അരിക്കൊമ്പൻ സമിതി ശുപാർശകള്‍ക്കെതിരെ ചിന്നക്കനാൽ നിവാസികൾ പ്രതികരിക്കുന്നു (Source: ETV Bharat Reporter) ഇടുക്കി :അരിക്കൊമ്പൻ വിദഗ്‌ധ സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ മൂന്നാർ, ചിന്നക്കനാൽ മേഖലയിലുള്ളവരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും ടൂറിസം മേഖലയ്ക്കും ദോഷകരമായ പല ശുപാർശകളും റിപ്പോർട്ടിലുണ്ടെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. ശുപാർശകൾ അപ്പാടെ നടപ്പാക്കിയാൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് വിവിധ സംഘടനകൾ.
കഴിഞ്ഞ മാർച്ച് മാസത്തിലാണ് അരിക്കൊമ്പൻ വിദഗ്‌ധ സമിതിയെ ഹൈക്കോടതി നിയോഗിച്ചത്. അരിക്കൊമ്പനെ മാറ്റുന്നതിനൊപ്പം മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കാനും സമിതിയോട് ആവശ്യപ്പെട്ടിരുന്നു. കാട്ടാനകളുടെ സുഗമമായ സഞ്ചാരത്തിനായി ആനയിറങ്കൽ മുതൽ ഓൾഡ് ദേവികുളം വരെ ഇടനാഴിയുണ്ടാക്കണമെന്നാണ് പ്രധാന ശുപാർശ.
അങ്ങനെ വന്നാൽ അതിർത്തിയിലെ 4500 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് വന്യമൃഗങ്ങൾക്ക് സഞ്ചരിക്കാൻ 301, 80 ഏക്കർ എന്നീ ആദിവാസി കോളിനകളിലുള്ളവരെ സ്വമേധയ മാറ്റിപ്പാർപ്പിക്കാനുള്ള നടപടിയെടുക്കണം. ചിന്നക്കനാൽ മേഖലയിൽ റവന്യൂ വനംവകുപ്പുകളുടെ കയ്യിലുള്ള സ്ഥലം സംരക്ഷിത വനഭൂമിയാക്കി മാറ്റാനുള്ള സാധ്യത പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
മൂന്നാറിലെ പ്രധാന റോഡുകൾ ഒഴിച്ചുള്ള മറ്റു പാതകളിൽ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തണം. ഏഴു മണിക്കു മുൻപ് സഞ്ചാരികൾ മുറികളിൽ മടങ്ങിയെത്തുന്നുവെന്ന് ഉറപ്പാക്കണമെന്നുമുള്ള ശുപാർശ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണ് ആശങ്ക. 187 ജീപ്പുകൾ കൊളുക്കുമലയിലേക്ക് സർവീസ് നടത്തുന്നത് വന്യജീവികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് സംബന്ധിച്ച് പഠനം നടത്തണം. അതുവരെ സർവീസ് നിർത്തുകയോ നിയന്ത്രിക്കുകയോ വേണമെന്ന ശുപാർശയും ചിന്നക്കനാലുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.
Also Read : 'അരികൊമ്പനെ കാടുകടത്തിയതിൽ പ്രയോജനമില്ല': വിദഗ്‌ധ സമിതി നിർദേശങ്ങളെ സ്വാഗതം ചെയ്‌ത് ആനപ്രേമികൾ