മികച്ച സിനിമകളും മികച്ച ഗാനങ്ങളും മികച്ച കലാകാരന്മാരും ജനഹൃദയങ്ങളിൽ പുതുതായി ഇടം പിടിക്കുമ്പോൾ പഴയ കാര്യങ്ങൾ മറക്കുക സ്വാഭാവികമാണ്. മലയാള സംഗീത ശാഖയുടെ ചരിത്രം, അതുല്യ നിമിഷങ്ങൾ, മഹാരഥന്മാരുടെ സംഭാവനകൾ ഇവയൊന്നും കാലം മാറുന്നതിനനുസരിച്ച് മറന്നു കളയേണ്ടതല്ലെന്ന് ഓർമിപ്പിക്കുകയാണ് പ്രശസ്‌ത എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ രവി മേനോൻ.
കേരളത്തിലെ മുൻനിര മാധ്യമങ്ങളിൽ ഉന്നത പദവി വഹിച്ചിട്ടുള്ള വ്യക്തിത്വം കൂടിയാണ് രവി മേനോൻ. ചരിത്രം മറവിയിൽ ഇടം പിടിക്കേണ്ട കാര്യമല്ലെന്ന് ഓർമിപ്പിച്ചുകൊണ്ട് എല്ലാ ആഴ്‌ചയിലും രവി മേനോൻ മലയാള ഗാന ലോകത്തെക്കുറിച്ച് മുൻനിര മാധ്യമങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. കേൾക്കാൻ രസമുള്ള മലയാള സിനിമ സംഗീത ലോകത്തെ ചില അപൂർവ്വ നിമിഷങ്ങളെ പറ്റി രവി മേനോൻ ഇ ടി വി ഭാരതിനോട് സംസാരിക്കുന്നു. യാദൃശ്ചിതകളുടെ പരിണിതഫലമാണ് മലയാള സംഗീത ലോകത്തെ കുറിച്ചുള്ള ഗവേഷണത്തിന് കാരണമായതെന്ന് രവി മേനോൻ പറയുകയുണ്ടായി.
"കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജേണലിസം പാസായി പുറത്തിറങ്ങി. ആ സമയത്താണ് കേരളകൗമുദി കോഴിക്കോട് എഡിഷൻ ആരംഭിക്കുന്നത്. കേരളത്തിന്‍റെ മാധ്യമ ചരിത്രത്തിൽ നൂറുവർഷത്തിലധികം പാരമ്പര്യമുള്ള കേരളകൗമുദി തന്നെയാണ് ഇവിടുത്തെ പല പ്രഗൽഭൻമാരുടെയും ആദ്യ തട്ടകം. ഇന്ത്യയിലാദ്യമായി കമ്പ്യൂട്ടറൈസ്‌ഡ് ഫോട്ടോ കമ്പോസിങ് , പ്രിന്റിങ് ഒക്കെ ആരംഭിക്കുന്ന ഒരു പത്രം കേരളകൗമുദിയാണ്. സ്വാഭാവികമായും ആധുനിക ടെക്നോളജി ഉപയോഗപ്പെടുത്തുന്ന ഒരു പത്രത്തിൽ ജോലി ചെയ്യാനുള്ള ആഗ്രഹം ഉണ്ടായി. 400 രൂപ ശമ്പളത്തിൽ ജേണലിസ്‌റ്റ് ട്രെയിനിയായി കർമ്മ മണ്ഡലം ആരംഭിക്കുന്നു", രവി മേനോന്‍ പറഞ്ഞു തുടങ്ങി.
കരിയറിന്‍റെ തുടക്കം
"ആദ്യകാലത്ത് സംഗീതത്തോടൊപ്പം തന്നെ സ്പോർട്‌സിനോടും വലിയ കമ്പം ഉണ്ടായിരുന്നു. ഫുട്ബോൾ ജീവവായുമായി കൊണ്ടുനടക്കുന്ന സമയം. ജേണലിസ്‌റ്റ് ട്രെയിനിയിൽ നിന്നും സ്പോർട്‌സ് ലേഖകനാവുക എന്നുള്ളതാണ് ലക്ഷ്യം. ആ സമയത്താണ് നെഹ്റു ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്‍റ് കോഴിക്കോട് സംഘടിപ്പിക്കുന്നത്. സ്വാഭാവികമായും സ്ഥാപനത്തിന് ഒരു സ്പോർട്‌സ് ലേഖകന്‍റെ ആവശ്യം വരുന്നു. ആ അവസരം എന്നിൽ നിക്ഷിപ്‌തമായി. പിന്നീട് മലബാർ മേഖലയിലെ നിരവധി ടൂർണമെന്‍റുകൾ റിപ്പോർട്ട് ചെയ്‌തു", രവി മേനോന്‍ തന്‍റെ കരിയര്‍ ആരംഭിച്ചതിനെ കുറിച്ച് വിശദീകരിച്ചു.
അതിനിടയിൽ മലയാളം സംഗീതത്തെയും സംഗീത ശാഖയെയും കുറച്ച് അറിയുവാനുള്ള താൽപര്യം കൂടിക്കൂടി വന്നു. പാട്ടുകളെക്കുറിച്ച് ലേഖനങ്ങൾ എഴുതാനുള്ള താല്പര്യം ഉണ്ടായിരുന്നു. ആ സമയത്ത് മലയാളത്തിൽ പാട്ടുകളെ കുറിച്ച് ലേഖനം എഴുതുന്ന ആരും തന്നെ ഇല്ല. രാജു ഭരതനെ പോലെ ഇംഗ്ലീഷ് ഭാഷയിൽ പാട്ടുകളെ കുറിച്ച് ലേഖനങ്ങൾ എഴുതുന്ന ചില വ്യക്തിത്വങ്ങൾ മാത്രമാണ് അക്കാലത്ത് ഉണ്ടായിരുന്നത്.
സംഗീതത്തോടുള്ള ഇഷ്‌ടം
"1980കളുടെ അവസാനത്തിൽ പ്രശസ്‌ത ഗായിക പി. ലീല കോഴിക്കോട് വരികയുണ്ടായി. കുട്ടിക്കാലം മുതൽ കേട്ട് പരിചയിച്ച ആരാധിച്ച ശബ്‌ദത്തിനു ഉടമയാണ് പി.ലീല ചേച്ചി. സ്വാഭാവികമായും ലീല ചേച്ചിയെ ഒന്ന് കാണണമെന്ന് ആഗ്രഹം ഉദിക്കുന്നു. എന്‍റെ അമ്മാവനായ മുല്ലശ്ശേരി രാജഗോപാൽ എന്ന വ്യക്തിക്ക് പി. ലീലയെ പരിചയമുണ്ട്. ഐ.വി ശശിയുടെ സംവിധാനത്തിൽ രഞ്ജിത്തിന്‍റെ തിരക്കഥയിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം 'ദേവാസുര'ത്തിലെ മോഹൻലാലിന്‍റെ കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠൻ മുല്ലശ്ശേരി രാജഗോപാലിന്‍റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സൃഷ്‌ടിച്ചതാണ്. അമ്മാവന്‍റെ സഹായത്തോടെ ലീല ചേച്ചിയെ കാണുവാനുള്ള അവസരം ലഭിച്ചു.
കോഴിക്കോട് അളകാപുരിയിൽ ആണ് ലീല ചേച്ചി താമസിക്കുന്നത്. മുറിയിലേക്ക് കയറി ചെല്ലുമ്പോൾ കാണുന്നത് ഗുരുവായൂരപ്പന്‍റെ ഒരു ഫോട്ടോ മേശപ്പുറത്ത് വച്ച് പ്രാർത്ഥിക്കുന്ന ലീല ചേച്ചിയെയാണ്. വളരെയധികം പ്രായമായിട്ടുണ്ട്. വിശുദ്ധിയുടെ പ്രതീകം എന്നൊക്കെ തോന്നുന്നു. ധാരാളം സമയം ചേച്ചിയുമായി പാട്ടുകളെ കുറിച്ച് സംസാരിച്ചിരുന്നു. പാട്ടുകളെക്കുറിച്ച് സംസാരിക്കാൻ ലീല ചേച്ചിക്ക് വളരെയധികം താല്പര്യമാണ്. ഒരുപാട് കാര്യങ്ങൾ സംസാരവിഷയമായി.
ഒടുവിൽ പോകാൻ ഇറങ്ങിയപ്പോൾ യാത്രയാക്കാൻ ലീല ചേച്ചിയും ഒപ്പം ഇറങ്ങി വന്നു. യാത്ര പറഞ്ഞു നടക്കുന്നതിനിടയിൽ ലീല ചേച്ചി ചോദിച്ച ഒരു ചോദ്യം അക്ഷരാർത്ഥത്തിൽ എന്നെ വ്യാകുലനാക്കി. നമ്മളീ സംസാരിച്ചത് ഒക്കെ എവിടെയാണ് അച്ചടിച്ചു വരിക. ചേച്ചി കരുതിയത് ഞാൻ ലീല ചേച്ചിയെ ഇന്‍റര്‍ വ്യൂ ചെയ്യുകയാണ് എന്നാണ്.
ലീല ചേച്ചിയുമായി സംസാരിച്ചത് ഞാൻ പേപ്പറിൽ എഴുതി എടുക്കുകയോ റെക്കോർഡ് ചെയ്യുകയോ ചെയ്‌തിട്ടില്ല. ചേച്ചി ഞാൻ അറിയിക്കാം എന്ന് മറുപടി പറഞ്ഞു മടങ്ങി. ശേഷം മനസ്സിലുള്ള കാര്യങ്ങൾ വച്ച് ഒരു ലേഖനം എഴുതി", പി. ലീലയെന്ന അനശ്വര ഗായികയെ ഓര്‍ത്തു കൊണ്ട് രവി മേനോന്‍ പറഞ്ഞു.
"അന്നത്തെ കേരളകൗമുദിയുടെ ഞായറാഴ്‌ച പതിപ്പിന്‍റെ ചാർജ് ഉണ്ടായിരുന്ന ഭാസുരചന്ദ്രൻ അദ്ദേഹത്തിന്‍റെ കയ്യിൽ ഏൽപ്പിച്ചു. ലേഖനം അടുത്ത ഞായറാഴ്‌ച അച്ചടിച്ചു വരുന്നു. 'ഉജ്ജയിനിയിലെ ഗായിക' എന്ന തലക്കെട്ടിലാണ് ലേഖനം അച്ചടിച്ചു വന്നത്. അവിടെ നിന്നാണ് സംഗീതത്തെക്കുറിച്ചും സംഗീതജ്ഞരെക്കുറിച്ചും ഗവേഷണം ചെയ്യുവാനും ലേഖനങ്ങൾ പുസ്‌തകങ്ങൾ എന്നിവയൊക്കെ എഴുതുവാനും ആരംഭിച്ചത്. ഞാൻ പോലും അറിയാതെ പാട്ടുകളെക്കുറിച്ച് അവിടെനിന്ന് എഴുതി തുടങ്ങുകയായിരുന്നു", രവി മേനോൻ വ്യക്തമാക്കി.
മഹാരഥന്മാർക്കൊപ്പം ചേർത്ത് വായിക്കപ്പെടാത്ത ജയവിജയ
മലയാളത്തിലെ മഹാരാഥന്മാരായ ദേവരാജൻ മാഷ്, പി ഭാസ്‌കരൻ, അർജുനൻ മാസ്‌റ്റര്‍, ഒ എൻ വി കുറുപ്പ്, തുടങ്ങിയവരോടൊപ്പം ചേർത്ത് വായിക്കേണ്ട പേര് തന്നെയാണ് സംഗീത സംവിധായകനും ഗാന രചയിതാവുമായ കെ ജി ജയൻ. ആറു മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹം അന്തരിക്കുന്നത്. കെ ജി ജയൻ അല്ലെങ്കിൽ ജയവിജയ എന്ന പേര് മലയാള സംഗീതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പലരും ഓർക്കാറ് കൂടിയില്ല.
മലയാളത്തിലെ മഹാരഥന്മാർ സൃഷ്‌ടിച്ച സംഗീത സരണിയിൽ സമാന്തരമായ ഒരു പാദസൃഷ്‌ടിച്ച കലാകാരന്മാരാണ് ജയവിജയ. പ്രത്യേകിച്ചും ഭക്തിഗാന ലോകത്ത്. സംഗീതപ്രേമികൾക്കിടയിൽ പുതിയൊരു ആസ്വാദന സംസ്‌കാരം തന്നെ കെ. ജി ജയൻ സൃഷ്‌ടിച്ചിരുന്നു. സിനിമയിൽ വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ അവർ ചെയ്‌തിട്ടുള്ളൂ. യേശുദാസ് പാടിയ അഭിനയിച്ച 'നക്ഷത്രദീപങ്ങൾ തിളങ്ങി', 'ഹൃദയം ഒരു ദേവാലയം' തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ജയവിജയയുടെ സംഭാവനയാണ്. ഇത് സിനിമയ്ക്ക് വേണ്ടി എഴുതിയതോ സൃഷ്‌ടിച്ചതോ ആയ ഗാനങ്ങൾ അല്ല.
'ഹൃദയം ദേവാലയം' എന്ന പാട്ട് മഹാക്ഷേത്രങ്ങൾക്ക് മുന്നിൽ എന്ന ഒരു പുസ്‌തകം വായിച്ചപ്പോൾ ബിച്ചു തിരുമലയ്ക്ക് ലഭിച്ച ഒരു ആശയം വച്ച് എഴുതിയ ഗാനമാണ്. 'തെരുവ് ഗീതം' എന്ന സിനിമ സംഭവിച്ചപ്പോൾ അതിലൊരു സാഹചര്യവുമായി വരികൾ യോഗ്യമാണെന്ന് തോന്നിയപ്പോൾ ബിച്ചു തിരുമല ഈ പാട്ട് ജയവിജയക്ക് നൽകുകയാണ് ചെയ്‌തത്. പക്ഷേ ആ ചിത്രം റിലീസ് ചെയ്‌തിട്ടില്ല.
ദൃശ്യഭംഗിയില്ലാതെ മലയാളത്തിൽ ഒരു ഗാനം ഹിറ്റാക്കിയ ചരിത്രം ജയ വിജയ യ്ക്കുണ്ട്. 'നക്ഷത്രദീപങ്ങൾ തെളിഞ്ഞു' എന്ന ഗാനം മലയാളത്തിൽ ലഭിക്കുന്നതും വളരെ യാദൃശ്ചികമായാണ്. ജയവിജയയെ കാണാൻ ബിച്ചു തിരുമല ഒരിക്കൽ അവർ താമസിക്കുന്ന മദ്രാസിലെ ഹോട്ടലിൽ എത്തി.
ബിച്ചു തിരുമല കയ്യിൽ ഉണ്ടായിരുന്ന ഒരു ഡയറി ലോഡ്‌ജിലെ മേശപ്പുറത്ത് വച്ച് അമ്പലത്തിലേക്ക് പോയി. ഡയറി എടുത്ത് മറിച്ചു നോക്കിയ കെ. ജി ജയൻ ചെമ്പൈ സ്വാമിയെ കുറിച്ചും പാലക്കാട് മണി അയ്യരെക്കുറിച്ചുമുള്ള ഒരു കവിത കാണാനിടവരുന്നു.
കവിത വായിച്ച് കൗതുകം തോന്നിയ കെ ജി ജയൻ ബിച്ചു തിരുമല അമ്പലത്തിൽ നിന്ന് തിരിച്ചെത്തുന്നതിനു മുൻപ് തന്നെ ഒരു ട്യൂൺ ഉണ്ടാക്കി. പക്ഷേ ഗാനം സിനിമയിലെത്താൻ പിന്നെയും വർഷങ്ങൾ എടുത്തു. 'നിറകുടം' എന്ന ഒരു റീമേക്ക് ചിത്രത്തിലാണ് ഈ ഗാനം ഉപയോഗിച്ചത്. 'നക്ഷത്രദീപങ്ങൾ തിളങ്ങി' എന്ന ഗാനം എവർഗ്രീൻ ഹിറ്റ്. യാദൃശ്ചിതകളുടെ ഒരു ജീവിതമാണ് ജയവിജയമാരുടെതെന്ന് പറയാം", രവി മേനോൻ വിശദീകരിച്ചു.
എസ് ജാനകി അന്വേഷിക്കുന്ന പാട്ടുകാരൻ
പല ഹിറ്റ് പാട്ടുകളും മലയാളി ഇപ്പോഴും മൂളികൊണ്ട് നടക്കുമെങ്കിലും പാട്ടുപാടിയ ആളിനെ കുറിച്ച് ചിലപ്പോൾ ധാരണ ഉണ്ടാകണമെന്നില്ല. ആര് പാടി ആര് സംഗീത സംവിധാനം നിർവഹിച്ചു ആരാണ് ഗാനരചയിതാവ് എന്നിങ്ങനെയുള്ള കാര്യങ്ങൾ എല്ലാ പാട്ടിനെക്കുറിച്ചും മനസിലാക്കി വയ്ക്കുന്നത് എന്നെപ്പോലുള്ള ചില കിറുക്കന്മാർ മാത്രമായിരിക്കുമെന്ന് രവി മേനോൻ പറയുകയുണ്ടായി.
മലയാളിയുടെ മനസിൽ എപ്പോഴും പുതുമ നഷ്‌ടപ്പെടാതെ സൂക്ഷിക്കുന്ന പല ഗാനങ്ങൾക്ക് പിന്നിലും അറിയപ്പെടാത്ത ഒരുപാട് കലാകാരന്മാർ ഉണ്ട്. അത്തരം കലാകാരന്മാരെ മലയാളിക്ക് പരിചയപ്പെടുത്തുക എന്നുള്ളത് എന്‍റെ ഒരു ആഗ്രഹമായിരുന്നു. 'മെല്ലെ നീ മെല്ലെ വരൂ' എന്ന പാട്ട് എസ് ജാനകിക്കൊപ്പം പാടിയ സതീഷ് ബാബു എന്ന ഗായകനെ കണ്ടെത്തി അയാളെക്കുറിച്ച് എഴുതിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വളരെ ചുരുക്കം പാട്ടുകൾ പാടിയ ഒരു കലാകാരനാണ് ഗോപൻ. എറണാകുളം സ്വദേശിയായ ഗോപൻ തിരുവനന്തപുരത്തെ കല്ലറഗോപനാണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. അങ്ങനെ ഒരു തെറ്റിദ്ധാരണ മലയാളി സംഗീതാസ്വാദകർക്ക് തിരുത്തി കൊടുക്കാൻ സാധിച്ചു. ശശിധരൻ, ചന്ദ്രമോഹൻ അങ്ങനെ നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ഗായകരെ കണ്ടെത്തി ഓർമ്മ പുതുക്കിയിട്ടുണ്ട്. മലയാളി മറന്നു പോയ പാട്ടുകാരെ അന്വേഷിച്ചു കണ്ടെത്തുക എന്നുള്ളത് എനിക്ക് വളരെയധികം ഇഷ്‌ടമുള്ള കാര്യമാണ്. അങ്ങനെയാണ് എസ് ജാനകിക്കൊപ്പം പാടിയ ഗോപൻ എന്ന കലാകാരനെ കണ്ടെത്തുന്നത്.
1980ല്‍ പുറത്തിറങ്ങിയ 'ശക്തി' എന്ന ചിത്രത്തിലെ 'മിഴിയിൽ എന്നും നീ ചൂടും നാളം' എന്ന ഗാനം എസ് ജാനകിയ്ക്കൊപ്പം ആലപിച്ചത് ഗോപനായിരുന്നു. ഗോപൻ എവിടെയാണെന്ന് അറിയാൻ സത്യത്തിൽ എസ് ജാനകിയ്ക്കും ആഗ്രഹമുണ്ടായിരുന്നു.
കണ്ടെത്തിയ ഉടനെ തന്നെ ഗോപൻ എന്നോട് ചോദിച്ചത് ഇപ്രകാരമാണ്. മലയാളിയൊക്കെ എന്നെ ഇപ്പോഴും ഓർക്കുന്നുണ്ടോ? എസ് ജാനകിക്ക് പോലും ഓർമ്മയില്ലാതിരുന്ന സതീഷ് ബാബു, ഗോപൻ തുടങ്ങിയവരെ കണ്ടെത്തി മലയാളിക്ക് വീണ്ടും പരിചയം പുതുക്കിയത് നാഴികക്കല്ല് തന്നെയാണ്.
ഐ വി ശശിയുടെ മോഷണവും
മലയാളത്തിലെ പ്രശസ്‌ത സംഗീത സംവിധായകനായിരുന്ന എ ടി ഉമ്മറും കണ്ണൂർ രാജനും തമ്മിലുള്ള ഒരു സൗന്ദര്യ പിണക്കത്തെക്കുറിച്ച് രവി മേനോൻ വിശദീകരിക്കുകയാണ്. ഐ വി ശശി എന്ന സംവിധായകൻ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. തന്‍റെ സിനിമയിലെ ചക്രവർത്തി താനാണ്. സംവിധാനത്തിൽ മാത്രമല്ല ഗാനരചനയിലാണെങ്കിലും സംഗീത സംവിധാനത്തിൽ ആണെങ്കിലും ഛായാഗ്രഹണത്തിൽ ആണെങ്കിലും ഐ വി ശശിയുടെ കൈകടത്തലുകൾ ഉറപ്പായും ഉണ്ടാകും.
ഐ വി ശശിയുടെ കാഴ്‌ചപ്പാടിനോട് യോജിച്ചുപോകുന്ന സംഗീതസംവിധായകരെ മാത്രമേ അദ്ദേഹം തന്‍റെ സിനിമകളിൽ സഹകരിപ്പിച്ചിട്ടുള്ളൂ. അതിൽ ഒരാളാണ് പ്രശസ്‌ത സംഗീത സംവിധായകനായ എ ടി ഉമ്മർ. അദ്ദേഹം ഐ വി ശശി പറയുന്നതിനപ്പുറത്തേക്ക് ഒരു ചുവടു പോലും വയ്ക്കില്ല.
കണ്ണൂർ രാജൻ ഒരു നാടകത്തിന് വേണ്ടി ചെയ്‌തുവച്ചിരുന്ന ഒരു ഗാനം തന്‍റെ ഒരു ചിത്രത്തിൽ ഉപയോഗിക്കണമെന്ന് ഐ വി ശശി ആഗ്രഹിച്ചു. പക്ഷേ ആ ചിത്രത്തിന്‍റെ സംഗീതസംവിധായകൻ എ ടി ഉമ്മർ ആണ്. സിനിമ പുറത്തിറങ്ങിയതോടെ ഗാനങ്ങൾ സൂപ്പർ ഹിറ്റ്. ആ സിനിമയിലെ ഗാനങ്ങൾക്ക് ബഹുമതികൾ തേടിയെത്തി. ഇതോടെ കണ്ണൂർ രാജൻ പ്രശ്‌നത്തിലായി.
പക്ഷേ ഈ കാര്യങ്ങളെക്കുറിച്ച് പാവം എ ടി ഉമ്മറിന് അറിയുകയില്ല എന്നുള്ളതാണ് വാസ്‌തവം", ഐ വി ശശിയെ കുറിച്ച് രവി മേനോന്‍ പറഞ്ഞു.
"അതുപോലെതന്നെയാണ് 'അവളുടെ രാവുകൾ' എന്ന സിനിമയിലും സംഭവിക്കുന്നത്. 'ഉണ്ണി ആരാരിരോ', 'രാകേന്ദുകിരണങ്ങൾ' എന്നീ രണ്ടു പാട്ടുകൾ എ.ടി ഉമ്മറിനെ ഒരു മോഷ്‌ടാവാക്കി. എ ടി ഉമ്മറാണ് സംഗീത സംവിധായകനെങ്കിലും ഈ രണ്ടു ഗാനങ്ങൾ ജനിച്ചപ്പോഴും അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല.
പ്രശസ്‌തമായ രണ്ട് ഹിന്ദി ഗാനങ്ങളുടെ എക്‌സാക്‌ട് കോപ്പിയാണ് ഈ ഗാനം. ബോംബെയിൽ പോയി ഒറിജിനൽ ഹിന്ദി പാട്ടിന്‍റെ ട്രാക്ക് ഐ വി ശശി ഇവിടെ കൊണ്ടുവന്ന ഒരു മാറ്റവും കൂടാതെ വോയിസ് ട്രാക്ക് റിപ്ലൈസ് ചെയ്‌തതാണ്. പക്ഷേ പാട്ടു പുറത്ത് ഇറങ്ങിയപ്പോൾ കള്ളൻ എന്ന പേര് എ ടി ഉമ്മറിന്. ഇതൊക്കെ ഐവി ശശി തന്നെ പിൽക്കാലത്ത് തുറന്നു പറഞ്ഞിട്ടുള്ളതാണ്.
ഇതേപ്പറ്റി എ ടി ഉമ്മറിനോട് ഞാൻ ചോദിക്കുമ്പോഴൊക്കെ അദ്ദേഹം ചിരിക്കാറാണ് പതിവ്. എല്ലാവരും മോഷണ ഗാനങ്ങളെ കുറിച്ചാണ് ചോദിക്കുന്നത്. 'അന്തരിന്ദ്രിയ ജാലം' എന്നൊരു സോങ് ഒറിജിനലായി എ ടി ഉമ്മർ ആ ചിത്രത്തിൽ ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തോട് ആ ഗാനത്തെ പറ്റി പറ്റി ആരും ചോദിക്കാറില്ലെന്ന് പരിഭവവും പറയും", രവി മേനോൻ പറഞ്ഞു.
കെ ജെ ജോയ് എന്ന അതികായൻ
എന്‍റെ ഏറ്റവും വലിയ ദുഃഖങ്ങളിൽ ഒന്നാണ് സംവിധായകൻ കെ ജെ ജോയ് എന്ന് രവി മേനോൻ പറയുകയുണ്ടായി. "ജോയിയേട്ടൻ ഒരു രാജകുമാരനെ പോലെയാണ്. വിലകൂടിയ വസ്ത്രങ്ങളും പെർഫ്യൂമുകളും വാച്ചുകളും ഒക്കെയാണ് അദ്ദേഹം പലപ്പോഴും ഉപയോഗിക്കാറ്. ഏറ്റവും വിലകൂടിയ കാറുകളിലാവും അദ്ദേഹം സഞ്ചരിക്കുക. ബെൻസ് കാർ ഒക്കെ മലയാളം സിനിമാലോകം ആദ്യമായി കാണുന്നത് ജോയി ചേട്ടന്‍റെ കയ്യിൽ ആകും. ജോയി ചേട്ടൻ റെക്കോർഡിങ്ങിന് സ്റ്റുഡിയോയിലേക്ക് വരുന്നത് കണ്ടാൽ തന്നെ ഒരു രാജാവ് എഴുന്നള്ളുന്നത് പോലെയാണ്", രവി മേനോന്‍ ഓര്‍ത്തു.
"15 വർഷങ്ങൾക്കു മുമ്പ് ഞാൻ അദ്ദേഹത്തെ വീണ്ടും കാണാൻ പോയി. ആ കാഴ്‌ച നെഞ്ചുലയ്ക്കുന്നതായിരുന്നു. ഒരു കാലു മുറിച്ചു, ആകെ ശോഷിച്ചു, പക്ഷേ മുഖത്ത് ആ പഴയ എനർജി ഉണ്ട്. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ബിച്ചു തിരുമലയെ ഫോണിൽ വിളിച്ച് തരാൻ ആവശ്യപ്പെട്ടു. ഫോണിലൂടെ ബിച്ചു തിരുമലയുമായി അദ്ദേഹം സംസാരിച്ചത് ഇപ്രകാരമാണ്.
'ബിച്ചു എന്‍റെ കയ്യിൽ ഇപ്പോഴും നിറയെ ട്യൂണുകൾ ഉണ്ട്. നമുക്ക് പഴയതുപോലെ പാട്ടുകൾ ഒക്കെ ചെയ്യേണ്ട'. വളരെയധികം സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. ഇങ്ങനെയാണല്ലോ ഓരോ പാട്ടും ജനിക്കുന്നത്", രവി മേനോന്‍ പറഞ്ഞു.
"നടൻ ജയനുമായി കെ ജെ ജോയ്ക്ക് അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു. സിനിമയിൽ ജയൻ അവസരങ്ങൾ തേടി നടക്കുന്ന സമയത്ത് അതേ അവസ്ഥയിൽ തന്നെയായിരുന്നു കെ ജെ ജോയിയും. അപ്പോഴാണ് അവർ തമ്മിൽ പരിചയപ്പെടുന്നത്.
കെ ജെ ജോയ് അക്കാലത്ത് ജയനെ പല സംവിധായകർക്കും പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. അന്ന് ജയൻ കെ ജെ ജോയിയോട് പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു. ഞാൻ എന്നെങ്കിലും സൂപ്പർസ്റ്റാർ ആവുകയാണെങ്കിൽ എന്‍റെ പടത്തിലെ പാട്ടുകളൊക്കെ നിങ്ങൾ ചെയ്യണം. ചെയ്‌തില്ലേ! എത്രയെത്ര ഹിറ്റുകൾ. അതിലൊന്ന് 'കസ്‌തൂരിമാൻ മിഴി'. മലയാളത്തിലെ ഏറ്റവും അധികം ഓർക്കസ്ട്രേഷൻ. ഉപയോഗിച്ച ഗാനങ്ങളിൽ ഒന്നായിരുന്നു അത്", രവി മേനോൻ പറഞ്ഞു.
Also Read:മത്സരബുദ്ധി വേണ്ട; എല്ലാ കലോത്സവകാലത്തും നവ്യയും ഞാനും ചർച്ചാ വിഷയമാണ് - അമ്പിളി ദേവി