തൃശൂരിലെ ആമയൂട്ട് (ETV Bharat) തൃശൂർ:പൂരങ്ങളുടെ നാടായ തൃശൂരില്‍ ഏറെ പ്രസിദ്ധമാണ് ആനയൂട്ട്. കാലവര്‍ഷം കനക്കുന്ന കര്‍ക്കടകത്തിലാണ് ആനയൂട്ട് നടക്കാറുള്ളത്. വളരെ പ്രസിദ്ധമായത് കൊണ്ട് പലര്‍ക്കും ഈ ആനയൂട്ടിനെ കുറിച്ച് ബോധ്യമുണ്ട്. എന്നാല്‍ തൃശൂരിലെ ആമയൂട്ടിനെ കുറിച്ച് എത്ര പേര്‍ക്കറിയും. വളരെ ചുരുക്കം പേര്‍ക്ക് മാത്രം.
തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിന് സമീപമുള്ള ജവാന്‍സ് ഹോട്ടലിലാണ് ആമയൂട്ട് നടക്കുന്നത്. താണിക്കുടം സ്വദേശി സന്തോഷാണ് ഇവിടെ ആമയൂട്ട് നടത്തുന്നത്. കഴിഞ്ഞ എട്ട് മാസമായി സന്തോഷ് ഈ ആമയൂട്ട് തുടങ്ങിയിട്ട്. ആമകള്‍ എത്തുന്നതാകട്ടെ പാറമേക്കാവ് ദേവീക്ഷേത്രത്തിലെ കുളത്തിൽ നിന്ന്. വൈകിട്ട് ഏഴ് മണിയോടെയാണ് സന്തോഷിനെ തേടി ഇവരെത്തുക.
അതിഥി ദേവോ ഭവഃ എന്നാണല്ലോ. അതുകൊണ്ട് തന്നെ ഹോട്ടലിലെത്തുന്ന ഇവര്‍ക്ക് വയര്‍ നിറയെ സന്തോഷ് ഭക്ഷണം നല്‍കും. കഴിക്കുന്നതാകട്ടെ ഇഡ്‌ലി, വട, ഉപ്പുമാവ്, പഴംപൊരി എന്നിവയും. അരണ്ട വെളിച്ചത്തില്‍ വാഴയിലാണ് സന്തോഷ് ഇവര്‍ക്ക് ഭക്ഷണം നല്‍കുക. ചിലപ്പോഴോക്കെ വായയില്‍ വച്ച് നല്‍കുകയും ചെയ്യും.
വൈകിട്ട് ഹോട്ടലിലെത്തുന്ന പലരും ഈ ആമയൂട്ടിന് സാക്ഷികളാകാറുണ്ട്. ആദ്യമെല്ലാം ആളുകളെ കാണുന്നത് ആമകള്‍ക്ക് ഭയമായിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം മാറി. ആനയൂട്ടിന് പേരുകേട്ട തൃശൂരിന് ഇനി ആമയൂട്ടിന്‍റെ പേരിലും അഭിമാനിക്കാം.
Also Read:അടയാഭരണങ്ങൾ ഇല്ലാതെ കരിവീര ചന്തം തീർത്ത് വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട്; കനത്ത മഴയെ അവഗണിച്ച് എത്തിയത് ആയിരങ്ങൾ