പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് (നവംബര്‍ 15) തുറക്കും. ഇന്ന് വൈകിട്ട് നാലിന് മേൽശാന്തി പി.എൻ മഹേഷ് നട തുറന്ന് ദീപം തെളിയിക്കും. ആഴിയിൽ അഗ്നിപകരുന്നതോടെ 18-ാം പടി കയറാൻ തീർഥാടകർക്ക് അനുമതിയും ലഭിക്കും.
പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാരോഹണവും ഇന്ന് വൈകിട്ട് ആറിനു നടക്കും. തന്ത്രിമാരായ കണ്‌ഠരര് രാജീവര്, കണ്‌ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ ആദ്യം ശബരിമല മേൽശാന്തിയുടെയും പിന്നീട് മാളികപ്പുറം മേൽശാന്തിയുടെയും അഭിഷേകം നടക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
30000 പേരാണ് വെർച്വൽ ക്യൂ വഴി ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്‌തിട്ടുള്ളത്. 10000 പേർക്ക് തത്സമയ ബുക്കിങ്ങും നടത്താം. ആധാർ രേഖകൾ നൽകിയാണ് തത്സമയ ബുക്കിങ് നടത്തേണ്ടത്. ഇതിനായി പമ്പ, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിൽ പ്രത്യേകം കൗണ്ടറുകൾ ഉണ്ടാകും. ഇക്കുറി 18 മണിക്കൂറാണ് ദർശന സമയം. പുലർച്ചെ മൂന്ന് മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചയ്ക്ക് മൂന്ന് മുതൽ രാത്രി 11 വരെയും ദർശനം നടത്താം. തിരക്ക് വർധിച്ചാൽ സമയം ഒരുമണിക്കൂർ കൂടി വർധിപ്പിക്കും.
ശബരിമല ക്ഷേത്ര സമയങ്ങൾ:
രാവിലെ 3.00 - ഉച്ചയ്ക്ക് 1.00
വൈകുന്നേരം 3.00 - രാത്രി 11.00
പൂജാ സമയം:
നെയ്യഭിഷേകം- രാവിലെ 3.30 മുതൽ
ഉഷഃപൂജ- രാവിലെ 7.30
ഉച്ചപൂജ- 12.30
ദീപാരാധന-വൈകിട്ട് 6.30
അത്താഴപൂജ-രാത്രി 9.30
രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും
വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറക്കുക. നാളെ മുതൽ ഡിസംബർ 26 വരെ എല്ലാ ദിവസവും പൂജകളുണ്ട്. മണ്ഡലപൂജ ഡിസംബർ 26നാണ്. അന്ന് രാത്രി 11ന് നട അടയ്ക്കും. മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കുന്നതായിരിക്കും.
സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ
ശബരിമല തീർഥാടനകാലം പ്രമാണിച്ച് 9 സ്പെഷല്‍ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ചെന്നൈ-കൊല്ലം റൂട്ടിൽ 4 സ്പെഷല്‍ ട്രെയിന്‍ സർവിസാണുണ്ടാകുക. ഈ മാസം 19 മുതൽ ജനുവരി 19 വരെയാണ് സർവിസുകൾ. കച്ചിഗുഡ-കോട്ടയം റൂട്ടിൽ 2 സ്പെഷല്‍ ട്രെയിനുകൾ സർവിസ് തുടങ്ങി. ഹൈദരാബാദ്-കോട്ടയം റൂട്ടിൽ രണ്ടും കൊല്ലം - സെക്കന്ദരാബാദ് റൂട്ടിൽ ഒരു സ്പെഷല്‍ ട്രെയിനും സർവിസ് നടത്തും.
Also Read: ശബരിമല മഹോത്സവം; പ്രവേശനം ഒരു മണി മുതൽ, ഒരാഴ്‌ചത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പൂര്‍ത്തിയായി