എറണാകുളം :ഗാനഗന്ധർവൻ യേശുദാസിന്‍റെ ശബ്‌ദസൗകുമാര്യം മറ്റാർക്കും തന്നെ അനുകരിക്കാൻ കഴിയാത്തതാണ്. പക്ഷേ ഇടുക്കി പീരുമേട് സ്വദേശി അയ്യപ്പന് ആ ഗന്ധർവ ശബ്‌ദത്തിന്‍റെ ശകലങ്ങൾ ദൈവാനുഗ്രഹമായി എങ്ങനെയോ ലഭിച്ചിട്ടുണ്ട്. ദാസേട്ടനോട് ഒരു താരതമ്യത്തിന് അയ്യപ്പനെ ചേർത്തുവയ്ക്കാൻ ആകില്ല എങ്കിലും കണ്ണടച്ച് അയ്യപ്പന്‍റെ പാട്ട് കേട്ടാൽ ദാസേട്ടനെപ്പോലെ തോന്നുമെന്ന് പീരുമേട് സ്വദേശികൾ പറയും.
നാട്ടിലെ അറിയപ്പെടുന്ന കലാകാരനായ അയ്യപ്പന്‍റെ വിശേഷങ്ങൾ മുൻപൊരിക്കൽ ഇടിവി ഭാരത് പ്രേക്ഷകരിൽ എത്തിച്ചിരുന്നു. ഗ്യാസ് വെൽഡിങ് തൊഴിലാളിയായ ഈ പീരുമേടുകാരൻ ചെറിയൊരു കലാകാരൻ കൂടിയാണ്. നന്നായി പാടുകയും ചെയ്യും.
ശബ്‌ദത്തിൽ ദാസേട്ടന്‍റെ ഒരു സാമ്യത മിമിക്രിയാണെന്ന് കളിയാക്കുന്നവർ ഏറെ. ചോദിച്ചാൽ ഒരിക്കലും ദാസേട്ടനെ അനുകരിക്കുകയല്ലെന്ന് തമിഴ് കലർന്ന മലയാളത്തിൽ മറുപടി പറയും. ഇപ്പോഴിതാ അയ്യപ്പന്‍റെ ഒരു ഗാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.