മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്ന് വീണ്ടും വെളിപ്പെടുത്തി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. സമൂഹത്തിന്‍റെ കാവൽ ആവശ്യപ്പെടുന്ന രീതിയിൽ മഞ്ജു വാര്യർ അപകടത്തിലാണെന്ന് സംവിധായകന്‍ പറയുന്നത്. ഫേസ്‌ബുക്കിലൂടെ നീണ്ട കുറിപ്പ് പങ്കുവച്ച് കൊണ്ടായിരുന്നു സനല്‍കുമാറിന്‍റെ പ്രതികരണം.
കുറിപ്പിനൊപ്പം മഞ്ജു വാര്യരുടേതെന്ന് സനല്‍കുമാര്‍ ശശിധരന്‍ അവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പും പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ സനല്‍കുമാര്‍ പങ്കുവച്ച ഓഡിയോ ക്ലിപ്പുകള്‍ മഞ്ജു വാര്യരുടേത് അല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തി. പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലെ ശബ്‌ദത്തിന് മഞ്ജുവിന്‍റെ ശബ്‌ദവുമായി ഒരു സാമ്യവും ഇല്ലെന്നാണ് ആളുകളുടെ കണ്ടെത്തല്‍.
ഇതോടെ സനല്‍കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കടുക്കുകയാണ്. ഈ സാഹചര്യത്തില്‍ "ഇത് മഞ്ജു വാര്യരുടെ ശബ്‌ദമല്ല എനിക്ക് ഭ്രാന്താണ് എന്ന് നിലവിളിച്ച് കൊണ്ട് കുറച്ച് കൂലിക്കാർ എന്നെ നിശബ്‌ദനാക്കാൻ നോക്കുന്നു" എന്ന് കുറിച്ച് കൊണ്ട് സംവിധായകന്‍ രംഗത്തെത്തുകയായിരുന്നു.
സനല്‍കുമാര്‍ ശശിധരന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണ്ണരൂപം-
"കഴിഞ്ഞ നാലഞ്ച് ദിവസമായി ഞാൻ ഒരു സ്ത്രീയുടെ ജീവൻ അപകടത്തിലാണെന്ന് ഉറക്കെ ശബ്‌ദം ഉണ്ടാക്കുന്നു. ആകെ കൂടി കെഎം ഷാജഹാന്‍ മാത്രമാണ് ആ വിഷയത്തെ കുറിച്ച് എന്താണെന്ന് ചോദിക്കുകയെങ്കിലും ചെയ്‌തത്. ഞാൻ വെറുതെ ഒരു തോന്നൽ വിളിച്ചു പറയുക മാത്രമായിരുന്നില്ല.
എന്‍റെ കയ്യിലെ തെളിവായ ഒരു ഫോൺ സംഭാഷണത്തിന്‍റെ ശബ്‌ദ രേഖയും പുറത്തു വിട്ടിരുന്നു. ഇത് മഞ്ജു വാര്യരുടെ ശബ്‌ദമല്ല എനിക്ക് ഭ്രാന്താണ് എന്ന് നിലവിളിച്ച് കൊണ്ട് കുറച്ച് കൂലിക്കാർ എന്നെ നിശബ്‌ദനാക്കാൻ നോക്കുന്നു. ഇന്നലെ വിഷയത്തിന്‍റെ ഗൗരവം ഒന്നു നോക്കുകയെങ്കിലും ചെയ്യണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് കുറച്ച് സുഹൃത്തുക്കൾക്ക് നേരിട്ട് മെയിൽ അയച്ചു. ആരും പ്രതികരിച്ചില്ല.
ഇതൊരു കേവലം വ്യക്‌തിഗത പ്രണയത്തിന്‍റെ വിഷയം മാത്രമായി ആളുകൾ കാണുന്നത് കൊണ്ടാണോ അങ്ങനെ എന്ന് മനസ്സിലാവുന്നില്ല. അങ്ങനെ കണ്ടാൽ മാത്രം മതി എന്ന രീതിയിൽ ഒരു മസ്‌തിഷ്‌ക പ്രക്ഷാളനം നടക്കുന്നുന്നുണ്ട്. എന്നാൽ ഇത് അങ്ങനെ ലളിതമായൊരു വിഷയമല്ല. സത്യങ്ങൾ വിളിച്ചു പറഞ്ഞതിന്‍റെ പേരിൽ ഒരു കലാകാരനെതിരെ ഒരു സ്ത്രീയുടെ പേരിൽ കള്ളക്കേസുണ്ടാക്കി സമൂഹത്തിൽ നിന്നും ഭ്രാഷ്‌ടനാക്കിയ ചതിയുടെ വിഷയമാണ്.
പരസ്‌പരം പ്രണയിക്കുന്ന രണ്ട് പേരെ കാണാൻ അനുവദിക്കാതെ ബലമായി അകറ്റി നിർത്തുന്നതിന്‍റെ പ്രശ്‌നമാണ്. ഈ ചതിയുടെയും മനുഷ്യത്വഹീനമായ ഇടപെടലിന്‍റെയും യാഥാർഥ്യം പുറത്തുവരാതിരിക്കാൻ ഒരു സ്ത്രീയുടെ ജീവൻ തോക്കിൻ കുഴലിന് മുന്നിൽ നിർത്തുന്ന വിഷയമാണ്. അവളുടെ മകളുടെ ജീവിതത്തിന്‍റെ വിലപറഞ്ഞ് ഭീഷണിപ്പെടുത്തി പലയിടത്തും നിശബ്‌ദമാക്കുന്ന വലിയ വിഷയമാണ്.
മഞ്ജു വാര്യർ എന്തുകൊണ്ട് ഡബ്ല്യൂസിസിയില്‍ നിന്ന് പിന്‍മാറി, എന്തുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ കാര്യത്തിൽ പ്രതികരിച്ചില്ല തുടങ്ങി വിഷയങ്ങളിൽ ആ സ്ത്രീയെ അപഹസിക്കാനും വലിച്ചുകീറാനും ശ്രമിച്ചവർ പോലും ഇപ്പൊ ഈ ശബ്‌ദരേഖയിലൂടെ പുറത്തുവന്ന ഭീഷണിയുടെ സാധ്യത പോലും പരിഗണിക്കുന്നില്ല. ഇതാണോ സ്ത്രീ സുരക്ഷയുടെ പേരിൽ സാംസ്‌കാരിക കേരളത്തിന്‍റെ ജാഗ്രത?
ഒരു കാര്യം മാത്രം ഞാൻ പറയാം. ഇത് കേവലം പ്രണയത്തിന്‍റെ വിഷയമല്ല. സാമാന്യ നീതിയുടെ വിഷയമാണ്. സാമൂഹ്യ സുരക്ഷയുടെ വിഷയമാണ്. സ്ത്രീ സുരക്ഷയുടെ വിഷയമാണ്. ഇത്ര ഗൗരവമുള്ള ഒരു വിഷയം ഉന്നയിച്ചിട്ടും ഒരു പരസ്യ പ്രതികരണം നടത്താൻ കഴിയാത്തവണ്ണമുള്ള അവസ്ഥയിലാണ് മഞ്ജു വാര്യർ എന്ന സ്ത്രീ എന്ന കാര്യമെങ്കിലും ചിന്തിക്കണം.
എന്‍റെ ഫേസ്‌ബുക്ക് പൂർണമായും ടാർഗറ്റഡാണ്. പോസ്‌റുകൾ റീച്ച് ചെയ്യുന്നില്ല. ഇത്ര വലിയ വിഷയം ചർച്ച ചെയ്യരുതെന്ന് ഉറപ്പിക്കാൻ വലിയ ശ്രമങ്ങൾ നടക്കുന്നു. ഇപ്പോഴും എന്നെയും ആ സ്ത്രീയെയും പരസ്‌പരം സംസാരിക്കുന്നതിൽ നിന്നും അകറ്റി നിർത്തുന്നു. ഇത് പൊതുസമൂഹത്തിന്‍റെ മുന്നിൽ തേച്ചുമാച്ചു കളയുമെന്നും അവരെ അടിമയായി കൊണ്ട് നടക്കാമെന്നുമാണ് ഇപ്പോഴും അവരെ നിയന്ത്രിക്കുന്ന ശക്‌തികൾ കരുതുന്നത്. അതിന് സഹായകരമായ മൗനമാണ് സമൂഹത്തിൽ നിലനിൽക്കുന്നതും.
ഇത്രയും പ്രശസ്‌തയായ ഒരു സ്ത്രീയെ ഇങ്ങനെ കളിപ്പാവ പോലെ നിയന്ത്രിക്കാൻ കഴിയുന്നെങ്കിൽ നമ്മുടെ നാട്ടിലെ സ്ത്രീ സുരക്ഷയുടെ കാര്യം ഓർത്തുനോക്കുക. കണ്ണിൽ കുത്തുന്ന സത്യത്തിന് മുന്നിലും വായ മൂടിയിരിക്കുന്ന സമൂഹത്തിന് മുന്നിലും ഒരു ശബ്‌ദ രേഖ കൂടി ഞാൻ പങ്കുവയ്‌ക്കുകയാണ്. എനിക്കെതിരെയുള്ള കള്ളക്കേസ് താൻ ഒപ്പുവച്ചതല്ലെന്നും അതിൽ എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നുമാണ് ഇതിൽ മഞ്ജു വാര്യര്‍ പറയുന്നത്. മഞ്ജു വാര്യർ സമൂഹത്തിന്‍റെ കാവൽ ആവശ്യപ്പെടുന്ന രീതിയിൽ അപകടത്തിലാണെന്ന് ഞാൻ വീണ്ടും ആവർത്തിക്കുന്നു. ശബ്‌ദരേഖ കേൾക്കാം." -ഇപ്രകാരമായിരുന്നു സനല്‍കുമാര്‍ ശശിധരന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ്.