തിരുവനന്തപുരം : ആറന്മുളയുടെയും കുട്ടനാടിന്‍റെയും വേറിട്ട ശൈലീ ഭാവാങ്ങളും ഈണങ്ങളും കോര്‍ത്തിണക്കി വഞ്ചിപ്പാട്ട് മത്സരം. 50 വർഷമായി വഞ്ചിപ്പാട്ടുമായി ബന്ധപ്പെട്ട് കിടക്കുന്ന ആറന്മുള വിജയൻ നായരും, 42 വർഷമായി വഞ്ചിപ്പാട്ട് രംഗത്തുള്ള രാധാകൃഷ്‌ണനും 12 വർഷമായി വഞ്ചിപാട്ട് പരിശീലന രംഗത്തുള്ള മനു മലപ്പുറവും വഞ്ചിപ്പാട്ടിന്‍റെ ഭാവഗതികളെ കുറിച്ച് ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുന്നു.
വേഗതയുടെയും കായികതയുടെയും തലമാണ് കുട്ടനാട് വഞ്ചിപ്പാട്ട് പറയുന്നതെങ്കിൽ തീർത്തും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലൂടെയും സമാധാനത്തിന്‍റെ പാതയിലൂടെയും കടന്നു പോകുന്നതാണ് ആറന്മുള വഞ്ചിപ്പാട്ട് എന്നാണ് മൂവരുടെയും അഭിപ്രായം. ലോകത്തിൽ തന്നെ അറിയപ്പെടുന്ന ആറന്മുള ഉത്രട്ടാതി ജലമേളയുമായി ബന്ധപ്പെട്ട് കിടക്കുന്ന ആറന്മുള വിജയൻ നായരുടെ ജന്മദേശം ആറന്മുള ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇവിടുത്തുകാർക്ക് താരാട്ട് പാട്ട് കേൾക്കുന്നത് പോലെയാണ് വഞ്ചി പാട്ട് എന്നും ആറന്മുള പാട്ടുകേട്ട് നമ്മൾ ഉറങ്ങാറുള്ളത് എന്നും വിജയൻ നായർ പറയുന്നു. വഞ്ചിപ്പാട്ട് പാടിയുള്ള പാരമ്പര്യമാണ് ആറന്മുള ശൈലി സ്വയത്തമാക്കാൻ കാരണമായതെന്നും ആദ്ദേഹം പറയുന്നു.
ഏറെ പ്രാധാന്യമുള്ള ഗാനശാഖ ആണ് വഞ്ചിപാട്ടിന്‍റേത്. കുട്ടനാട് ശൈലിയേക്കാൾ കൂടുതൽ ആറന്മുള വഞ്ചിപ്പാട്ട് ആണ് ഉപയോഗിക്കുന്നത്. നല്ല ശബ്‌ദവും ലയവും ഒന്നിച്ചു വരുന്ന ഭാഷ ശുദ്ധിയുമാണ് വഞ്ചിപ്പാട്ടിന്‍റെ വിധിനിർണയത്തിന് ഘടകമാകുന്നത്.
10 പേർ ഒന്നിച്ചു പാടുമ്പോൾ ഉണ്ടാകുന്ന, മനുഷ്യന്‍റെ മനസിൽ ആഴത്തിൽ കടന്നുചെല്ലുന്ന ഭക്തിഗാന ശകലം നയന മനോഹരവും ശ്രവണ സുന്ദരവും ആണെന്നാണ് രാധാകൃഷ്‌ണൻ ആറന്മുളയുടെ അഭിപ്രായം. ലോകോത്തര ജലമേളയായി ഉയരുന്ന ആറന്മുള വഞ്ചിപ്പാട്ടും കണ്ണടച്ചു തുറക്കും മുൻപ് തുടക്കവും ഒടുക്കവും ഉണ്ടാകുന്ന കുട്ടനാട് ശൈലിയും രണ്ട് കാഴ്‌ചകൾ ആണ് സമ്മാനിക്കുന്നത്.
അതുകൊണ്ടു തന്നെ കുട്ടനാട് വഞ്ചിപ്പാട്ടിനെയും ആറന്മുള വഞ്ചിപ്പാട്ടിനെയും മത്സരയിനങ്ങളിൽ വേർതിരിക്കണമെന്നാണ് ഇവരുടെ പക്ഷം. 12 വർഷമായി വഞ്ചിപ്പാട്ട് രംഗത്തുള്ള മനു മലപ്പുറം ഒരുപക്ഷേ തോണികളോ കായലുകളോ ഇല്ലാത്ത നാട്ടിൽ നിന്ന് എത്തിയതാണ്.
എങ്കിലും ഓരോ കലോത്സവ വേദികളിലും നിരവധി ടീമുകളെ വഞ്ചിപ്പാട്ട് പരിശീലിപ്പിക്കുന്ന മനു ഇത്തവണ നാല് ടീമുകളെയാണ് അനന്തപുരിയിൽ കളത്തിൽ ഇറക്കിയത്. പൂരക്കളി പോലെ താളവും ഈണവുമുള്ള വഞ്ചിപ്പാട്ടിൽ കുചേലവൃത്തവും ഭഗവത്ഗീതയും ഉൾപ്പെടെയുള്ള പുരാണകഥകൾ ആണ് ഉപയോഗിക്കുന്നത്. പക്ഷേ ഇത്തവണ അതിൽ നിന്നൊക്കെ വ്യത്യസ്‌തമായി മലപ്പുറത്ത് നിന്നു തന്നെ വന്ന ഒരാൾ എഴുതിയ പാട്ട് പഠിച്ചു കൊണ്ടാണ് വേറിട്ട മത്സരം കാഴ്‌ചവച്ചത്.
Also Read: വട്ടമിട്ട് പറന്ന ഹെലികോപ്‌ടര്‍, ചീറിപ്പാഞ്ഞ ആംബുലന്‍സ്; വയനാട് ദുരന്തം ശബ്‌ദ വിസ്‌മയമാക്കി ഇഷ മെഹറിൻ