കോഴിക്കോട്: കുന്ദമംഗലത്തിന് സമീപം നെച്ചിപ്പൊയിൽ ചങ്ങാലത്തുപറമ്പ് ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ച പെട്രോളിയം ഉത്‌പന്നങ്ങൾ പിടികൂടി. 18,000 ലിറ്റർ പെട്രോളിയം ഉത്‌പന്നങ്ങളാണ് പിടികൂടിയത്. ഗോഡൗണിൽ നിർത്തിയിട്ട ടാങ്കർ ലോറിയിലേക്ക് പെട്രോളിയം ഉത്‌പന്നങ്ങൾ കയറ്റുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കുന്ദമംഗലം പൊലീസ് പരിശോധനയ്ക്ക് എത്തിയത്. ആദ്യഘട്ട പരിശോധനയിൽ തന്നെ ഡീസലിനോട് സാമ്യമുള്ള ദ്രാവകമാണ് പിടികൂടിയത്. 12,000 ലിറ്റർ വലിയ കന്നാസുകളിലും 6000 ലിറ്റർ ടാങ്കർ ലോറിയിൽ നിന്നുമാണ് ഇവ പിടികൂടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഗോഡൗണിൽ നിന്നും പെട്രോളിയം ഉത്‌പന്നങ്ങൾ പിടികൂടിയ സംഭവത്തെ തുടർന്ന് ഇവിടെയുണ്ടായിരുന്ന തിരൂർ സ്വദേശി ഇ നിസാർ (35 ), തലശേരി സ്വദേശി റിഥിൽ (35 ) എന്നിവരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. മെഡിക്കൽ കോളജ് അസിസ്‌റ്റന്‍റ് കമ്മിഷണർ എ ഉമേഷ്, കുന്ദമംഗലം ഇൻസ്പെക്‌ടർ എസ് കിരൺ, എസ്ഐ നിധിൻ, പ്രൊബേഷൻ എസ്ഐ ജിബിഷ, ഗ്രേഡ് എസ്ഐ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഇതിനുപുറമെ ഹിന്ദുസ്ഥാൻ പെട്രോളിയം ഉദ്യോഗസ്ഥരായ നിതിൻ കെ രാമൻ, നിർമ്മൽ എന്നിവരുടെ നേതൃത്വത്തിൽ പെട്രോളിയം ഉത്‌പന്നത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ചു. ഇത്രയേറെ പെട്രോളിയം ഉത്‌പന്നങ്ങൾ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Also Read: പെട്രോളിയം സംഭരണിയിലെ ഇന്ധനചോർച്ച; പരിഹരിക്കാനാകാതെ എച്ച്പിസിഎൽ, ആശങ്കയിൽ നാട്ടുകാർ