കേരളം

kerala

ETV Bharat / state

'ഇത് സർക്കാർ കണ്ണുതുറക്കാനുള്ള പ്രാർത്ഥന, പ്രതീക്ഷ ആറ്റുകാലമ്മയിൽ' ; പൊങ്കാലയര്‍പ്പിച്ച് സിപിഒ ഉദ്യോഗാർഥികളുടെ അമ്മമാർ - Second Pinarayi Govt

രണ്ടാം പിണറായി സർക്കാരിന് ആറ്റുകാല്‍ ദേവിയുടെ അനുഗ്രഹം ലഭിക്കട്ടെയെന്നും സാമ്പത്തിക പ്രതിസന്ധി നീങ്ങട്ടെയെന്നും സിപിഒ ഉദ്യോഗാർഥികളുടെ അമ്മമാർ

Attukal Pongala  Candidates in CPO Rank List  ആറ്റുക്കാല്‍ പൊങ്കാല  സിപിഒ ഉദ്യോഗാർഥികളുടെ അമ്മമാർ  Second Pinarayi Govt
Attukal Pongala

By ETV Bharat Kerala Team

Published : Feb 25, 2024, 12:01 PM IST

പൊങ്കാലയര്‍പ്പിച്ച് സിപിഒ റാങ്ക് ലിസ്റ്റിലുള്ളവരുടെ അമ്മമാർ

തിരുവനന്തപുരം: "പതിനാല് ദിവസമായി മക്കള്‍ ഇവിടെ സമരത്തിന് വന്നിട്ട്, ഇത് പ്രതിഷേധമല്ല സർക്കാർ കണ്ണ് തുറക്കാനുള്ള പ്രാർത്ഥനയാണ്" - പൊങ്കാലയ്ക്കായുള്ള കലം നിരത്തുമ്പോൾ സിപിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ അമ്മമാർ പറഞ്ഞു.

2023ൽ പുറപ്പെടുവിച്ച 530/2019 നമ്പര്‍ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ അമ്മമാരാണ് വിവിധ ജില്ലകളിൽ നിന്നും മക്കൾക്കായി പൊങ്കാലയിടാനെത്തിയത്. ഇവരിൽ പലരും എല്ലാ വർഷവും പൊങ്കാലയിടുന്നവരുമാണ്. എന്നാൽ ഇത്തവണ പ്രാർത്ഥനയും ആഗ്രഹവും ഒന്ന് മാത്രം. 5 വർഷത്തോളം മക്കൾ കാത്തിരുന്ന കുടുംബത്തിന്‍റെ പ്രതീക്ഷയായ ജോലി കിട്ടണേ എന്ന്.

ഇതിനുപുറമെ ക്ഷേമപെൻഷൻ മുടങ്ങിയതിന്മേൽ പ്രതിഷേധപ്പൊങ്കാലയും നടക്കുന്നുണ്ട്. രണ്ടാം പിണറായി സർക്കാരിന് ദേവിയുടെ അനുഗ്രഹം ലഭിക്കട്ടെയെന്നും സാമ്പത്തിക പ്രതിസന്ധി നീങ്ങട്ടെയെന്നുമാണ് പ്രാർത്ഥന. ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം ആറ്റുകാല്‍ ദേവിയുടെ അനുഗ്രഹത്തിനായി എത്തിയവരാണ് തിരുവനന്തപുരം നഗരത്തിലെങ്ങും.

പ്രസിദ്ധ ഭദ്രകാളി ക്ഷേത്രമായ ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന വാർഷിക മഹോത്സവമാണ് ആറ്റുകാൽ പൊങ്കാല. ക്ഷേത്രത്തിന് ചുറ്റും 10 -12 കിലോമീറ്റര്‍ ചുറ്റളവിലാണ് പൊങ്കാല നടക്കുന്നത്. വെളളിയാഴ്‌ച മുതല്‍ തന്നെ നഗരത്തിലെ തെരുവുകളിലെല്ലാം ഭക്തര്‍ ഇടം പിടിച്ചിരുന്നു. രാവിലെ 10 മണിയോടുകൂടിയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

ആറ്റുകാല്‍ ക്ഷേത്രത്തിന് മുന്നിലെ പാട്ടുപുരയില്‍ തോറ്റം പാട്ടുകാര്‍ 'കണ്ണകി ചരിത്ര'ത്തില്‍ പാണ്ഡ്യ രാജാവിന്‍റെ വധം വിവരിക്കുന്ന ഭാഗം പാടും. പാട്ട് തീരുമ്പോള്‍ തന്ത്രി കോവിലില്‍ ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് നല്‍കും. അത്തരത്തില്‍ 10.30 ന് മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറുകയും അത്‌ പണ്ടാര അടുപ്പിലേക്ക് പകരുകയുമായിരുന്നു. പിന്നാലെ നഗരത്തിലെയും ക്ഷേത്ര പരിസരത്തെയും പൊങ്കാല അടുപ്പുകളില്‍ തീ തെളിയിച്ചു. ഉച്ചയ്‌ക്ക് 2.30 ന് ഉച്ചപൂജയ്‌ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും.

ABOUT THE AUTHOR

...view details