കൊല്ലം:വൈദ്യുതി കമ്പിയിൽ കുടുങ്ങി ഷോക്കേറ്റ കുട്ടികുരങ്ങിന് രക്ഷകനായി ഓട്ടോറിക്ഷാ ഡ്രൈവർ. കൊല്ലം വിളക്കുടി സ്വദേശി ഷാനവാസാണ് കുരങ്ങനെ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്.
കൊല്ലത്ത് ഷോക്കേറ്റ കുട്ടിക്കുരങ്ങനെ ഓട്ടോഡ്രൈവർ രക്ഷപ്പെടുത്തിയപ്പോൾ (ETV Bharat) കഴിഞ്ഞ (സെപ്‌റ്റംബർ 25) ദിവസമാണ് സംഭവം. വിളക്കുടി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് മീനംകോട് എന്ന സ്ഥലത്താണ് കുട്ടികുരങ്ങൻ മരണത്തെ മുഖാമുഖം കണ്ടത്. മറ്റ് കുരങ്ങുകളോടൊപ്പം മരംചാടുന്നതിനിടെ പ്രായം കുറഞ്ഞ കുട്ടികുരങ്ങൻ അബദ്ധത്തിൽ വൈദ്യുതി കമ്പിയിൽ കുടുങ്ങി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതം ഏൽക്കുകയും ചെയ്‌തു.
സംഭവം കണ്ട സമീപവാസിയായ സ്ത്രീ മുളങ്കമ്പ് കൊണ്ട് കുരങ്ങിനെ തട്ടി താഴെയിട്ടത് ആശ്വാസമായി. പക്ഷേ കുരങ്ങ് അബോധാവസ്ഥയിലായിരുന്നു. ഇതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവറായ ഷാനവാസ് സ്ഥലത്തെത്തി വനപാലകരെ വിവരമറിയിച്ചിട്ടും എത്തിയില്ല.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കുരങ്ങൻ്റെ ജീവൻ നഷ്‌ടപ്പെടുമെന്ന് തോന്നിയതോടെ ഷാനവാസ് കുരങ്ങനെ ചാക്കിലാക്കി ഓട്ടോറിക്ഷയിൽ മൃഗാശുപത്രിയിൽ എത്തിച്ചു. ഡോക്‌ടർ ചികിത്സ നൽകി വിശന്നിരുന്ന കുരങ്ങന് ഡോക്‌ടറുടെ നിർദേശപ്രകാരം ഷാനവാസ് കടയിൽ നിന്ന് പഴം വാങ്ങി കൊടുത്തു. ഇതോടെ കുരങ്ങൻ ഉഷാറായി. മൃഗാശുപത്രിയുടെ കൂട്ടിലടച്ച കുരങ്ങനെ ആരോഗ്യം മെച്ചപ്പെടുമ്പോൾ തുറന്നുവിടാനാണ് തീരുമാനം. കുട്ടികുരങ്ങൻ ഇപ്പോൾ ഹാപ്പിയാണ്.
സമീപവാസികളായ സ്ത്രീകൾ കുരങ്ങച്ചാരുടെ ആരോഗ്യം സംരക്ഷിക്കാനും രോഗവിവരം അറിയാനും പഴവർഗ്ഗങ്ങളുമായി കുരങ്ങനെ കാണാൻ മൃഗാശുപത്രിയിൽ എത്താറുണ്ട്. ഏതായാലും അസുഖം ഭേദമായി തുറന്നുവിട്ടാലും കുരങ്ങൻ കാട് കയറുമോ അതോ നാട്ടിൽ തന്നെ തങ്ങുമോ എന്ന സംശയത്തിലാണ് നാട്ടുകാരും ആശുപത്രി അധികൃതരും.
Also Read:തൂശനിലയില്‍ വിഭവസമൃദ്ധമായ സദ്യ; കെങ്കേമമായി ഇടയിലക്കാട് കാവിലെ 'വാനരന്മാരുടെ' ഓണം