ന്യൂയോർക്ക് : അമേരിക്കന്‍ സര്‍ക്കാരിലെ ഉന്നത പദവിയിലെത്തിയതിന് പിന്നാലെ ഇറാന്‍റെ യുഎൻ അംബാസഡറുമായി കൂടിക്കാഴ്‌ച നടത്തി ടെക്ക് ഭീമൻ ഇലോൺ മസ്‌ക്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകള്‍ ഇരുവരും നടത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌തു.
മസ്‌കും അംബാസഡര്‍ അമീർ സഈദ് ഇറവാനിയും ന്യൂയോർക്കിലെ രഹസ്യ സ്ഥലത്ത് ചര്‍ച്ച നടത്തിയതായും ഒരു മണിക്കൂറിലധികം ചര്‍ച്ച നീണ്ടുനിന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടിക്കാഴ്‌ചയെ രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥർ 'പോസിറ്റീവ്' എന്ന് വിശേഷിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടെസ്‌ലയുടെയും എക്‌സിന്‍റെയും ഉടമയായ മസ്‌കിനെ പുതിയ ഗവൺമെന്‍റ് എഫിഷ്യൻസി ഏജൻസിയുടെ കോ-ഡയറക്‌ടറായി നിയമിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്‌ച. കഴിഞ്ഞയാഴ്‌ച യുക്രെയ്ൻ പ്രസിഡന്‍റ് വ്‌ളോഡിമർ സെലെൻസ്‌കിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലും ട്രംപ് മസ്‌കിനെ ഇടപെടുത്തിയതായി ന്യൂയോർക്ക് ടൈംസ് പറയുന്നു. റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്‌നോട് ആശയവിനിമയം നടത്തുന്നതിൽ മസ്‌കാണ് പ്രധാന പങ്കുവഹിച്ചിക്കുന്നത്.
ട്രംപിന്‍റെ ആദ്യ ടേമിൽ, ഇറാനും യുണൈറ്റഡ് സ്റ്റേറ്റസും തമ്മിലുള്ള 2015-ലെ ആണവ കരാറിൽ നിന്ന് അമേരിക്കയെ പിൻവലിച്ചിരുന്നു. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ഏകപക്ഷീയമായ കരാർ എന്നാണ് ട്രംപ് അന്നതിനെ വിശേഷിപ്പിച്ചത്. ഇറാന്‍റെ എണ്ണ വരുമാനത്തിന്മേലും അന്താരാഷ്‌ട്ര ബാങ്കിങ് ഇടപാടുകളിലും കടുത്ത സാമ്പത്തിക ഉപരോധവും ട്രംപ് ഏർപ്പെടുത്തിയിരുന്നു.
2020-ൽ ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയെ വധിക്കാനും ഉത്തരവിട്ടത് ട്രംപാണ്. ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പിന്നാലെ ട്രംപ് ഭരണകൂടവുമായുള്ള ചർച്ചകൾ നിരോധിക്കുന്നതായി ഇറാന്‍റെ പരമോന്നത നേതാവ് പ്രഖ്യാപിച്ചിരുന്നു. സുലൈമാനിയുടെ വധത്തിന് ഇറാന്‍ പ്രതികാരം ചെയ്യുമെന്നും ആഹ്വാനം ചെയ്‌തിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് ഇറാൻ ട്രംപിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി ഫെഡറൽ പ്രോസിക്യൂട്ടർമാർ കഴിഞ്ഞയാഴ്ച കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ, സമാധാനപരമായ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്ര സ്ഥാപനങ്ങളുടെ ഏത് ചോദ്യങ്ങളെയും അഭിമുഖീകരിക്കാൻ ഇറാൻ തയ്യാറാണെന്ന് പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞിരുന്നു. വ്യാഴാഴ്ച ടെഹ്‌റാനിൽ ഐഎഇഎയുടെ സന്ദർശക ഡയറക്‌ടർ ജനറലായ റാഫേൽ ഗ്രോസിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇറാന്‍റെ പ്രഖ്യാപനം.
ഇറാൻ ആണവ കരാർ എന്നറിയപ്പെടുന്ന സംയുക്ത പദ്ധതിക്ക് കീഴിലുള്ള എല്ലാ പ്രതിബദ്ധതകളും ഇറാൻ പാലിച്ചിട്ടുണ്ടെന്ന് ഐഎഇഎയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി പെസെഷ്‌കിയാൻ പറഞ്ഞതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഇർന റിപ്പോർട്ട് ചെയ്‌തു. യുഎസ് ഏകപക്ഷീയമായി അതിൽ നിന്ന് പിന്മാറിയതാണെന്നും ഇര്‍ന പറയുന്നു.