ന്യൂഡൽഹി: 1994-ൽ ഡെറാഡൂണിൽ സൈനിക ഉദ്യോഗസ്ഥനെയും മകനെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. കുറ്റകൃത്യം ചെയ്യുമ്പോൾ പ്രതിക്ക് 14 വയസ് മാത്രമാണ് പ്രായം എന്ന് ചൂണ്ടിക്കാട്ടിയാണ് മോചനത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്. 25 വർഷത്തോളമായി തടവിൽ കഴിയുന്ന പ്രതിയെയാണ് കോടതി വെറുതെ വിട്ടത്. രാഷ്‌ട്രപതിക്ക് മുമ്പാകെ ദയാഹർജി സമർപ്പിച്ചെങ്കിലും മോചനം നേടാനായിരുന്നില്ല.
വിചാരണ കോടതി പ്രതിക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്. വധ ശിക്ഷ ഹൈക്കോടതി ശരിവെക്കുകയും ചെയ്‌തിരുന്നു. പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തന്നെ ആദ്യം തള്ളിയിരുന്നു. തുടര്‍ന്ന് ഉത്തരാഖണ്ഡ് ഗവർണറിന് മുമ്പാകെ സമര്‍പ്പിച്ച ദയാഹർജി നിരസിക്കപ്പെട്ടു. കുറ്റകൃത്യത്തിന്‍റെ സമയത്ത് പ്രതിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന വാദം 2006 ഫെബ്രുവരി 6-ന് ആണ് സുപ്രീം കോടതി തള്ളുന്നത്. തുടർന്ന് പ്രതിയുടെ അമ്മ ദയാഹർജിയുമായി രാഷ്‌ട്രപതിയെ സമീപിക്കുകയായിരുന്നു.
2012 മെയ് 8ന് പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്‌ത് രാഷ്‌ട്രപതി ഉത്തരവ് ഇറക്കി. എന്നാല്‍ 60 വയസ് തികയുന്നത് വരെ പ്രതിയെ മോചിപ്പിക്കാൻ പാടില്ല എന്നും ഉത്തരവിട്ടു. ഇന്ന് കേസ് വീണ്ടും പരിഗണിക്കവേയാണ് കൃത്യം ചെയ്യുമ്പോള്‍ പ്രതിക്ക് 14 വയസ് ആയിരുന്നതിനാല്‍ ജുവനൈലിറ്റിയുടെ ആനുകൂല്യം ലഭിക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്. പ്രതിയുടെ സ്‌കൂള്‍ സര്‍ഫിക്കറ്റിലെ ജനന തീയതി അനുസരിച്ച്, കൃത്യം നടത്തുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജസ്‌റ്റിസുമാരായ എം എം സുന്ദ്രേഷ്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിന്‍റെ എല്ലാ ഘട്ടങ്ങളിലും രേഖകൾ അവഗണിച്ചുകൊണ്ട് കോടതികൾ അനീതി കാണിച്ചെന്ന് സുപ്രീം കോടതി പറഞ്ഞു. നിരക്ഷരനായ ഹര്‍ജിക്കാരന്‍ ജുവനൈൽ ഹർജി ഉന്നയിച്ചിട്ടും അവഗണിക്കപ്പെട്ടു എന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം കോടതി വിധി രാഷ്‌ട്രപതിയുടെ ഉത്തരവിന്‍റെ പുനഃപരിശോധനയല്ലെന്നും 2015 ലെ ജുവനൈൽ ജസ്‌റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിന്‍റെ ആനുകൂല്യം അർഹനായ ഒരാൾക്ക് നൽകുകയാണ് ചെയ്യുന്നതെന്നും ബെഞ്ചിന് വേണ്ടി വിധി എഴുതിയ ജസ്‌റ്റിസ് സുന്ദ്രേഷ് വ്യക്തമാക്കി.
ഗുരുതരമായ അനീതിയാണ് ഈ കേസിൽ നടന്നിരിക്കുന്നതെന്നും ബെഞ്ച് പറഞ്ഞു. 'കുറ്റകൃത്യത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉത്തരവാദിയല്ല. മറിച്ച് അതിന് ഇരയാക്കപ്പെടുന്നു എന്നതാണ് വസ്‌തുതയെന്ന് ആരും കാണാതെ പോകരുത്.' - വിധിയില്‍ പറയുന്നു.
നവീകരണം, സമൂഹത്തിലേക്കുള്ള പുനരധിവാസം എന്നീ കണ്ണിലൂടെയാണ് നിയമം കുട്ടിയെ കാണേണ്ടതെന്നും കോടതി വ്യക്തമാക്കി. കുറ്റവാളിയായിട്ടല്ല, ഇരയായാണ് പ്രായപൂര്‍ത്തിയാകാത്തവരെ കണക്കാക്കേണ്ടത് എന്നും കോടതി പറഞ്ഞു. കുറ്റം ചെയ്യുന്ന സമയത്ത് പ്രതി പ്രായപൂർത്തിയാകാത്ത ആളാണെന്ന് തെളിഞ്ഞാൽ വധശിക്ഷയാണെങ്കില്‍ പോലും ഏത് ഘട്ടത്തിലും ശിക്ഷ റദ്ദാക്കാമെന്നും സുപ്രീം കോടതി വിധിച്ചു.