കേരളം

kerala

ETV Bharat / state

ആത്മനിര്‍വൃതിയില്‍ ഭക്തലക്ഷങ്ങൾ ; ആറ്റുകാൽ പൊങ്കാലയ്ക്ക് സമാപനം - പൊങ്കാലയ്ക്ക് സമാപനം

ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന വാർഷിക മഹോത്സവമാണ് പൊങ്കാല. വെളളിയാഴ്‌ച മുതല്‍ തന്നെ നഗരത്തില്‍ ഭക്തജനങ്ങള്‍ പൊങ്കാലയിടാനായി ഇടം പിടിച്ച് തുടങ്ങിയിരുന്നു

Attukal Pongala  Pongala  ആറ്റുകാൽ പൊങ്കാല  തിരുവനന്തപുരം  പൊങ്കാലയ്ക്ക് സമാപനം
Attukal Ponkala

By ETV Bharat Kerala Team

Published : Feb 25, 2024, 4:54 PM IST

Updated : Feb 25, 2024, 5:53 PM IST

തിരുവനന്തപുരം : ഭക്തലക്ഷങ്ങൾക്ക് പുണ്യം പകർന്ന് ആറ്റുകാൽ പൊങ്കാലയ്ക്ക് സമാപനം. ഉച്ച പൂജയ്ക്ക് ശേഷം കൃത്യം 2.30 ന് പൊങ്കാല നിവേദിച്ചു. ഈ സമയം വ്യോമ സേനയുടെ ഹെലികോപ്റ്റർ ആകാശത്തുനിന്ന് പുഷ്‌പവൃഷ്‌ടി നടത്തി. നിവേദ്യത്തിന് സഹായിക്കാന്‍ 300 ശാന്തിക്കാരെയാണ് നിയോഗിച്ചത്. ആറ്റുകാൽ ഭഗവതി ക്ഷേത്രം മുതൽ 10 കിലോമീറ്റർ അധികം ദൂരത്തേക്ക് പൊങ്കാല അടുപ്പുകൾ നിരന്നിരുന്നു. പണ്ടാര അടുപ്പിലെ പൊങ്കാലയില്‍ തീര്‍ത്ഥം തളിച്ചതിന് ശേഷം നഗരത്തിലെ പൊങ്കാല കലങ്ങളിലേക്ക് പോറ്റിമാര്‍ തീര്‍ത്ഥം തളിച്ചു. തുടർന്ന് മനസ് നിറഞ്ഞ് വിശ്വാസികള്‍ വീടുകളിലേക്ക് മടങ്ങി. പൊങ്കാലയിട്ട് മടങ്ങുന്ന ജനലക്ഷങ്ങൾക്കായി കൊച്ചിയിൽ നിന്നും പ്രത്യേക മെമു ട്രെയിനും തമ്പാനൂർ - കിഴക്കേകോട്ട ബസ് ഡിപ്പോകളിൽ നിന്നും 500 ബസുകളും തയ്യാറാക്കിയിരുന്നു.

ദിവസങ്ങൾക്ക് മുൻപ് തന്നെ നഗരത്തിന്‍റെ വിവിധയിടങ്ങളിൽ കല്ലുകളുമായി സ്ഥാനം പിടിച്ച ഭക്തർ പുലർച്ചെ 4 മണി മുതൽ ആറ്റുകാൽ ക്ഷേത്രത്തിലേക്ക് ദർശനത്തിനായെത്തി. ഉത്സവത്തിന്‍റെ ആദ്യ ദിനം മുതൽക്ക് ആരംഭിച്ച ചിലപതികാരത്തിലെ കണ്ണകിയുടെ കഥ പാടുന്ന തോറ്റം പാട്ട് സമാപിച്ച് തൊട്ട് പിന്നാലെ ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടത്തിരിപ്പാട് ശ്രീകോവിലിൽ നിന്നും പകർന്ന ദീപം മേൽശാന്തി ഗോശാല വിഷ്‌ണു വാസുദേവൻ നമ്പൂതിരിക്ക് കൈമാറുകയും കൃത്യം 10:30 ക്ക് തന്നെ പണ്ടാരയടുപ്പിൽ തീ പകരുകയുമായിരുന്നു. തിളച്ച് പൊന്തിയ പണ്ടാരയടുപ്പിനെ കുരവയിട്ടാണ് ഭക്തർ സ്വീകരിച്ചത്.

കനത്ത ചൂടിനെ പോലും വകവയ്ക്കാ‌തെ ലക്ഷങ്ങളാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ തലസ്ഥാനത്ത് ഒഴുകിയെത്തിയത്. പൊങ്കാല കഴിഞ്ഞ് മടങ്ങുന്ന ഭക്തരെ വിവിധ ഇടങ്ങളിലേക്ക് എത്തിക്കാൻ 300 ബസുകളാണ് കെഎസ്ആർടിസി ഒരുക്കിയത്.

ഇന്ന് വൈകിട്ട് കുത്തിയോട്ട വ്രതം അനുഷ്‌ഠിക്കുന്നവർക്ക് ചൂരൽകുത്ത് നടക്കും. രാത്രി 11ന് തൃക്കടവൂർ ശിവരാജു എന്ന ആന ദേവിയുടെ തിടമ്പേറ്റി വാദ്യമേളങ്ങളുടെയും കുത്തിയോട്ട ബാലൻമാരുടെയും അകമ്പടിയോടെ മണക്കാട് ശാസ്‌താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. തിരിച്ചെഴുന്നള്ളത്ത് നാളെ(26-02-2024) രാവിലെ എട്ടിന് ക്ഷേത്രത്തിലെത്തും. തുടർന്ന് രാത്രി കാപ്പഴിക്കും. പുലർച്ചെ 12.30ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് പൊങ്കാലയ്ക്കായി തിരുവനന്തപുരത്ത് എത്തിയത്. കഴിഞ്ഞ തവണത്തേതിനേക്കാൾ തിരക്ക് വർദ്ധിച്ചതായി ആറ്റുകാൽ ക്ഷേത്രം ട്രസ്‌റ്റ് പ്രസിഡന്‍റ് ശോഭന പറഞ്ഞു.

ഗതാഗത നിയന്ത്രണങ്ങൾ ഉൾപ്പടെയുള്ള സജ്ജീകരണങ്ങളുമായി ജില്ല ഭരണകൂടവും സജീവമായിരുന്നു. ഇത്തവണ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലെ ക്രിസ്‌തീയ ദേവാലയങ്ങൾ അവരുടെ ആരാധനാസമയം പരിഷ്‌കരിച്ചിരുന്നു. പൊങ്കാലയ്ക്കായി എത്തിയ ഭക്തർക്ക് ഇക്കുറിയും പാളയം ചർച്ചിന്‍റെയും മസ്‌ജിദിന്‍റെയും ഗേറ്റുകൾ തുറന്നുകൊടുത്തു.

മുൻ വർഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്‌തമായി ഇത്തവണ ഞായറാഴ്‌ചയാണ് പൊങ്കാല നടന്നത്. പൊങ്കാലയിടുന്ന ഭക്തർക്ക് വിശ്രമിക്കാനും ശുചിമുറി ഉപയോഗിക്കാനുമുള്ള സൗകര്യങ്ങള്‍ പള്ളികളില്‍ ഒരുക്കിയിരുന്നു.

ഇത്തവണയും കൃത്യം 2:30 ക്ക് തന്നെ 2500 ഓളം ശുചീകരണ തൊഴിലാളികൾ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്ഷേത്ര വളപ്പിൽ മേയർ ആര്യ രാജേന്ദ്രനാണ് പതിവ് ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്‌തത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഭക്തർ ഉപേക്ഷിച്ച ഇഷ്‌ടിക കട്ടകളും നഗരസഭ ശേഖരിക്കും. ലൈഫ് പദ്ധതിയിലെ വീട് നിർമാണത്തിനായി ഇവ കൈമാറും. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനായി വലിയ പരിശ്രമമാണ് ജില്ല ഭരണകൂടം ഏറ്റെടുത്തത്.

Also Read: 'ഇത് സർക്കാർ കണ്ണുതുറക്കാനുള്ള പ്രാർത്ഥന, പ്രതീക്ഷ ആറ്റുകാലമ്മയിൽ' ; പൊങ്കാലയര്‍പ്പിച്ച് സിപിഒ ഉദ്യോഗാർഥികളുടെ അമ്മമാർ

പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രമായ ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന വാർഷിക മഹോത്സവമാണ് പൊങ്കാല. ക്ഷേത്രത്തിന് ചുറ്റും 10 -12 കിലോമീറ്റര്‍ ചുറ്റളവിലാണ് പൊങ്കാല നടക്കുന്നത്. വെളളിയാഴ്‌ച മുതല്‍ തന്നെ നഗരത്തിലെ തെരുവുകളില്‍ ഭക്തജനങ്ങള്‍ ഇടം പിടിച്ചിരുന്നു. രാവിലെ 10 മണിയോടുകൂടിയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. അതേസമയം, ക്ഷേമപെൻഷൻ മുടങ്ങിയതിന്മേലുള്ള പ്രതിഷേധ പൊങ്കാലയും തിരുവനന്തപുരത്ത് അരങ്ങേറി.

Last Updated : Feb 25, 2024, 5:53 PM IST

ABOUT THE AUTHOR

...view details