കോഴിക്കോട്:കോഴിക്കോട് ജില്ലയില്‍ കടകളുടെയും, ഓഫീസുകളുടെയും ഷട്ടറിൻ്റെ പൂട്ട് പൊളിച്ച് മോഷണം നടത്തുന്നയാൾ പിടിയിൽ. കൂടരഞ്ഞി സ്വദേശി കൊന്നാം തൊടി ഹൗസിൽ കെ വി ബിനോയി (41) യെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ ടി പി ജേക്കബിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്.
കടയുടെ പൂട്ടുപൊളിച്ച് നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ലിങ്ക് റോഡ് കിളിപ്പറമ്പ് ക്ഷേത്രത്തിനടുത്ത് വെച്ചാണ് ബിനോയ് പിടിയിലാവുന്നത്. കോഴിക്കോട് മിഠായി തെരുവിലെ കെ 22 പി എം എന്ന കടയുടെ പൂട്ടു പൊളിച്ച് എഴുപതിനായിരം രൂപ മോഷണം നടത്തിയതും, കോട്ട പറമ്പ് മാക്കോത്ത് ലൈനിലുള്ള യൂസ്‌ഡ് ബൈക്ക് ഷോറൂമായ വി കെ അസോസിയേറ്റിൻ്റെ പൂട്ട് പൊളിച്ച് ബൈക്ക് മോഷണം നടത്തിയതും ഇയാളാണ്.
മോഷണം നടത്തിയതിന് ശേഷം ബിനോയ് കാസർകോട് ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു. പുതിയ മോഷണം നടത്താൻ പദ്ധതിയിട്ട് വീണ്ടും കോഴിക്കോട് വന്നപ്പോഴാണ് പ്രതി പിടിയിലാവുന്നത്. കേരളത്തിലെ വിവിധ സ്‌റ്റേഷനുകളിൽ നൂറോളം കേസുകളിൽ പ്രതിയായ ആളാണ് ബിനോയ്.
നാല് മാസം മുമ്പ് കണ്ണൂർ ജയിലിൽ നിന്ന് ഇറങ്ങിയ ഇയാൾ കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളുടെ പല ഭാഗങ്ങളിലുള്ള കടകളിലും, ക്ഷേത്രങ്ങളിലും, ബിവറേജിലും മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ടൗൺ എസ്ഐ മുഹമ്മദ് സിയാദ്, ഡാൻസാഫ് എസ്ഐ മനോജ് എടയേടത്ത്, എഎസ്ഐ കെ അബ്‌ദു റഹ്മാൻ, അനീഷ് മുസ്സേൻവീട്, കെ അഖിലേഷ്, സുനോജ് കാരയിൽ, ടൗൺ സ്‌റ്റേഷനിലെ എസ്ഐ സുലൈമാൻ ബി, വിജീഷ്, രഞ്ജിത്ത്, ജയകൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
കൊറിയർ ജീവനക്കാരെന്ന വ്യാജേന മോഷണ ശ്രമം:അമ്മയേയും മകളെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ മോഷ്‌ടാക്കളിൽ ഒരാൾ ഒളിവിൽ. ഹൈദരാബാദിലെ ബേഗംപേട്ട് റസൂൽപുര ജെയിൻ കോളനിയിൽ ഇന്നലെയാണ് മോഷണ ശ്രമം ഉണ്ടായത്. റസൂൽപുരയിലെ പൈഗ ഹൗസിങ് കോളനിയിലെ നവരതൻ ജെയിനിന്‍റെ വീട്ടിലാണ് സംഭവം. കൊറിയർ സർവീസ് ജീവനക്കാരാണെന്ന് പറഞ്ഞു വീട്ടിലെത്തിയ പ്രേംചന്ദ്, സുശീൽകുമാർ എന്നിവരാണ് മോഷണ ശ്രമം നടത്തിയത്.
ജെയിനിന്‍റെ ഭാര്യ അമിത മെഹോതും മകളും ജോലിക്കാരിയും മാത്രമായിരുന്നു സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. കൊറിയറുമായി എത്തിയ ഇരുവരോടും വീടിനു പുറത്ത് നില്ക്കാൻ അമിത പറഞ്ഞെങ്കിലും ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്‌ടാക്കൾ വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് തോക്കു ചൂണ്ടുകയും അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ജോലിക്കാരിയുടെ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. വീട്ടിലെ വിലപിടിപ്പുള്ള വസ്‌തുക്കൾ ആവശ്യപ്പെട്ട മോഷ്‌ടാക്കളെ അമിതയും മകളും ചേർന്ന് പ്രതിരോധിക്കുകയായിരുന്നു.
പ്രതികളുടെ ആക്രമണത്തിനിടെ വീട്ടിൽ നിന്നുമുള്ള നിലവിളിശബ്‌ദം കേട്ട് നാട്ടുകാർ എത്തിയതോടെ പ്രതികളിലൊരാൾ ഓടി രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാർ ചേർന്ന് പൊലീസിൽ എത്തിപ്പിച്ചു. സുശീലിനെയാണ് പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്.
ALSO READ : ബേക്കറിയില്‍ നിന്ന് ജ്യൂസും കശുവണ്ടിപ്പരിപ്പും ഫ്ലവർമാർട്ടില്‍ നിന്ന് ചില്ലറത്തുട്ടുകൾ, നെടുമങ്ങാട്ടെ മോഷ്‌ടാവിനെ തേടി പൊലീസ്
അമിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബീഗംപേട്ട് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. നേരത്തെ ആസൂത്രണം ചെയ്‌തത് പ്രകാരമാണ് പ്രതികൾ മോഷണ ശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷം മുൻപ് അമിതയുടെ വീട്ടിൽ ജോലി ചെയ്‌തിരുന്ന പ്രതികൾ വീട്ടിലെ വിലപിടിപ്പുള്ള വസ്‌തുക്കൾ എവിടെയാണെന്ന് മനസിലാക്കിയ ശേഷം ജോലി ഉപേക്ഷക്കുകയായിരുന്നു. തുടർന്നാണ് ഇന്നലെ മോഷണം ശ്രമം നടത്തിയത്.