കോഴിക്കോട്: വിൽപനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊടുവള്ളി സ്വദേശി മുഹമ്മദ് ജയ്‌സല്‍ എന്ന മുട്ടായി ജയ്‌സലാണ് പിടിയിലായത്. 63 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും കണ്ടെടുത്തു.
ഇന്നലെയാണ് (നവംബര്‍ 14) ഇയാള്‍ അറസ്റ്റിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി നിഥിൻ രാജുവിൻ്റെ കീഴിലുള്ള പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഓമശ്ശേരിയിലെ സ്വകാര്യടൂറിസ്റ്റ് ഹോമില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലേക്ക് മയക്ക് മരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 3 വര്‍ഷമായി ഇയാള്‍ ബെംഗളൂരുവില്‍ നിന്നാണ് കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്നത്.
കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചിട്ടുള്ള ലഹരി മാഫിയ സംഘത്തിലെ പ്രധാനിയായ ഇയാള്‍ ആദ്യമായാണ് പൊലീസിൻ്റെ പിടിയിലാവുന്നത്. ആഢംബര വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിച്ചുമാണ് ഇയാള്‍ മയക്ക് മരുന്ന് വില്‍പന നടത്തുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.