എറണാകുളം:ആന എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്‌ത് അമിക്കസ് ക്യൂറി റിപ്പോർട്ട്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ ആനകളെ ഉപയോഗിക്കാൻ പാടില്ല. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം വേണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോർട്ട് പരിശോധിച്ച് അന്തിമ മാർഗ്ഗ രേഖ ചൊവ്വാഴ്ച്ച പുറപ്പെടുവിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിൽ കൊണ്ടുപോകരുത്. 30 കിലോമീറ്ററിലധികം നടത്തിക്കൊണ്ടു പോകാനും പാടില്ല. എഴുന്നള്ളിപ്പുകൾക്ക് നിർത്തുമ്പോൾ ആനകൾ തമ്മിൽ മൂന്ന് മീറ്റര്‍ അകലവും ജനങ്ങളില്‍ നിന്ന് 10 മീറ്റർ അകലവും പാലിക്കണമെന്നും അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്‌തു.
ആനകളുടെ തലപ്പൊക്ക മത്സരം, വണങ്ങൽ, പുഷ്‌പവൃഷ്‌ടി എന്നിവ പാടില്ല. 65 വയസ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്. കൂടാതെ തീവെട്ടി അടക്കമുള്ളവയ്ക്ക് അഞ്ച് മീറ്റർ ദൂരപരിധി വയ്ക്കണം. രാവിലെ 11 മുതൽ വൈകുന്നേരം നാല് വരെയും രാത്രി 10 മണി മുതൽ രാവിലെ നാല് വരെയും ആനകളെ യാത്ര ചെയ്യിക്കരുത്. ഈ സമയം താത്‌കാലികമായ വിശ്രമ സൗകര്യം ഒരുക്കണം. മാത്രമല്ല, യാത്ര ചെയ്യുന്ന സമയത്തെ വിശ്രമ സമയമായി പരിഗണിക്കാനാകില്ലെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു.