തിരുവനന്തപുരം :ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ(42) കാണാതായിട്ട് 23 മണിക്കൂർ. സ്ഥലത്ത് ഫയർ ഫോഴ്‌സിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നിലവിൽ ആമയിഴഞ്ചാൻ തോട് കടന്നു പോകുന്ന തിരുവനന്തപുരം സെൻട്രൽ റെയിൽവേ ട്രാക്കിന്‍റെ മാൻഹോളുകൾ തുറന്ന് നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സിന്‍റെ സ്‌കൂബ ടീം റെയിൽവേ സ്റ്റേഷന് അകത്ത് കൂടി കടന്നു പോകുന്ന ആമയിഴഞ്ചാൻ തോട്ടിൽ പരിശോധന തുടരുകയാണ്.
നിരവധി ട്രെയിനുകൾ പോകുന്ന സമയമായതിനാൽ റെയിൽവേയുടെ സഹകരണത്തോടെ ട്രെയിനുകൾ ട്രാക്കിൽ നിന്നും മാറ്റിയാണ് രക്ഷാപ്രവർത്തന ദൗത്യം തുടരുന്നത്. സ്ഥലത്ത് മേയർ ആര്യ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ എത്തിയിട്ടുണ്ട്. മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ മാൻഹോളിൽ ഇറങ്ങിയുള്ള തെരച്ചിലിലും സ്‌കൂബ ടീം പ്രതിസന്ധി നേരിടുകയാണ്.