ആലപ്പുഴ: പുതുമുഖങ്ങള്‍ വമ്പന്‍മാരെ വീഴ്‌ത്തിയ പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകാരുടെ ആവേശമായ പുന്നപ്രയും വയലാറും കുടികൊള്ളുന്ന ആലപ്പുഴയെന്ന വിപ്ലവ മണ്ണ്. 1977ല്‍ വി എം സുധീരന്‍ എന്ന 29കാരനായ പൊടി മീശക്കാരന്‍ തൃശൂരില്‍ നിന്ന് ആലപ്പുഴയിലേക്ക് വണ്ടി കയറിയത് ഒരു വമ്പനെ വീഴ്ത്താനായിരിക്കുമെന്ന് ആരും കരുതിയില്ല. പക്ഷേ ഫലം വന്നപ്പോള്‍ സിപിഎമ്മിന്‍റെ കരുത്തനായ ഇ ബാലനന്ദനെ സുധീരന്‍ മലര്‍ത്തിയടിച്ചു.
തീര്‍ന്നില്ല, 1991ല്‍ ഹാട്രിക് തേടിയിറങ്ങിയ കോണ്‍ഗ്രസിന്‍റെ ഹെവി വെയിറ്റ് താരം വക്കം പുരുഷോത്തമന്‍ രാജീവ് ഗന്ധി വധം സൃഷ്‌ടിച്ച സഹതാപ തരംഗത്തിനിടയിലും അടര്‍ക്കളത്തില്‍ തളര്‍ന്നു വീണു. തോല്‍പ്പിച്ചത് തികച്ചും പുതുമുഖമായ ഒരു കൊലുന്നു പയ്യന്‍. മത്സ്യത്തൊഴിലാളി കുടുംബാംഗമായ ആലപ്പുഴയുടെ സ്വന്തം ടി ജെ ആഞ്ചലോസ്.
അട്ടിമറിക്കഥയുമായി ആലപ്പുഴ പിന്നെയും മുന്നോട്ടു നീങ്ങി. 2004ല്‍ തുടര്‍ച്ചയായി നാലാം ജയം തേടിയിറങ്ങിയ വി എം സുധീരന്‍ എന്ന തലപ്പൊക്കമുള്ള കോണ്‍ഗ്രസ് നേതാവിനെ തികച്ചും രാഷ്ട്രയത്തിലെ പുതുമുഖമായ ഡോ. മനോജ് കുരിശിങ്കല്‍ പരാജയപ്പെടുത്തി. ആലപ്പുഴയിലെ സുധീരന്‍റെ കുത്തക അവസാനിപ്പിക്കാന്‍ സിപിഎം വച്ച കെണിയായിരുന്നു ഡോ. മനോജ്. അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ മനോജ് സിപിഎം വിട്ട് കോണ്‍ഗ്രസ് സഹയാത്രികനായി.
കഴിഞ്ഞ തെരഞ്ഞെടുപ്പായിരുന്നു ആലപ്പുഴയുടെ അട്ടിമറിക്കഥയിലെ പ്രധാനി. കേരളത്തില്‍ വീശിയടിച്ച യുഡിഎഫിന്‍റെ സുനാമിയില്‍ എല്‍ഡിഎഫിനൊപ്പം പിടിച്ചു നിന്നത് ആലപ്പുഴ മാത്രമാണ്. അത്തരത്തില്‍ അട്ടിമറി ചരിത്രമുള്ള ആലപ്പുഴയില്‍ എല്‍ഡിഎഫിനു വേണ്ടി സിറ്റിംഗ് എംപി എ എം ആരിഫ് കളത്തിലിറങ്ങിക്കഴിഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതേയുള്ളൂ. യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കളത്തിലിറങ്ങുന്നതോടെ മത്സരച്ചൂട് കൊടുമുടി കയറുമെന്നുറപ്പ്. തെക്കേയറ്റമായ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുതല്‍ എറണാകുളത്തോട് ചേര്‍ന്നു കിടക്കുന്ന അരൂര്‍ വരെ നീളുന്നതാണ് ആലപ്പുഴ മണ്ഡലം.
ഒരു കാലത്ത് കയറും കായലും തമ്മില്‍ ഇഴപിരിക്കാനാകാത്ത ബന്ധമുള്ള മണ്ഡലമായരിന്നു ആലപ്പുഴയെങ്കില്‍ ഇന്ന് പരമ്പരാഗത വ്യവസായങ്ങള്‍ ആലപ്പുഴയില്‍ അത്ര സജീവമല്ലെന്ന് പറയാം. പാടശേഖരങ്ങളാല്‍ സമ്പന്നമായ കുട്ടനാടാകട്ടെ മാവേലിക്കര മണ്ഡലത്തിലും. എങ്കിലും കുട്ടനാടിന്‍റെ കണ്ണീരും കിനാവും ആലപ്പുഴയിലും തളം കെട്ടി നില്‍ക്കും.
ആലപ്പുഴയിലെ കായല്‍ ടൂറിസത്തിന്‍റെ പെരുമ കടല്‍കടന്നതോടെ നിരവധി സ്വദേശി വിദേശി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ഈ വിനോദ സഞ്ചാരികളാണ് ഇന്ന് ആലപ്പുഴയുടെ സമ്പദ് ഘടനയെ നിയന്ത്രിക്കുന്നത്. ജലയാനങ്ങളിലൂടെയും ആതിഥേയത്വത്തിലൂടെയും വാണിജ്യത്തിലൂടെയും വിനോദ സഞ്ചാര വ്യവസായം ആലപ്പുഴയില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു.
ഇതൊക്കെയാണെങ്കിലും ആലപ്പുഴക്കാര്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. ഈ രാഷ്ട്രീയ ഭൂമിക നിലനിര്‍ത്താന്‍ സിപിഎം എല്ലാ അടവുകളും പയറ്റുമ്പോള്‍ തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ട ആലപ്പുഴ പിടിച്ചെടുക്കാനായിരിക്കും യുഡിഎഫിന്‍റെ പരിശ്രമം. 2019ല്‍ ചരിത്രത്തിലാദ്യമായി രണ്ടു ലക്ഷത്തോളം വോട്ടിലേക്കെത്തിയ ബിജെപിക്കാകട്ടെ ഒരോട്ട് കുറഞ്ഞാല്‍ വോട്ടു കച്ചവടം എന്ന ആരോപണത്തിന് മറുപടി പറയേണ്ടിയും വരും.
വർഷം | വിജയി | പാർട്ടി |
1952 | ടി പി പുന്നൂസ് | കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വതന്ത്രൻ |
അമ്പലപ്പുഴ | ||
1957 | ടി പി പുന്നൂസ് | കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വതന്ത്രൻ |
1962 | പി കെ വാസുദേവന്‍ നായർ | സിപിഐ |
1967 | സുശീല ഗോപാലന്‍ | |
1971 | കെ ബാലകൃഷ്‌ണൻ | ആര്‍എസ്‌പി |
ആലപ്പുഴ | ||
1977 | വി എം സുധീരൻ | കോൺഗ്രസ് |
1980 | സുശീല ഗോപാലൻ | സിപിഐ |
1984 | വക്കം പുരുഷോത്തമൻ | കോൺഗ്രസ് |
1989 | ||
1991 | ടി ജെ ആഞ്ചലോസ് | സിപിഐ |
1996 | വി എം സുധീരൻ | കോൺഗ്രസ് |
1998 | ||
1999 | ||
2004 | ഡോ. കെ എസ് മനോജ് | സിപിഎം |
2009 | കെ സി വേണുഗോപാല്‍ | കോൺഗ്രസ് |
2014 | ||
2019 | എ എം ആരിഫ് | സിപിഎം |
ആദ്യ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ, 1957 മുതല്‍ 77 വരെ അമ്പലപ്പുഴ:1952ലെ ആദ്യ തെരഞ്ഞെടുപ്പില്‍ വിജയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ടി പി പുന്നൂസിനായിരുന്നു. രണ്ട് സ്വാതന്ത്ര്യ സമര സേനാനികള്‍ നേരിട്ട് ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. ടി പി പുന്നൂസിനെതിരെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സ്വാതന്ത്ര്യ സമര സേനാനിയായ എ പി ഉദയഭാനുവായിരുന്നു.
76,380 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഉദയഭാനുവിനെ തകര്‍ത്താണ് പുന്നൂസ് ഒന്നാം ലോക്‌സഭയില്‍ ആലപ്പുഴയുടെ പ്രതിനിധിയായത്. 1957 ആലപ്പുഴ മണ്ഡലം അമ്പലപ്പുഴയായപ്പോഴും പുന്നൂസ് വിജയം ആവര്‍ത്തിച്ചു. ഇത്തവണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ മുഹമ്മദ് ഷെരിഫ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.