അഗർ മാൾവ: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ പാർലമെന്‍റിൽ പാസാകുന്ന കാര്യം സംശയമാണെന്ന് കോൺഗ്രസ് രാജ്യ സഭാംഗം ദിഗ്‌വിജയ സിങ്. മധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്‌ചയാണ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' സംബന്ധിച്ച രണ്ട് ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
ബില്ല് പാര്‍ലമെന്‍റിന് മുന്നില്‍ വച്ചതിന് പിന്നാലെ ചൂടന്‍ ചര്‍ച്ചകളാണ് നടന്നത്. പ്രതിപക്ഷം ബില്ലിനെ ശക്തമായി എതിര്‍ത്തു. രണ്ട് ബില്ലുകളും ചർച്ചക്കായി പാർലമെന്‍റിന്‍റെ സംയുക്ത സമിതിക്ക് (ജെപിസി) വിട്ടിരിക്കുകയാണ്. ഇത് പാസാകാന്‍ സാധ്യതയില്ലെന്ന് ദിഗ്‌വിജയ സിങ് അഭിപ്രായപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രാഹുല്‍ ഗാന്ധി ബിജെപി എംപിമാരെ കയ്യേറ്റം ചെയ്‌തു എന്ന ആരോപണവും ദിഗ്‌വിജയ സിങ് നിഷേധിച്ചു. പാര്‍ലമെന്‍റിന് പുറത്തെ പ്രതിഷേധത്തിനിടെ ബിജെപി എംപിമാരായ പ്രതാപ് ചന്ദ്ര സാരംഗി, മുകേഷ് രാജ്‌പുത് എന്നിവരെ രാഹുല്‍ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.
ആരോപണം പൂർണമായും തെറ്റാണെന്ന് ദിഗ്‌വിജയ സിങ് പറഞ്ഞു. 'ബിജെപി നേതാക്കൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഒരു ബിജെപി എംപി മറ്റൊരാളുടെ മേൽ വീണു. രണ്ട് പേർക്കും പരിക്കേറ്റു. വീണയാൾ പറഞ്ഞു രാഹുൽ ഗാന്ധി തന്‍റെ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു എന്ന്. മുന്നിൽ നിന്നു എന്നത് കൊണ്ട് മാത്രം തള്ളി എന്ന് പറയാന്‍ കഴിയുമോ?' എന്നും ദിഗ്‌വിജയ സിങ് ചോദിച്ചു.
ആര്‍എസ്എസ് തലവൻ മോഹൻ ഭഗവതിന്‍റെ പരാമര്‍ശങ്ങള്‍ക്കും ദിഗ്‌വിജയ സിങ് മറുപടി നല്‍കി. ഹിന്ദു - മുസ്‌ലിം പ്രശ്‌നങ്ങൾ പറഞ്ഞ് നേതാക്കളാകാൻ ആഗ്രഹിക്കുന്ന ആളുകളെ കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, അവരുടെ മുന്നിലുള്ള ഏറ്റവും വലിയ തെളിവ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണെന്ന് ദിഗ്‌വിജയ സിങ് ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് അദ്ദേഹം മോദിയെ അത് പറഞ്ഞു മനസിലാക്കാത്തത് എന്നും ദിഗ്‌വിജയ സിങ് ചോദിച്ചു.
ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ക്ഷേത്ര - പള്ളി തർക്കങ്ങളില്‍ ആശങ്കയുണ്ടെന്ന് ആര്‍എസ്എസ് നേതാവ് അടുത്തിടെ പ്രസംഗിച്ചിരുന്നു. അയോധ്യ രാമക്ഷേത്ര നിർമാണത്തിന് ശേഷം ചില വ്യക്തികൾ അത്തരം പ്രശ്‌നങ്ങൾ ഉയർത്തി ഹിന്ദുക്കളുടെ നേതാക്കളാകാൻ ശ്രമിക്കുന്നു എന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.
വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്‌ദളും അവരുടെ സംഘടനകളാണ് എന്നും (സംഘവുമായി ബന്ധപ്പെട്ടിരിക്കുന്നു) എന്തുകൊണ്ടാണ് മോഹന്‍ ഭാഗവത് അവരെ തടയാത്തത് എന്നും ദിഗ്‌വിജയ സിങ് ചോദിച്ചു. മോഹന്‍ ഭാഗവത് പ്രസ്‌താവനകൾ മാത്രമാണ് നടത്തുന്നതെന്നും മുസ്ലീങ്ങൾക്കെതിരെ അതിക്രമങ്ങൾ നടക്കുമ്പോൾ മൗനം പാലിക്കുകയാണെന്നും ദിഗ്‌വിജയ സിങ് ചൂണ്ടിക്കാട്ടി.
Also Read: ജാതി സെൻസസ് പരാമർശം; രാഹുല്‍ ഗാന്ധിക്ക് സമൻസ് അയച്ച് കോടതി