ന്യൂഡൽഹി: മോട്ടോർ വാഹനാപകടത്തിൽപ്പെടുന്നവര്‍ക്ക് ആദ്യ മണിക്കൂറുകളില്‍ പണരഹിത വൈദ്യചികിത്സ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. ഓരോ മനുഷ്യ ജീവനും വിലപ്പെട്ടതാണെന്നും സുവർണ മണിക്കൂറില്‍ (Golden Hour) ചികിത്സ ഉറപ്പാക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി.
മോട്ടോർ വാഹനാപകടങ്ങളില്‍ ചികിത്സ ലഭിക്കാതെ മരണം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഇത് ഒഴിവാക്കാനാണ് ആദ്യമണിക്കൂറുകളില്‍ പണരഹിത വൈദ്യചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുള്ളത്. ജസ്‌റ്റിസുമാരായ അഭയ് എസ് ഓക, അഗസ്‌റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന് നിർദേശം നൽകിയത്.
1988 ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 162 പ്രകാരം അപകടത്തില്‍പ്പെടുന്നവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി തയാറാക്കാനും 2022 ഏപ്രിൽ 1 മുതൽ സെക്ഷൻ 164-ബി പ്രകാരം മോട്ടോർ വാഹന അപകട ഫണ്ട് തയാറാക്കാനും കോടതി നിര്‍ദേശമുണ്ടായിരുന്നതാണ്. എന്നാല്‍ ഈ പദ്ധതി വെളിച്ചം കണ്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അടിയന്തിര വൈദ്യസഹായം നൽകേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് ബെഞ്ചിൻ്റെ വിധി. മാർച്ച് 14നകം പദ്ധതി തയാറാക്കി കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചു. ഇത് സംബന്ധിച്ച് ജനറൽ ഇൻഷുറൻസ് കൗൺസിൽ (ജിഐസി) പോർട്ടൽ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കാനും 2025 മാർച്ച് 14 നകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നികദേശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സെക്ഷൻ 2 (12-എ) പ്രകാരം കണക്കാക്കപ്പെട്ടിരിക്കുന്ന സുവർണ സമയം (Golden Hour) ഒരു മണിക്കൂർ ആണ്. സമയബന്ധിതമായ വൈദ്യസഹായം മരണം ഒഴിവാക്കുമെന്നും ആർട്ടിക്കിൾ 21 പ്രകാരം മനുഷ്യൻ്റെ ജീവിക്കാനുള്ള അവകാശം മുൻനിർത്തി ബെഞ്ചിന് വേണ്ടി വിധി എഴുതിയ ജസ്‌റ്റിസ് അഭയ് എസ് ഓക പറഞ്ഞു. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 162 ലെ സബ് സെക്ഷൻ (2) പ്രകാരം കഴിയുന്നത്ര വേഗത്തില്‍ 2025 മാർച്ച് 14നകം പദ്ധതി നടപ്പാക്കണമെന്നും കൂടുതൽ സമയം അനുവദിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
മോട്ടോർ വാഹനാപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സെക്ഷൻ 162 നിർണായകമാണ്. പല കേസുകളിലും ആശുപത്രി അധികൃതർ ചിലപ്പോൾ പൊലീസിൻ്റെ വരവ് വരെ കാത്തിരിക്കാറുണ്ട്. അതിനാൽ ജനറൽ ഇൻഷുറൻസ് കമ്പനികൾ മോട്ടോർ വാഹന നിയമപ്രകാരമുള്ള ഈ പദ്ധതിക്ക് അനുസൃതമായി റോഡ് അപകടത്തിന് ഇരയായവർക്ക് സുവർണ സമയത്ത് ചികിത്സ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
ഇൻഷുറൻസിന് സമർപ്പിക്കേണ്ട രേഖകള്‍
പരമാവധി ചികിത്സാച്ചെലവ് 1.5 ലക്ഷം രൂപയും ഏഴ് ദിവസത്തേക്കുള്ള കവറേജും ഉൾപ്പെടുന്ന മോട്ടോർ വാഹന അപകടങ്ങളിലെ ഇൻഷുറൻസിന് സമർപ്പിക്കേണ്ട രേഖകള്‍ ജിഐസി കോടതിയെ ബോധ്യപ്പെടുത്തി.
എഫ്ഐആറിൻ്റെ പകർപ്പ്, പോസ്‌റ്റ്മോർട്ടം റിപ്പോർട്ട്/പരിക്ക് റിപ്പോർട്ട്, മരണ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്, അവകാശവാദികളുടെ ബാങ്ക് പാസ്ബുക്ക്/ബാങ്ക് സ്‌റ്റേറ്റ്മെൻ്റിൻ്റെ പകർപ്പ്, അവകാശിയുടെ തിരിച്ചറിയൽ രേഖയുടെ പകർപ്പ്, ഇരയുടെ തിരിച്ചറിയൽ രേഖയുടെ പകർപ്പ്, പദ്ധതിയുടെ ക്ലോസ് 22 (2) അനുസരിച്ച് പണരഹിത ചികിത്സയിലൂടെ ലഭിച്ച തുക എന്നിവയുടെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാവുന്നതാണ്.
പദ്ധതിയുടെ പകർപ്പ് മാർച്ച് 21നോ അതിനുമുമ്പോ കോടതിയില്‍ സമർപ്പിക്കേണ്ടതുണ്ട്. റോഡ് ഗതാഗത മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ്റെ സത്യവാങ്മൂലവും നൽകണമെന്നും ബെഞ്ച് നിർദ്ദേശിച്ചു.