കോഴിക്കോട്: മാനന്തവാടി പഞ്ചാരകൊല്ലിയിൽ ആദിവാസി സ്ത്രീയെ കൊന്ന കടുവയെ വെടിവച്ചു കൊല്ലാന്‍ വനം വകുപ്പിന്‍റെ ഉത്തരവ്. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. കടുവയെ പിടികൂടുകയോ അതിന് കഴിഞ്ഞില്ലെങ്കിൽ വെടിവച്ച് കൊല്ലുകയോ ചെയ്യുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. കടുവ കാട് കയറിയിട്ടില്ലെന്നാണ് നിഗമനമെന്നും അധികൃതർ പറഞ്ഞു.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമമനുസരിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള സ്‌റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ (SOP) പ്രകാരമുള്ള നടപടികൾ സ്വീകരിക്കും. അതിനുശേഷം നരഭോജി കടുവയെ വെടിവച്ച് കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേർന്ന മറ്റ് പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പുലർത്തുമെന്നും ആവശ്യമായ ദ്രുതകർമ സേനയെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിൽ നിന്ന് വിദഗ്‌ധരായ ഷൂട്ടർമാരെയും വെറ്റിനറി ഡോക്‌ടർമാരെയും അടിയന്തരമായി വയനാട് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ കെഎസ് ദീപയെ ചുമതലപ്പെടുത്തി. കർണാടക ബന്ദിപ്പൂർ മേഖലയിൽ നിന്നും കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങൾ വയനാട് മേഖലയിലേക്ക് കടന്ന് വരാവുന്ന സാധ്യത പരിഗണിച്ച് ആ മേഖലകളിൽ കൂടുതൽ പട്രോളിങ് ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
നാളെ ഹർത്താൽ
നാളെ മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ ആദിവാസി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചും, ജനങ്ങളുടെ ജീവന് സര്‍ക്കാര്‍ സുരക്ഷ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടുമാണ് ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അനുശോചിച്ച് പ്രിയങ്കാ ഗാന്ധി: മാനന്തവാടി പഞ്ചാരകൊല്ലിയിൽ രാധയെന്ന വീട്ടമ്മയെ കടുവ കൊലപ്പെടുത്തിയ സംഭവത്തിൽ അനുശോചനം അറിയിച്ച് വയനാട് എംപി പ്രിയങ്കാ ഗാന്ധി. കാപ്പി വിളവെടുപ്പിനിടെ കടുവയുടെ ആക്രമണത്തിൽ രാധ കൊല്ലപ്പെട്ടുവെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. രാധയുടെ വേർപാടിൽ കുടംബത്തിന്‍റെ വേദനക്കൊപ്പം പങ്കുചേരുന്നുവെന്നും വയനാട് എംപി വ്യക്തമാക്കി. ഇത്തരം വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികൾ ആവശ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
അനുശോചിച്ച് ക്രിക്കറ്റ് താരം മിന്നു മണി: മാനന്തവാടിയിൽ കടുവ കൊലപ്പെടുത്തിയ രാധ തന്‍റെ ബന്ധുവാണെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നു മണി പറഞ്ഞു. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരം വിവരം പങ്കുവച്ചത്. തൻ്റെ അമ്മാവൻ്റെ ഭാര്യയാണ് കൊല്ലപ്പെട്ടത്. കടുവയെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും താരം ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു. അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മിന്നു മണി ഫേസ്ബുക്കിൽ കുറിച്ചു.
മിന്നുമണിയുടെ ഫേസ്ബുക്ക് പോസ്‌റ്റ്:
'വളരെ ഞെട്ടിക്കുന്ന വാർത്തയാണ് അൽപം മുമ്പ് കേൾക്കാൻ ഇടയായത്. വയനാട് പഞ്ചാരക്കൊല്ലിയിൽ ഉണ്ടായ കടുവയുടെ ആക്രമത്തിൽ മരണപ്പെട്ടത് എൻ്റെ അമ്മാവന്‍റെ ഭാര്യയാണ്. അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു മിന്നുമണി' എന്ന് മിന്നു മണി ഫേസ്ബുക്കിൽ കുറിച്ചു.
Also Read: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീക്ക് ദാരുണാന്ത്യം