ആലപ്പുഴ:കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ച ദാരുണമായ അപകടത്തിന് പിന്നാലെ പ്രതികരിച്ച് ബസ് കണ്ടക്ടര്‍. ബസുമായി കൂട്ടിയിടിക്കുന്നതിന് മുമ്പ് കാർ അമിത വേഗതയിലായിരുന്നുവെന്ന് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ മനീഷ് വ്യക്തമാക്കി. അമിത വേഗതയായിരിക്കില്ല അപകടകാരണമെന്നും കാഴ്ചയുടെ പ്രശ്നമാണ് അപകട കാരണമെന്ന് കരുതുന്നതെന്നും ആലപ്പുഴ ആർടിഒ എകെ ദിലു പറഞ്ഞു.
അപകടത്തിൽപ്പെട്ട വാഹനത്തിൽ 11 പേരുണ്ടായിരുന്നെന്ന് ആലപ്പുഴ ആർടിഒ പറഞ്ഞു. 'വണ്ടി ഓടിച്ച വിദ്യാർഥിയുമായി സംസാരിച്ചതിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞത്. സെവൻ സീറ്റർ വാഹനമായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. 2010 മോഡൽ ടവേരയാണ് അപകടത്തിൽപ്പെട്ടത്' എന്നും ആര്‍ടിഒ വ്യക്തമാക്കി. വാഹനത്തിന് മുന്നിലേക്ക് എന്തോ വരുന്നത് കണ്ട് വെട്ടിച്ചുമാറ്റുകയായിരുന്നുവെന്ന് ആർടിഒയോട് ഡ്രൈവർ പറഞ്ഞു.
കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് അപകട കാരണമെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നിഗമനം. ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമിൽഖാന്റെ ഉടമസ്ഥതയിലുള്ള ടവേര കാർ വാടകയ്ക്കെടുത്തായിരുന്നു യാത്ര. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ രാത്രി സിനിമ കാണാനായി ആലപ്പുഴ നഗരത്തിലേക്കു പോകുമ്പോഴായിരുന്നു അപകടമെന്ന് സഹപാഠികൾ പറഞ്ഞു. ബസിലേക്ക് കാര്‍ നിയന്ത്രണംതെറ്റി ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികളും വ്യക്തമാക്കുന്നു.
അപകടത്തിൽ പ്രതികരിച്ച് ആർടിഒ
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ച അപകടത്തിന് പല ഘടകങ്ങള്‍ കാരണമായിരിക്കാമെന്ന് ആര്‍ടിഒ എകെ ദിലു പറഞ്ഞു. ഓവര്‍ലോഡ്, പ്രതികൂല കാലാവസ്ഥ, വാഹനത്തിന്റെ കാലപഴക്കം, വാഹനം ഓടിച്ച വിദ്യാര്‍ഥിയുടെ പരിചയക്കുറവ് എന്നിങ്ങനെ പല ഘടകങ്ങള്‍ അപകടത്തിലേക്ക് നയിച്ചിരിക്കാമെന്ന് ആര്‍ടിഒ വ്യക്തമാക്കി. കൂടുതൽ പേര് വാഹനത്തിലുണ്ടായിരുന്നത് അപകടത്തിന്റെ ആഘാതം വര്‍ധിക്കുന്നതിന് കാരണമായി. ഇടിയുടെ ആഘാതം മുഴുവൻ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനത്തിലേക്ക് വന്നു.
പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വാഹനം തെന്നിമാറാതെ ചെരിഞ്ഞുപോയി ഇടിക്കുകയായിരുന്നു. വാഹനത്തിലെ ഓവര്‍ലോഡ് കാരണം തെറിച്ചുപോകാതെ ഇടിയുടെ ആഘാതം മുഴുവൻ ഉള്ളിലേക്ക് വരുകയും അതാണ് അപകടത്തിന്റെ വ്യാപ്തി കൂടാൻ കാരണമെന്നും ആര്‍ടിഒ കൂട്ടിച്ചേർത്തു.
വാഹനം തെറിച്ചുപോയിരുന്നെങ്കിൽ അപകടത്തിന്റെ ആഘാതം കുറയുമായിരുന്നു. മഴ പെയ്തതും വാഹനം തെന്നിമാറാനുള്ള പ്രധാന കാരണമായി. ഡ്രൈവറുടെ പരിചയക്കുറവും കാരണമായിട്ടുണ്ടാകും. വണ്ടി ആരുടെതാണെന്നും എന്തിനാണ് ഇവര്‍ എടുത്തതെന്നും ഇവരുമായുള്ള ബന്ധവും മറ്റുമുള്ള കാര്യങ്ങളും അന്വേഷിക്കേണ്ടതാണെന്നും ആർടിഒ പറഞ്ഞു.
റെന്റ് എ കാബ് സൗകര്യം കേരളത്തിലുണ്ട്. അത് നിയമപരമായിട്ടുള്ളതാണ്. എന്നാൽ, ഇത് അങ്ങനെ അല്ല. സ്വകാര്യ വാഹനം വിട്ടുകൊടുത്തതാണ്. ഇന്‍ഷുറന്‍സ് ഉള്ള വണ്ടിയാണ്. 14 വര്‍ഷം പഴക്കമുള്ള വാഹനമായതിനാൽ തന്നെ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ഈ വാഹനത്തില്‍ ഇല്ല. അതിനാൽ തന്നെ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വീൽ ലോക്കായി. അങ്ങനെ സംഭവിച്ചാൽ വാഹനം ചെരിയും. ഇതും അപകടത്തിന് കാരണമായിട്ടുണ്ടാകും. പഴയ വണ്ടിയായതിനാൽ തന്നെ അമിത വേഗതയ്ക്കുള്ള സാധ്യതയില്ല. അപകടത്തിന്റെ ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കും.
വണ്ടിയോടിച്ച വിദ്യാര്‍ഥി പറയുന്നത് എന്തോ കണ്ട് വണ്ടി വെട്ടിച്ചെന്നാണ്. എന്നാൽ, അത്തരമൊരു കാര്യം വ്യക്തമായിട്ടില്ല. റോഡിൽ ആളുണ്ടായിരുന്നുവെന്ന് തോന്നിയപ്പോള്‍ വലത്തോട്ട് വെട്ടിതിരിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥി പറയുന്നത്. ഇക്കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് വന്നാലും ഇടത്തേക്ക് നീങ്ങാനുള്ള സമയം ഉണ്ടായിരുന്നു. റോഡിൽ വെളിച്ചത്തിന്റെ പ്രശ്നവും ഉണ്ടായിരുന്നുവെന്ന് ആർടിഒ വ്യക്തമാക്കി.
മഴ നിന്നാലും മരത്തിൽ നിന്ന് വെള്ളം വീഴുന്നുണ്ടായിരുന്നു. അതിനാൽ അവിടെ ജലപാളികള്‍ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. ഇതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നും ആര്‍ടിഒ പറഞ്ഞു. മഴയുടെ ബുദ്ധിമുട്ട് അപകടകാരണമായെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നതെന്നും അപകട സാധ്യതയുള്ള സ്ഥലമെന്നും, സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്എപി എ സുനിൽ രാജ് പറഞ്ഞു.
അപകടം ഇങ്ങനെ