ദന്തേവാഡ: ബിജാപൂർ നക്‌സലൈറ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ബസ്‌തർ ഫൈറ്റേഴ്‌സ് ജവാൻ സുദർശൻ വെട്ടിയുടെ അന്ത്യകർമങ്ങൾക്കിടെ അരങ്ങേറിയത് ഹൃദയഭേദകമായ രംഗങ്ങള്‍. ദന്തേവാഡ ജില്ലയിലെ ഗുമ്‌ലാനാർ സ്വദേശിയായിരുന്നു സുദർശൻ വെട്ടി. കുടുംബവും നാട്ടുകാരും ചേർന്ന് പരമ്പരാഗത രീതിയിലാണ് സുദര്‍ശന്‍റെ അന്ത്യകർമങ്ങൾ നടത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇതിന്‍റെ ഭാഗമായി 'ഫേർണ' എന്ന ആചാരം അനുഷ്ഠിച്ചത് അവിടെ കൂടി നിന്ന ഓരോരുത്തരുടേയും കണ്ണ് നിറയ്‌ക്കുന്നതായിരുന്നു. രണ്ട് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിന്‍റെ പിതാവായിരുന്നു സുദര്‍ശന്‍. പിതാവ് മരണപ്പെട്ടാല്‍ നവജാത ശിശുക്കളെ പിതാവിന്‍റെ ചിതയ്ക്ക് മുകളിൽ രണ്ട് തവണ ഉഴിയുന്നതാണ് ഫേര്‍ണ.
ഇങ്ങനെ ചെയ്യുന്നതിലൂടെ, നവജാത ശിശുവിന് രക്തസാക്ഷിയായ പിതാവിന്‍റെ വീര്യവും ധൈര്യവും ലഭിക്കുമെന്നാണ് വിശ്വാസം. ജനുവരി ആറിനാണ് ഐഇഡി ഉപയോഗിച്ച് നക്‌സലുകള്‍ വാഹനം തകര്‍ത്തതിനെ തുടര്‍ന്ന് സുദര്‍ശന്‍ ഉള്‍പ്പെടെ എട്ട് ജവാന്‍മാരും ഒരു ഡ്രൈവറും കൊല്ലപ്പെടുന്നത്.
നാരായണ്‍പൂര്‍, ബിജാപൂര്‍ എന്നിവിടങ്ങളിലെ സംയുക്ത ഓപ്പറേഷനുശേഷം ദന്തേവാഡയിലെക്ക് മടങ്ങുന്നതിനിടെയാണ് ജവാന്‍മാര്‍ക്ക് നേരെ ആക്രമണമുണ്ടാവുന്നത്. ജനുവരി ഏഴിന്, ദന്തേവാഡ പൊലീസ് ആസ്ഥാനത്ത് വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചപ്പോള്‍ രണ്ട് മാസം പ്രായമുള്ള കുട്ടിയുമായി സുദര്‍ശന്‍റെ ഭാര്യയും എത്തിയിരുന്നു.
അതേസമയം സുദര്‍ശന്‍റെ അന്ത്യയാത്രയുടെ ദൃശ്യങ്ങള്‍ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്‌ണുദേവ് സായി സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സുദർശന്‍റെ രക്തസാക്ഷിത്വം ഛത്തീസ്‌ഗഡ് ഒരിക്കലും മറക്കില്ലെന്ന് മുഖ്യമന്ത്രി ഇതോടൊപ്പം കുറിച്ചു. രണ്ട് മാസം മാത്രം പ്രായമുള്ള മകന്‍, രക്തസാക്ഷിയായ പിതാവിനോട് അവസാനമായി വിടപറയുന്ന ഈ നൊമ്പരപ്പെടുത്തുന്ന ദൃശ്യം എല്ലാ ഹൃദയങ്ങളെയും ഞെട്ടിക്കുന്നതാണ്.
സുദര്‍ശന്‍റെയും മറ്റ് രക്തസാക്ഷികളുടെയും ത്യാഗം നക്സലിസത്തെ ഉന്മൂലനം ചെയ്യാനുള്ള തങ്ങളുടെ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം എക്‌സില്‍ വ്യക്തമാക്കി.