ഇടുക്കി : ടാപ്പിങ്ങിന് തൊഴിലാളികളെ കിട്ടാനില്ലാതെ വന്നതോടെ ഹൈറേഞ്ചിലെ റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. പുതിയ തലമുറ ടാപ്പിങ് രംഗത്തേക്കു വരാന്‍ വിമുഖത പുലര്‍ത്തുന്നതും അയല്‍സംസ്ഥാന തൊഴിലാളികള്‍ക്ക് ടാപ്പിങ് അത്ര വശമില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. പഴയ തൊഴിലാളികള്‍ മാത്രമാണ് ഈ തൊഴില്‍ രംഗത്തുള്ളത്.
തൊഴിലാളികളുടെ കുറവ് മൂലം പല തോട്ടങ്ങളും ടാപ്പിങ് നടത്താതെ വെറുതെ ഇട്ടിരിക്കുകയാണ്. ഇതിന് പുറമെ പല കര്‍ഷകരും റബര്‍ മരം വെട്ടി നീക്കി മറ്റ് കൃഷിയിലേക്ക് മാറുന്ന സാഹചര്യവുമുണ്ട്. ചെറുകിട ഇടത്തരം കര്‍ഷകരാണ് ഏറെയും പ്രതിസന്ധിയിലായിരിക്കുന്നത്.
ഇവരില്‍ പലരും സ്വന്തമായി ടാപ്പിങ് ചെയ്യാന്‍ സന്നദ്ധരാണെങ്കിലും പരിചയക്കുറവ് കറയുത്‌പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. ടാപ്പിങ് തൊഴിലാളികള്‍ക്ക് മരം ഒന്നിന് രണ്ട് രൂപയാണ് കൂലി. പാലെടുത്തു ഉറയൊഴിച്ചു കൊടുത്താല്‍ മൂന്നര രൂപ കിട്ടും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രാവിലത്തെ ഉറക്കം കളഞ്ഞ് പണിക്കിറങ്ങുമ്പോഴും തുച്ഛമായ വരുമാനമാണ് ലഭിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. മറ്റ് കാര്‍ഷിക ജോലികള്‍ക്ക് 800 രൂപവരെ കൂലി കിട്ടും. രാവിലെ എട്ടിന് ജോലിക്കിറങ്ങിയാല്‍ മതി. ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാന്‍ അയല്‍ സംസ്ഥാന തൊഴിലാളികളെ ടാപ്പിങ് പഠിപ്പിച്ച് രംഗത്തിറക്കാന്‍ റബര്‍ ബോര്‍ഡ് ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു.
ടാപ്പിങ് പഠിച്ച ആരും തന്നെ ഈ തൊഴില്‍ ചെയ്യാന്‍ തയാറല്ല. അവര്‍ പ്രതീക്ഷിക്കുന്ന വരുമാനമില്ലാത്തതാണ് കാരണം. വിലയിടിവിനൊപ്പം ടാപ്പിങ് തൊഴിലാളികളുടെ ലഭ്യതക്കുറവ് കൂടിയാകുമ്പോള്‍ റബര്‍ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.
Also Read: അടയ്‌ക്ക കർഷകർക്ക് ആശ്വാസം; വിളവ് കുറവെങ്കിലും വിലയില്‍ വന്‍ കുതിപ്പ്, ഫൈബർ തോട്ടിയും രംഗത്ത്