ആലപ്പുഴ:നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസിൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കുഞ്ഞ് മരിച്ചതാണോ അതോ കൊന്നതാണോ എന്ന് നിർണയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് സംഘവും പൊലീസും നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം അഴുകിയ നിലയിലാണെന്നും മരണകാരണം കണ്ടെത്താൻ പ്രയാസമാണെന്നും ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്‌ചയാണ് (ഓഗസ്‌റ്റ് 11) കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. കേസിൽ യുവതിയുടെ ആൺ സുഹൃത്തിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് കുട്ടിക്ക് ജീവനുണ്ടായിരുന്നില്ലെന്ന് പ്രതി പറഞ്ഞതായി അധികൃതർ അറിയിച്ചു. സെക്ഷൻ 91 (കുട്ടി ജീവനോടെ ജനിക്കുന്നത് തടയുകയോ ജനനശേഷം മരിക്കുകയോ ചെയ്യുക), 93 (12 വയസിന് താഴെയുള്ള കുഞ്ഞിനെ രക്ഷിതാവോ പരിചരിക്കുന്ന വ്യക്തിയോ ഉപേക്ഷിക്കുക) കൂടാതെ ഭാരതീയ ന്യായ സംഹിതയുടെ 94 (മൃതദേഹം രഹസ്യമായി നീക്കം ചെയ്യുന്നതിലൂടെ ജനനം മറച്ചുവെക്കൽ) എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തത്. കേസിൽ കൂട്ടുപ്രതിയുടെ അറസ്‌റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.