കോഴിക്കോട്: വെള്ളിപറമ്പിൽ തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്. കിയ്യലിൽ പുഷ്‌പലത (59), മേലെ കിയ്യലിൽ ജാനകി (71), താഴാടക്കണ്ടി അജിത (52), പുനത്തിൽ സക്കീന (43), നന്ദലാൽ സിംഗ് (28) എന്നിവർക്കാണ് കടിയേറ്റത്. പെരുവയൽ പഞ്ചായത്ത് വെള്ളിപ്പറമ്പ് ചിന്നൻ നായർ റോഡിലെ സമീപവാസികൾക്കാണ് കടിയേറ്റത്.
ഇന്ന് (ഡിസംബർ 22) ഉച്ചയ്‌ക്ക് 12:30ന് ആണ് സംഭവം. സ്ത്രീകൾ വീടിന് പുറത്ത് നിൽക്കുമ്പോഴാണ് തെരുവ് നായ ആക്രമണം നടത്തുന്നത്. പരിക്കേറ്റവരിൽ അതിഥിത്തൊഴിലാളിയുമുണ്ട്. വീട് നിർമാണ ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് തൊഴിലാളിക്ക് കടിയേൽക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആക്രമണം ഉണ്ടായ ഉടൻ തന്നെ പ്രദേശവാസികൾ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കൈയ്ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. ചിലർക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം ഇവരെ വിട്ടയച്ചു. അക്രമകാരിയായ നായയെ നാട്ടുകാർ പിടികൂടി.
ദിവസങ്ങൾക്ക് മുൻപ് ഇതേഭാഗത്ത് സ്‌കൂൾ വിദ്യാർഥിനിക്കും തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അന്നും നായയെ പിടികൂടുന്നതിന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും പിടികൂടാൻ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. അതിനിടയിലാണ് ഇന്ന് വീണ്ടും ഇതേ തെരുവുനായ നാട്ടുകാർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്.
Also Read: നാട്ടിന്‍പുറങ്ങളിലേക്ക് കൂട്ടമായെത്തി; വാഹനാപകടങ്ങളില്‍ പൊലിയുന്ന മയിലുകള്‍, നോവാകുന്നു ദേശീയ പക്ഷി