കാസർകോട്: ബേഡഡുക്കയിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന എസ്ഐ മരിച്ചു. ബേഡകം സ്‌റ്റേഷനിലെ എസ്ഐ കെ വിജയനാണ് (49) മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജോലി സമ്മർദ്ദമാണ് കാരണമെന്ന് വിജയൻ മജിസ്‌ട്രെറ്റിന് മൊഴി നൽകിയതായാണ് സൂചന.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിഎം ഉനൈസിനെതിരെ സിപിഎം വനിതാ നേതാവ് നൽകിയ പരാതിയിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വിജയൻ. ഈ കേസിൽ സിപിഎം നേതാക്കളിൽ നിന്നുണ്ടായ സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കോൺഗ്രസ് ആരോപണം.
തെരഞ്ഞെടുപ്പ് ദിവസം ഉദുമ മണ്ഡലത്തിൽ ഉണ്ടായ യുഡിഎഫ് - എൽഡിഎഫ് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിഎം ഉനൈസിനെതിരെ സിപിഎം വനിതാ നേതാവ് ബേഡകം സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ ഉനൈസിനെതിരെ സ്‌ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തു.
വിജയനായിരുന്നു അന്വേഷണ ചുമതല. പിന്നാലെ വിഷം കഴിച്ച നിലയിൽ വിജയനെ താമസ സ്ഥലത്ത് കണ്ടെത്തുകയായിരുന്നു. സിപിഎം നേതാക്കൾ ഉനൈസിനെ കസ്‌റ്റഡിയിൽ എടുക്കാൻ വിജയനുമേൽ സമ്മർദ്ദം ചെലുത്തിയെന്ന് കോൺഗ്രസ് അന്ന് തന്നെ ആരോപിച്ചിരുന്നു.
Also Read:രോഹിത് വെമുല ആത്‌മഹത്യ കേസ്; തെലങ്കാന പൊലീസിന്‍റെ ക്ലോഷര്‍ റിപ്പോര്‍ട്ടിനെതിരെ കുടുംബം