടി നിന്ന് മറുപടി പറയേണ്ടി വരുമെന്നും പ്രഭാകരന്‍ പറയുന്നു.
പനമരത്ത് അവിശ്വാസത്തിലൂടെ സിപിഎം ജനപ്രതിനിധിക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം നഷ്‌ടമായതിന് പിന്നാലെയാണ് സിപിഎം നേതാവിൻ്റെ പരാമര്‍ശം. അവിശ്വാസ പ്രമേയത്തിൽ സിപിഎം പ്രതിനിധിക്ക് സ്ഥാനം നഷ്‌ടമായതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് പ്രതിനിധിയായ ലക്ഷ്‌മി ആലക്കമറ്റം പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പനമരം പഞ്ചായത്തിലെ 22-ാം വാര്‍ഡ് വെള്ളരി വയലില്‍ നിന്നും വിജയിച്ച അംഗമാണ് ലക്ഷ്‌മി ആലക്കമറ്റം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നേരത്തെ ജനതാദള്‍ സെക്കുലര്‍ സ്ഥാനാർഥിയായി വിജയിച്ച ബെന്നി ചെറിയാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് ലക്ഷ്‌മി വിജയിച്ചത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിക്ക് 12 വോട്ടും എല്‍ഡിഎഫ് സ്ഥാനാർഥിക്ക് 10 വോട്ടും ലഭിച്ചിരുന്നു.
സംഭവങ്ങൾക്ക് പിന്നാലെ ബെന്നി ചെറിയാനെതിരെ ആക്രമണം ഉണ്ടായിരുന്നു. സിപിഎം അംഗങ്ങളാണ് ആക്രമണം നടത്തിയതെന്നായിരുന്നു ബെന്നി ചെറിയാൻ്റെ പരാതി. പരാതിയിൽ സിപിഎം പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. അതേസമയം പൊലീസ് നടപടിക്കെതിരെ സിപിഎം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.