തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ മദ്യക്കടകളോടു കിടപിടിക്കുന്ന രീതിയില്‍ മുന്തിയ ഇനം മദ്യങ്ങള്‍ക്കു മാത്രമായി മികച്ച മദ്യ ഷോപ്പുകള്‍ ആരംഭിക്കാന്‍ ബെവ്‌കോ തയ്യാറെടുക്കുന്നു. സൂപര്‍ പ്രീമിയം ഷോപ്പുകള്‍ എന്ന പേരിലാണ് സംസ്ഥാനത്ത് മികച്ച സൗകര്യങ്ങളില്‍ പ്രീമിയം മദ്യങ്ങള്‍ മാത്രം വില്‍ക്കുന്ന ഷോപ്പുകള്‍ ബെവ്‌കോ ആരംഭിക്കുന്നത്. സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍ എന്ന പേരില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും ഓരോന്നു വീതം ആരംഭിക്കാനാണ് ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചിട്ടുളളതെന്ന് ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി ഇടിവി ഭാരതിനോടു പറഞ്ഞു.
നിലവില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നിടത്ത് തന്നെ പ്രത്യേകമായാണ് പ്രീമിയം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുതുതായി ആരംഭിക്കുന്ന സൂപ്പർ പ്രീമിയം ഷോപ്പുകള്‍ക്കൊപ്പം വിലകുറഞ്ഞ മദ്യം ലഭിക്കുന്ന കൗണ്ടറുകള്‍ ഉണ്ടാകില്ല. അതായത് 750 മില്ലി ലിറ്ററിന് 750 രൂപവരെ വില വരുന്ന മദ്യം ഇത്തരം പുതിയ ഷോപ്പുകളില്‍ ഉണ്ടാകില്ല.
അതിനു മുകളിലുള്ള മദ്യങ്ങള്‍ വില്‍ക്കുന്നതിനാണ് സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍ ആരംഭിക്കുന്നത്. വളരെ മനോഹരമായ ഡിസ്‌പ്ലേയില്‍ മദ്യ ഉപഭോക്താക്കള്‍ക്ക് മികച്ച വാങ്ങൽ അനുഭവം പ്രദാനം ചെയ്യുന്ന തരത്തിലായിരിക്കും പുതിയ സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍ സജീകരിക്കുക. ഇതിനാവശ്യമായ ഇന്‍റീരിയര്‍ ഡിസൈനുകളുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
ഉടനടി 4 എണ്ണം, 3000 ചതുരശ്ര അടി വലിപ്പം
3000 ചതുരശ്ര അടി വലിപ്പത്തില്‍ മികച്ച ലുക്ക് ആന്‍ഡ് ഫീലിലായിരിക്കും പുതിയ സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍. ആദ്യ ഘട്ടത്തില്‍ 14 ജില്ലകളില്‍ ഓരോ സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍ സ്ഥാപിക്കാനാണ് ബെവ്‌കോ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ആദ്യ പടിയായി എറണാകുളം ജില്ലയില്‍ വൈറ്റില, വടക്കേക്കോട്ട, കോഴിക്കോട് ഗോകുലം മാള്‍, തൃശൂര്‍ മനോരമ ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഷോപ്പുകള്‍ ഉടന്‍ നിലവില്‍ വരും.
ആദ്യ നാലെണ്ണം പ്രവര്‍ത്തനം ആരംഭിച്ചാല്‍ മറ്റു ജില്ലകളില്‍ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഓരോന്നു വീതം സ്ഥാപിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ടൂറിസം കേന്ദ്രം എന്നതു പരിഗണിച്ച് വര്‍ക്കലയില്‍ സൂപ്പർ പ്രീമിയം കൗണ്ടര്‍ ആരംഭിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉടനടി 68 ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍
സംസ്ഥാനത്ത് ഉടനടി 68 ബിവറേജസ് ചില്ലറ വില്‍പനശാലകള്‍ ആരംഭിക്കാനുള്ള നീക്കം കോര്‍പറേഷന്‍ ആരംഭിച്ചിട്ടുണ്ട്. സുപ്രീംകോടതി നിര്‍ദേശ പ്രകാരം ഹൈവേയുടെ സമീപത്തു നിന്നു മാറ്റിയ ഔട്ട് ലെറ്റുകളാണ് പുനസ്ഥാപിക്കുന്നത്. ഇവയ്ക്ക് എക്‌സൈസ് ലൈസന്‍സ് നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് എം ഡി പറഞ്ഞു.
ബിവറേജസിന് കെട്ടിടം വാടകയ്ക്കു നല്‍കാന്‍ താത്പര്യമുള്ള ഉടമകള്‍ക്ക് ഓണ്‍ലൈന്‍ ആയി കെട്ടിടം വാടകയ്ക്കു നല്‍കുന്നതിന് ആരംഭിച്ച ഓണ്‍ലൈന്‍ സംവിധാനം വന്‍ വിജയമായിരുന്നു. ഇതനുസരിച്ച് 500 കെട്ടിട ഉടമകള്‍ കെട്ടിടം വാടകയ്ക്കു നല്‍കാന്‍ സന്നദ്ധമായി രംഗത്തു വന്നിട്ടുണ്ട്. ഇതില്‍ നിന്നായിരിക്കും ആദ്യ 68 ഔട്ട്ലെറ്റുകള്‍ക്കാവശ്യമായ കെട്ടിടങ്ങള്‍ തെരഞ്ഞെടുക്കുക.
ഇതിനു പുറമേ സംസ്ഥാന സര്‍ക്കാര്‍ 175 ചില്ലറ വില്‍പനശാലകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതും ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കോര്‍പറേഷന്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍ക്കു പുറമേ സംസ്ഥാനത്താകെ 243 ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് ബെവ്‌കോ.
ഇതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. 500 കെട്ടിടങ്ങളുടെ ഉടമകള്‍ വാടകയ്ക്ക് സന്നദ്ധമായി വന്നിട്ടുള്ളതിനാല്‍ 243 ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുന്നതിന് കെട്ടിടം കണ്ടുപിടിക്കേണ്ട ആവശ്യം ഉണ്ടാകുന്നില്ല. ഔട്ട്‌ലെറ്റുകളിലെ അമിതമായ തിരക്കു നിയന്ത്രിച്ച് കോര്‍പറേഷന്‍റെ വരുമാനം വര്‍ധിപിക്കുന്നതിനുള്ള നീക്കങ്ങളുമായി മുന്നേറുകയാണ് കോര്‍പറേഷന്‍റെ പുതിയ എംഡി ഹര്‍ഷിത അട്ടല്ലൂരി.