അണ്ടലൂര്‍ മഹോത്സവത്തിന് ഇന്ന് തിരശീല വീഴും കണ്ണൂര്‍: നാടിന്‍റെ മഹോത്സവത്തിന് ഇന്ന് തിരശീല വീഴുന്നു. കുംഭച്ചൂടിനെ അവഗണിച്ച് കഴിഞ്ഞ ഏഴ് ദിവസമായി ധര്‍മ്മടം ദേശത്തെ അണ്ടലൂര്‍ കാവിലെ ഉത്സവം ജനങ്ങളുടെ ഒരുമയുടെ ഉത്സവം കൂടിയായിരുന്നു. ഫെബ്രുവരി 14 ന് ആരംഭിച്ച ഉത്സവം ആചാരാനുഷ്‌ഠാന വൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു. മത്സ്യമാംസങ്ങള്‍ ഉള്‍പ്പെടെയുള്ള സസ്യേതര ഭക്ഷണങ്ങള്‍ ഒഴിവാക്കി ദേശവാസികള്‍ മുഴുവന്‍ ഉത്സവത്തില്‍ പങ്കാളികളായി.
ധര്‍മ്മടം ദേശത്തെ ആണ്‍കുട്ടികളും പുരുഷന്‍മാരുമൊക്കെ ബനിയനും തോര്‍ത്തും ധരിച്ചാണ് ആചാരത്തോടെ കാവില്‍ പ്രവേശിച്ചിരുന്നത്. ബാലി-സുഗ്രീവ യുദ്ധമായിരുന്നു ഭക്തജനങ്ങളെ ഏറെ ആകര്‍ഷിച്ചിരുന്നത്. ചെണ്ടയുടേയും ചീനിക്കുഴലിന്‍റേയും താളത്തിനൊപ്പിച്ച് ഇരു കൈയ്യിലും ചുരികയുമായി സുഗ്രീവന്‍ അരങ്ങത്ത് പ്രവേശിക്കുകയും താളം മുറുകുന്നതിനിടയില്‍ ബാലിയും സുഗ്രീവനും മുഖാമുഖം വന്ന് പോരു വിളിക്കുന്നതും തിങ്ങിക്കൂടിയ പുരുഷാരത്തെ ഉദ്വേഗത്തിന്‍റെ മുള്‍മനയില്‍ നിര്‍ത്തി. അങ്കത്തട്ടില്‍ ബാലി-സുഗീവന്‍മാരെ കാണാന്‍ ഓരോ ദിവസവും ജനങ്ങള്‍ തിങ്ങിക്കൂടി.
അണ്ടലൂര്‍ കാവിലെ പ്രധാന ആരാധനാ മൂര്‍ത്തിയായ ശ്രീരാമന്‍റെ പ്രതീകമെന്ന് വിശ്വസിക്കപ്പെടുന്ന ദൈവത്താര്‍ ഈശ്വരന്‍ തിരുമുടി അണിയുന്നതും ദര്‍ശിക്കാന്‍ ജനക്കൂട്ടം ഭക്തിയാദരപൂര്‍വ്വം തൊഴുകയ്യോടെ എത്തിയിരുന്നു. പൊന്‍ മുടി അണിഞ്ഞ ദൈവത്താര്‍ മേലെകാവില്‍ ഭക്തജനങ്ങളെ അനുഗ്രഹിച്ച ശേഷം അങ്കക്കാരനും ബപ്പൂരനുമൊപ്പം താഴെക്കാവിലേക്ക് പുലര്‍ച്ചയോടെ എഴുന്നള്ളി. ആട്ടം കഴിഞ്ഞ് മേലേക്കാവിലേക്ക് തിരിച്ചെഴുന്നള്ളുമ്പോള്‍ അനുഗ്രഹം തേടി ഭക്തജനങ്ങള്‍ കൂടി നിന്നു.
ഉത്സവത്തിനൊപ്പം അണ്ടലൂരിലെ വിപണിയും സജീവമായിരുന്നു. ഉത്സവകാലത്ത് വീട്ടില്‍ പുതിയ മണ്‍ പാത്രങ്ങളൊരുക്കുന്നതും ഈ ദേശത്ത് പതിവാണ്. അവിലും മലരും പാളയം കോടന്‍ പഴവും അതിഥി സല്‍ക്കാരത്തിനായി ഓരോ വീട്ടിലും ഒരുക്കിയിരുന്നു. ദൈവത്താര്‍ ഈശ്വരന്‍റെ പ്രസാദമായാണ് ഇത് വീട്ടുകാര്‍ നല്‍കുന്നത്.
രാമായണത്തിലെ സീതാന്വേഷണവും രാമ-രാവണ യുദ്ധവുമാണ് അണ്ടലൂര്‍ കാവിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. രാവണന്‍റെ രാജ്യമായ ലങ്കയില്‍ തടവില്‍ കഴിയുന്ന സീതാദേവിയെ മോചിപ്പിച്ച് വിജയശ്രീലാളിതനായി വരുന്ന ശ്രീരാമനാണ് ഇവിടെ ദൈവത്താറായി കോലം ധരിക്കുന്നത്. അങ്കക്കാരനായി ലക്ഷ്‌മണനും സന്തത സഹചാരിയായ ഹനുമാന്‍ ബപ്പൂരന്‍റെ വേഷമിടുന്നു. വ്രതം നോല്‍ക്കുന്ന വില്ലുകാര്‍ വാനരപ്പടയായി അയോദ്ധ്യയിലേക്ക് തിരിച്ചെഴുന്നള്ളുന്നതാണ് അണ്ടലൂര്‍ ഉത്സവം.