കാസർകോട്: പുഴുക്കളുടെ ശല്യം കാരണം കാസർകോട്ടെ ഒരു സ്‌കൂളിന് അവധി നൽകിയിരിക്കുകയാണ് പ്രധാനാധ്യാപിക. സ്‌കൂൾ മുറ്റത്തെ നെല്ലി മരത്തിലെ പുഴുക്കൾ വില്ലനായതോടെയാണ് സ്‌കൂളിന് അവധി നൽകിയത്. കാസർകോട് മഞ്ചേശ്വരം എസ്എടി ഹൈസ്‌കൂളിലാണ് സംഭവം.
പുഴു ശല്യത്തെ തുടർന്ന് വിദ്യാർഥികൾക്ക് തൊലിപ്പുറത്ത് ചൊറിച്ചിൽ അസഹ്യമായതിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്. തിങ്കളാഴ്‌ച നടന്ന അസംബ്ലിക്ക് ശേഷമാണ് വിദ്യാർഥികൾക്ക് ചൊറിച്ചിൽ ആരംഭിച്ചത്. ഇത് ക്രമേണ കൂടുതൽ വിദ്യാര്‍ഥികളിലേക്ക് വ്യാപിച്ചു.
എന്താണ് സംഭവിച്ചതെന്ന് ആദ്യം സ്‌കൂള്‍ അധികൃതര്‍ക്ക് മനസിലായിരുന്നില്ല. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അധ്യാപകർ വിവരമറിയിച്ചു. പരിശോധനയ്‌ക്കൊടുവിൽ ചൊറിച്ചിലിന്‍റെ ഉറവിടം കണ്ടെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്‌കൂൾ മുറ്റത്തെ നെല്ലിമരത്തിലും സമീപത്തുള്ള മരങ്ങളിലുമുള്ള നിറയെ രോമമുള്ള കമ്പിളി പുഴുക്കളാണ് വില്ലന്മാർ. പുഴുക്കളുടെ രോമങ്ങൾ ശരീരത്തിൽ വീണതോടെയാണ് കുട്ടികൾക്ക് ചൊറിച്ചിൽ ആരംഭിച്ചത്. ദിവസങ്ങളായി അലട്ടിയ പ്രശ്‌നത്തിന്‍റെ കാരണം കണ്ടെത്തിയതിന്‍റെ ആശ്വാസത്തിലാണ് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും.
വിദ്യാര്‍ഥികൾക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണ് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷവും വെള്ളിയാഴ്‌ചയും സ്‌കൂളിന് അവധി നല്‍കിയത്. സ്‌കൂളും പരിസരവും ശുചീകരിച്ച ശേഷമായിരിക്കും ക്ലാസുകൾ പുനരാരംഭിക്കുക. കുട്ടികൾക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.